'ശരിയായ ഉത്തരമായാലും സെക്ഷൻ മാറിയാൽ പൂജ്യം മാർക്ക്'; പത്താം ക്ലാസ് മൂല്യനിർണയ നിയമങ്ങൾ കടുപ്പിച്ച് സിബിഎസ്ഇ

പത്താം ക്ലാസ് ബോർഡ് പരീക്ഷാ മൂല്യനിർണ്ണയ സമ്പ്രദായത്തിൽ നിർണായക മാറ്റങ്ങളുമായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ. ഡിജിറ്റൽ മൂല്യനിർണ്ണയമായ ഓൺ-സ്ക്രീൻ മാർക്കിങ് സമ്പ്രദായം കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായി ഇൻഡോറിലെ സ്കൂളുകൾ വിദ്യാർഥികൾക്ക് ഇതുസംബന്ധിച്ച തീവ്രമായ പരിശീലനവും ബോധവൽക്കരണവും നൽകിതുടങ്ങിയിട്ടുണ്ട്. ചോദ്യപ്പേപ്പറിൽ നിശ്ചയിച്ചിട്ടുള്ള അതത് വിഷയങ്ങളുടെ സെക്ഷനുകളിൽ തന്നെ ഉത്തരങ്ങൾ എഴുതിയില്ലെങ്കിൽ ഉത്തരം എത്രതന്നെ കൃത്യമാണെങ്കിലും പൂജ്യം മാർക്കായിരിക്കും ലഭിക്കുകയെന്ന് ബോർഡ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

ഓൺ-സ്ക്രീൻ മൂല്യനിർണ്ണയ പ്രക്രിയയുടെ ഭാഗമായി വിദ്യാർഥികളുടെ ഫിസിക്കൽ ഉത്തരക്കടലാസുകൾ സ്കാൻ ചെയ്ത് ഡിജിറ്റൽ രൂപത്തിലാക്കുകയാണ് ചെയ്യുന്നത്. തുടർന്ന് ഓരോ വിഷയത്തിന്റെയും പേജുകൾ പ്രത്യേകം വേർതിരിച്ച് അതത് വിഷയങ്ങളുടെ എക്സാമിനർമാർക്ക് പരിശോധനക്കായി ഓൺലൈനായി അയച്ചു നൽകുന്നു. ഈ ഡിജിറ്റൽ വിതരണരീതി കാരണം ഉദാഹരണത്തിന് ബയോളജി സെക്ഷനിൽ മാറിപ്പോയി എഴുതുന്ന കെമിസ്ട്രി ഉത്തരങ്ങൾ കെമിസ്ട്രി മൂല്യനിർണ്ണയം നടത്തുന്ന അധ്യാപകന്റെ പക്കൽ എത്തുകയില്ല. ഫലത്തിൽ ഈ ഉത്തരങ്ങൾക്ക് മാർക്ക് നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

പരീക്ഷാ ഹാളിലെ മാനസിക സമ്മർദ്ദം മൂലം വിദ്യാർഥികൾക്ക് സെക്ഷനുകൾ മാറിപ്പോകുന്നത് പതിവ് പ്രശ്നമാണെന്ന് പ്രിൻസിപ്പലായ നിഷ അഹമ്മദ് ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണത്തിന് സയൻസ് പരീക്ഷയിൽ ഫിസിക്സിലെ കണക്കുകൾ മാറ്റി കെമിസ്ട്രി സെക്ഷനിൽ എഴുതുന്നത് വിദ്യാർഥികൾക്ക് സംഭവിക്കാറുള്ള വലിയൊരു അബദ്ധമാണ്. ഇത്തരം തെറ്റുകൾ ഒഴിവാക്കാൻ മോക്ക് ടെസ്റ്റുകളിലൂടെ വിദ്യാർഥികളെ പരിശീലിപ്പിച്ചു വരികയാണെന്നും ചോദ്യപ്പേപ്പറിലെ നിർദ്ദേശങ്ങൾ പാലിച്ച് ഓരോ സെക്ഷനും പുതിയ പേജിൽ തന്നെ തുടങ്ങാൻ ശ്രദ്ധിക്കണമെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.

കൂടാതെ ഉത്തരങ്ങൾ എഴുതാൻ വിട്ടുപോയ ഭാഗങ്ങൾ ഉത്തരക്കടലാസിന്റെ അവസാന പേജുകളിൽ എഴുതിവെക്കുന്ന ശീലവും വിദ്യാർഥികൾക്കിടയിലുണ്ട്. എന്നാൽ ഡിജിറ്റൽ മാർക്കിങ് സിസ്റ്റം നിലവിലുള്ളതിനാൽ അവസാന പേജുകളിൽ എഴുതുന്ന ഉത്തരങ്ങൾ കൃത്യമായ സെക്ഷനിൽ എത്തിച്ചേരണമെന്നില്ല. പരീക്ഷാ ഫലം വന്നതിന് ശേഷം റീവാല്യൂവേഷൻ നടത്തുമ്പോഴോ വെരിഫിക്കേഷൻ ചെയ്യുമ്പോഴോ ഇത്തരം തെറ്റുകൾ മൂലം നഷ്ടപ്പെടുന്ന മാർക്കുകൾ തിരിച്ചുപിടിക്കാൻ യാതൊരുവിധ പഴുതുകളുമില്ല.

Tags:    
News Summary - CBSE tightens Class 10 evaluation rules

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.