റാങ്ക് ജേതാക്കള്‍ക്ക് പി.ജി മെറിറ്റ് സ്കോളര്‍ഷിപ്

സര്‍വകലാശാല തലത്തില്‍ നിശ്ചിതവിഷയങ്ങളില്‍ ഡിഗ്രിക്ക് ആദ്യ രണ്ട് റാങ്ക് വാങ്ങിയവര്‍ക്ക്, യൂനിവേഴ്സിറ്റി ഗ്രാന്‍റ്സ് കമീഷന്‍, പോസ്റ്റ് ഗ്രാജ്വേറ്റ് മെറിറ്റ് സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നു. ലൈഫ് സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ്, എര്‍ത്ത് സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, സോഷ്യല്‍ സയന്‍സസ്, കോമേഴ്സ്, ലാംഗ്വേജ് എന്നീ ബ്രാഞ്ചുകളിലൊന്നിലെ ബിരുദം അപേക്ഷാര്‍ഥി എടുത്തിരിക്കണം.

കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ഒന്നാം റാങ്കോ രണ്ടാം റാങ്കോ നേടിയിരിക്കണം. ബിരുദതല പരീക്ഷയില്‍ സര്‍വകലാശാലതലത്തില്‍ 100 പേരെങ്കിലും പ്രസ്തുത വിഷയത്തിലെ പരീക്ഷ അഭിമുഖീകരിച്ചിരിക്കണം. കല്‍പിത/സ്വകാര്യ സര്‍വകലാശാലകളോ, സ്വയംഭരണസ്ഥാപനമോ, നോണ്‍-അഫിലിയേറ്റഡ് കോളജുകളോ ആണെങ്കില്‍ കുറഞ്ഞത് 25 പേരെങ്കിലും ബിരുദതല പരീക്ഷ, പ്രസ്തുത വിഷയത്തില്‍ അഭിമുഖീകരിച്ചിരിക്കണം. അപേക്ഷാര്‍ഥി ബിരുദാനന്തര ബിരുദ പ്രോഗ്രാമിന്‍െറ ആദ്യവര്‍ഷത്തില്‍ പഠിക്കുന്നയാളായിരിക്കണം. ഒരു റെഗുലര്‍, മുഴുവന്‍ സമയ മാസ്റ്റേഴ്സ് പ്രോഗ്രാമിലായിരിക്കണം പ്രവേശം. പ്രവേശസമയത്ത് 30 വയസ്സ് കവിയാന്‍ പാടില്ല.
വിദൂരപഠനവും പ്രഫഷനല്‍ കോഴ്സുകളും ഈ സ്കോളര്‍ഷിപ്പിന്‍െറ പരിധിയില്‍ വരില്ല. മൊത്തത്തില്‍ 3000 സ്കോളര്‍ഷിപ്പുകളാണ് നല്‍കുക.
രണ്ട് വര്‍ഷത്തേക്കാണ് ഇത് നല്‍കുക. അപേക്ഷാര്‍ഥി ബിരുദാനന്തര ബിരുദ പഠനം നടത്തുന്നത് സെക്ഷന്‍ 2(എഫ്), 12 (ബി) വ്യവസ്ഥകളനുസരിച്ച് അംഗീകാരമുള്ള സ്ഥാപനത്തിലായിരിക്കണം. പദ്ധതിപ്രകാരം മാസം 2000 രൂപ സ്കോളര്‍ഷിപ്പായി ലഭിക്കും. ഒരുവര്‍ഷം 10 മാസത്തേക്കായിരിക്കും സ്കോളര്‍ഷിപ്.
ഈ സ്കോളര്‍ഷിപ് ലഭിക്കുന്നവര്‍ക്ക് മറ്റ് സ്കോളര്‍ഷിപ് ഏതെങ്കിലും സ്വീകരിക്കാന്‍ തടസ്സമില്ല. രണ്ടാംവര്‍ഷത്തില്‍ സ്കോളര്‍ഷിപ് തുടര്‍ന്ന് ലഭിക്കാന്‍ ആദ്യവര്‍ഷ പരീക്ഷയില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. കോഴ്സ് പൂര്‍ത്തിയാക്കാതെ ഇടക്ക് വിട്ടുപോകുന്നപക്ഷം യു.ജി.സിയുടെ അനുമതി വാങ്ങേണ്ടതുണ്ട്. അങ്ങനെ ചെയ്യാത്തപക്ഷം സ്കോളര്‍ഷിപ് തിരികെ നല്‍കേണ്ടിവരും.

അപേക്ഷ ഓണ്‍ലൈനായി www.ugc.ac.in/urh ലിങ്കില്‍ സെപ്റ്റംബര്‍ 30 വരെ നല്‍കാം. ആദ്യഘട്ടത്തില്‍ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കണം. തുടര്‍ന്ന് അപേക്ഷാര്‍ഥിക്ക് രജിസ്ട്രേഷന്‍ ഐ.ഡി ലഭിക്കും.

 രണ്ടാംഘട്ടത്തില്‍ യോഗ്യത സംബന്ധിക്കുന്ന വിവരങ്ങളും അപേക്ഷാര്‍ഥിയുടെ ഡിക്ളറേഷനും നല്‍കണം. അപേക്ഷ സമര്‍പ്പണത്തിന്‍െറ ഭാഗമായി ചില രേഖകള്‍ അപ്ലോഡ് ചെയ്യേണ്ടതുണ്ട്. സര്‍വകലാശാലയുടെ പ്രൊവിഷനല്‍ റാങ്ക് സര്‍ട്ടിഫിക്കറ്റ്, ബിരുദതല പ്രോഗ്രാമിന്‍െറ മാര്‍ക്ക് ഷീറ്റ്, ബിരുദാനന്തബിരുദ പഠനത്തിനും ചേര്‍ന്ന സ്ഥാപനം നല്‍കിയ ജോയിനിങ് റിപ്പോര്‍ട്ട് എന്നിവയുടെ സ്കാന്‍ ചെയ്ത് രൂപപ്പെടുത്തിയ ഫയലുകള്‍ അപ്ലോഡ് ചെയ്യണം. കൂടാതെ, അപേക്ഷാര്‍ഥിയുടെ ഒപ്പും സമീപകാലത്തെടുത്ത കളര്‍ ഫോട്ടോയും സ്കാന്‍ ചെയ്തെടുത്ത ഫയലുകളും അപ്ലോഡ് ചെയ്യാതെ അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയാക്കാനാവില്ല.

പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റും ജോയിനിങ് റിപ്പോര്‍ട്ടും വാങ്ങേണ്ട ഫോറങ്ങളുടെ മാതൃക ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ www.ugc.ac.in/urh ലിങ്കില്‍ ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.