മെഡിക്കൽ, എൻജിനീയറിങ് എൻട്രൻസുകൾക്ക് പിന്നാലെ പായുന്ന വലിയൊരു കൂട്ടം വിദ്യാർഥികൾക്കിടയിൽ, ശാസ്ത്രത്തെ സ്നേഹിച്ച്, ഗവേഷണത്തിന്റെ വഴിയേ സഞ്ചരിക്കാൻ ആഗ്രഹിക്കുന്നവർക്കായി കേന്ദ്ര സർക്കാർ ഒരുക്കുന്ന ഒരു ‘നെക്സ്റ്റ് ലെവൽ’ പരീക്ഷയാണ് നെസ്റ്റ് (നാഷനൽ എൻട്രൻസ്‍ സ്ക്രീനിങ് ടെസ്റ്റ്).ഇതൊരു സാധാരണ പരീക്ഷയല്ല. പ്ലസ് ടു കഴിഞ്ഞാൽ നേരിട്ട് കേന്ദ്ര സർക്കാറിന്റെ ആണവോർജ വകുപ്പിന് കീഴിലുള്ള പ്രീമിയം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിക്കാനും, പഠനത്തോടൊപ്പം പ്രതിവർഷം 60,000 രൂപ സ്കോളർഷിപ് നേടാനും, പഠിച്ചിറങ്ങിയാൽ ‘ബാർക്കി’ൽ ശാസ്ത്രജ്ഞൻ ആകാനുമുള്ള അവസരമാണിത്.
ആണവോർജ വകുപ്പിന് കീഴിലുള്ള, ശാസ്ത്ര പഠനത്തിനും ഗവേഷണത്തിനും പേരുകേട്ട, ഭുവനേശ്വറിലെ നൈസർ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച്), മുംബൈ സർവകലാശാലയിലെ ഡിപ്പാർട്മെന്റ് ഓഫ് ആറ്റോമിക് എനർജി സെന്റർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസസ് (സി.ഇ.ബി.എസ് മുംബൈ) എന്നിവിടങ്ങളിലെ അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് എം.എസ്‍സി പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനായാണ് ‘നെക്സ്റ്റ്’ നടത്തുന്നത്.
ഈ കോഴ്സിന് ചേരുന്നതിലൂടെ വെറുമൊരു ബിരുദം നേടുക എന്നതിലുപരി, നിങ്ങളുടെ ജീവിതം സുരക്ഷിതമാക്കാനുള്ള വഴികൾ ഇവിടെയുണ്ട്.
1. പ്രതിമാസ സ്കോളർഷിപ്: ഇവിടെ പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾക്ക് കേന്ദ്ര സർക്കാറിന്റെ ആണവോർജ വകുപ്പ് നടപ്പാക്കുന്ന ‘ദിശ’ പദ്ധതി വഴി വർഷംതോറും 60,000 രൂപ സ്കോളർഷിപ്പായി ലഭിക്കും.
2. സമ്മർ ഇന്റേൺഷിപ് ഗ്രാന്റ്: വേനലവധിക്കാലത്ത് പ്രശസ്തമായ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ് ചെയ്യുന്നതിനായി പ്രതിവർഷം 20,000 രൂപ അധികമായി ലഭിക്കും.
3.ശാസ്ത്രജ്ഞനാകാൻ നേരിട്ട് അവസരം: കോഴ്സ് പൂർത്തിയാക്കുമ്പോൾ നിശ്ചിത നിലവാരത്തിന് മുകളിൽ ഗ്രേഡ് നേടുന്ന വിദ്യാർഥികൾക്ക് ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിലെ (ബാർക്) ട്രെയിനി സയന്റിഫിക് ഓഫിസർ തസ്തികയിലേക്ക് നേരിട്ട് ഇന്റർവ്യൂവിന് പങ്കെടുക്കാം. സാധാരണഗതിയിൽ വലിയ കടമ്പകൾ കടന്നുവരേണ്ട ഈ തസ്തികയിലേക്ക്, എഴുത്തുപരീക്ഷയില്ലാതെ ഇന്റർവ്യൂ വഴി പ്രവേശിക്കാൻ ഈ കോഴ്സ് സഹായിക്കും.
4.ഉന്നത പഠനം: ഇവിടെനിന്ന് പഠിച്ചിറങ്ങുന്ന ഭൂരിഭാഗം പേരും ഇന്ത്യയിലെയോ വിദേശത്തെയോ പ്രശസ്തമായ സർവകലാശാലകളിൽ പിഎച്ച്.ഡി ഗവേഷണത്തിനായി പോകുന്നു.
സീറ്റുകൾ: 2026-31 അധ്യയന വർഷം നൈസറിൽ 200 സീറ്റുകളും സി.ഇ.ബി.എസ് മുംബൈയിൽ 57 സീറ്റുകളുമാണുള്ളത്. എസ്.സി, എസ്.ടി, ഒ.ബി.സി-എൻ.സി.എൽ, ഭിന്നശേഷി സംവരണമുണ്ട്.
2024ലോ 2025ലോ പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. 2026ൽ പ്ലസ് ടു പരീക്ഷ എഴുതാൻ പോകുന്നവർക്കും അപേക്ഷിക്കാം.
11, 12 ക്ലാസുകളിൽ സയൻസ് ഗ്രൂപ് എടുത്തവരായിരിക്കണം. ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ നാല് വിഷയങ്ങളിൽ ഏതെങ്കിലും മൂന്ന് വിഷയങ്ങളെങ്കിലും പഠിച്ചിരിക്കണം. പ്ലസ് ടു പരീക്ഷയിൽ മൊത്തം 60 ശതമാനം മാർക്ക് വേണം. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ എന്നിവർക്ക് 55 ശതമാനം മാർക്ക് മതിയാകും. പ്രായപരിധിയില്ല.
2026 ജൂൺ 06, ശനിയാഴ്ച രണ്ടു മുതൽ അഞ്ചു മണി വരെയാണ് പരീക്ഷ. കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷയായിരിക്കും. ഇന്ത്യയിലുടനീളം 140ഓളം കേന്ദ്രങ്ങളുണ്ട്. കേരളത്തിൽ എല്ലാ ജില്ലകളിലുമുണ്ട്. നിങ്ങൾക്ക് ഇഷ്ടമുള്ള മൂന്ന് കേന്ദ്രങ്ങൾ മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കാം.
നെസ്റ്റ് പരീക്ഷയുടെ പ്രത്യേകത അതിന്റെ സ്കോറിങ് രീതിയാണ്. ഇത് കൃത്യമായി മനസ്സിലാക്കിയാൽ പരീക്ഷ എളുപ്പത്തിൽ ജയിക്കാം.
1. ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിങ്ങനെ നാലു വിഷയങ്ങളിൽനിന്നായി ചോദ്യങ്ങളുണ്ടാകും.
2. ഓരോ വിഷയത്തിലും 20 ഒബ്ജക്റ്റിവ് ചോദ്യങ്ങൾ വീതം. ഓരോന്നിനും 4 ഓപ്ഷനുകൾ.
3. ശരിയുത്തരത്തിന്: +3 മാർക്ക്. തെറ്റുത്തരത്തിന് ഒരു നെഗറ്റിവ് മാർക്ക്.
ബെസ്റ്റ് ത്രീ സ്കോറിങ് സിസ്റ്റം: നിങ്ങൾ നാലു വിഷയങ്ങളും പരീക്ഷക്ക് എഴുതാം (അതാണ് ഉചിതവും). എന്നാൽ, റാങ്ക് ലിസ്റ്റ് തയാറാക്കുമ്പോൾ, ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച മികച്ച മൂന്നു വിഷയങ്ങളുടെ മാർക്ക് മാത്രമേ പരിഗണിക്കുകയുള്ളൂ.
1. സെക്ഷൻ-വൈസ് കട്ട് ഓഫ്: ഓരോ വിഷയത്തിനും നിശ്ചിത ശതമാനം മാർക്ക് നിർബന്ധമായും നേടിയിരിക്കണം. ജനറൽ വിഭാഗത്തിന് ഇത് ആ വിഷയത്തിലെ ടോപ് 100 കുട്ടികളുടെ ശരാശരി മാർക്കിന്റെ 20 ശതമാനമാണ്. ഒ.ബി.സി വിഭാഗത്തിന് ജനറൽ കട്ട് ഓഫിന്റെ 90 ശതമാനവും പട്ടികവിഭാഗക്കാർക്ക് 50 ശതമാനവും മതി. കുറഞ്ഞത് മൂന്ന് വിഷയങ്ങളിലെങ്കിലും നിങ്ങൾ ഈ കട്ട് ഓഫ് പാസായിരിക്കണം.
2. മൊത്തം പെർസെന്റൈൽ കട്ട് ഓഫ്: മൊത്തം സ്കോറിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കുന്ന ഒരു മിനിമം പെർസെന്റൈലിന് മുകളിൽ ഉള്ളവരെ മാത്രമേ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തൂ.
11, 12 ക്ലാസുകളിലെ എൻ.സി.ഇ.ആർ.ടി/സി.ബി.എസ്.ഇ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് സിലബസ് തയാറാക്കിയിരിക്കുന്നത്. സിലബസ് മുഴുവനായി വെബ്സൈറ്റിൽ ലഭ്യമാണ്. 10ാം ക്ലാസ് വരെയുള്ള ശാസ്ത്ര അറിവുകളും ചില ചോദ്യങ്ങൾക്ക് ആവശ്യമായി വന്നേക്കാം.
അപേക്ഷിക്കേണ്ട വിധം:
അപേക്ഷ സമർപ്പിക്കുന്നത് പൂർണമായും ഓൺലൈനായിട്ടാണ്. താഴെ പറയുന്ന ഘട്ടങ്ങളിലൂടെ അപേക്ഷിക്കാം:
● www.nestexam.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
● പേര്, ഇ-മെയിൽ ഐ.ഡി, മൊബൈൽ നമ്പർ എന്നിവ നൽകി രജിസ്റ്റർ ചെയ്യുക. ലോഗിൻ വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കും.
● ലോഗിൻ ചെയ്ത ശേഷം വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യതകൾ എന്നിവ കൃത്യമായി പൂരിപ്പിക്കുക.
● പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കുക.
● പാസ്പോർട്ട് സൈസ് ഫോട്ടോയും ഒപ്പും സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യണം.
● ഓൺലൈൻ വഴി ഫീസ് അടക്കാം. ആൺകുട്ടികൾ 1400 രൂപയും പെൺകുട്ടികൾ 700 രൂപയും. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാർക്കും 700 മതി.
● അപേക്ഷ സമർപ്പിച്ച ശേഷം അതിന്റെ സമ്മറി പേജ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക. ഇത് എവിടേക്കും അയച്ചുകൊടുക്കേണ്ടതില്ല.
● ഏപ്രിൽ 06 രാത്രി 11.30 വരെ അപേക്ഷിക്കാം. ഏപ്രിൽ 12 വരെ ഫീസടക്കാം.
● പരീക്ഷാ തീയതി: 2026 ജൂൺ 06.
● ഫലം ജൂൺ 25ന് പ്രതീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.