ഭിന്നശേഷി വിദ്യാർഥികൾക്ക് കേന്ദ്ര സ്കോളർഷിപ്പ്; അപേക്ഷ ഒക്ടോബർ 31 വരെ

ന്യൂഡൽഹി: ഭിന്നശേഷി വിദ്യാർഥികൾക്കായി കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന് കീഴിലെ ഭിന്നശേഷി ശാക്തീകരണ വകുപ്പ് നടപ്പാക്കുന്ന മൂന്ന് സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം. 2024 സെപ്റ്റംബറിൽ പുതുക്കിയ മാർഗരേഖ പ്രകാരമാണ് സ്കോളർഷിപ്പ് നൽകുന്നത്. നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി ഒക്ടോബർ 31 വരെയാണ് അപേക്ഷിക്കേണ്ടത്.

പ്രീ-മെട്രിക്, പോസ്റ്റ്-മെട്രിക്, ടോപ് ക്ലാസ് എജ്യുക്കേഷൻ എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് സ്കോളർഷിപ്പ്.

പ്രീ-മെട്രിക് സ്കോളർഷിപ്പ്

സർക്കാർ അംഗീകൃത സ്കൂളുകളിലെ ഒൻപതാം ക്ലാസ്, പത്താം ക്ലാസ് വിദ്യാർഥികൾക്കാണ് ഈ സ്കോളർഷിപ്പ്. ഹോസ്റ്റലിൽ താമസിക്കുന്നവർക്ക് പ്രതിമാസം 800 രൂപയും ദിവസേന പോയി വരുന്നവർക്ക് 500 രൂപയും ലഭിക്കും. ഇതിന് പുറമെ വർഷം 1,000 രൂപ പുസ്തക അലവൻസും നൽകും. കാഴ്ച പരിമിതിയോ ബൗദ്ധിക വെല്ലുവിളിയോ ഉള്ളവർക്ക് വർഷം 4,000 രൂപ ഭിന്നശേഷി അലവൻസും മറ്റുള്ളവർക്ക് 2,000 രൂപയും ലഭിക്കും. രക്ഷിതാക്കളുടെ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കവിയരുത്.

പോസ്റ്റ്-മെട്രിക് സ്കോളർഷിപ്പ്

ഹയർ സെക്കൻഡറി, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾ, ബിരുദം, യുജിസി, എഐസിടിഇ അംഗീകൃത സർവകലാശാലകളിലെ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. ട്യൂഷൻ ഫീസായി വർഷം 1.40 ലക്ഷം രൂപ വരെയും മറ്റ് നിർബന്ധിത ഫീസായി 10,000 രൂപ വരെയും ലഭിക്കും. ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് പ്രതിമാസം 1,200 രൂപയും ഡേ സ്കോളർക്ക് 650 രൂപയും ഭിന്നശേഷി അലവൻസും 1,500 രൂപ പുസ്തക അലവൻസും നൽകും. വരുമാനപരിധി 2.5 ലക്ഷം രൂപയാണ്. വിദൂരപഠനം പരിഗണിക്കും. എന്നാൽ ഒരേ തലത്തിൽ മറ്റൊരു വിഷയം പഠിക്കുന്നവർക്ക് (ബിഎക്ക് ശേഷം ബികോം പോലെ) സ്കോളർഷിപ്പ് ലഭിക്കില്ല. എൽഎൽബി, ബിഎഡ് കോഴ്സുകൾക്ക് ഇളവുണ്ട്.

ടോപ് ക്ലാസ് എജ്യുക്കേഷൻ സ്കോളർഷിപ്പ്

കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തിട്ടുള്ള മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദ, ബിരുദാനന്തര ഡിഗ്രി, ഡിപ്ലോമ കോഴ്സുകൾക്കാണ് ഈ സ്കോളർഷിപ്പ്. കേരളത്തിൽ നിന്ന് എൻഐടി കാലിക്കറ്റ്, ഐഐടി പാലക്കാട്, ഐസർ തിരുവനന്തപുരം, ഐഐഎം കോഴിക്കോട്, നുവാൽസ് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജുകൾ, ശ്രീചിത്ര തിരുവനന്തപുരം, നിഫ്റ്റ് കണ്ണൂർ, ഐഐഎസ്ടി തിരുവനന്തപുരം, ഐഐഐടിഎംകെ തിരുവനന്തപുരം, ഐഎച്ച്എം തിരുവനന്തപുരം എന്നീ സ്ഥാപനങ്ങൾ പട്ടികയിലുണ്ട്.

ട്യൂഷൻ ഫീസായി വർഷം 1.90 ലക്ഷം രൂപ വരെയും മറ്റ് ഫീസായി 10,000 രൂപ വരെയും ലഭിക്കും. ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് പ്രതിമാസം 3,000 രൂപയും ഡേ സ്കോളർക്ക് 1,500 രൂപയും റീഡർ, എസ്കോർട്ട് തുടങ്ങിയ പ്രത്യേക അലവൻസായി പ്രതിമാസം 2,000 രൂപയും പുസ്തക അലവൻസായി 5,000 രൂപയും നൽകും. ആദ്യ വർഷം ലാപ്ടോപ്പ് വാങ്ങാൻ 45,000 രൂപയും സഹായ ഉപകരണങ്ങൾക്ക് 30,000 രൂപയും ഒറ്റത്തവണയായി നൽകും. ബില്ല് ഹാജരാക്കണം. വരുമാനപരിധി 8 ലക്ഷം രൂപയാണ്. വിദൂര, പാർട്ട് ടൈം കോഴ്സുകൾക്ക് സ്കോളർഷിപ്പ് ലഭിക്കില്ല. ഒരാൾക്ക് ഒരു തവണ മാത്രമേ ലഭിക്കൂ.

എങ്ങനെ അപേക്ഷിക്കാം?

scholarships.gov.in എന്ന നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. പഠിക്കുന്ന സ്ഥാപനം വിവരങ്ങൾ പരിശോധിച്ച ശേഷം സംസ്ഥാന നോഡൽ ഓഫീസർ പട്ടിക അന്തിമമാക്കും. തുക ആധാറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ലഭിക്കും. മറ്റൊരു സംസ്ഥാനത്ത് പഠിക്കുന്നവർ സ്വന്തം സംസ്ഥാനത്തെ വിദ്യാഭ്യാസ, ക്ഷേമ വകുപ്പിന്റെ ശുപാർശ വാങ്ങണം.

കൂടുതൽ വിവരങ്ങൾക്ക്: 0120-6619540, helpdesk@nsp.gov.in

Tags:    
News Summary - Central Disability Scholarship Schemes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.