പ്രതീകാത്മക ചിത്രം

അധ്യാപകർ ഇനി പല ഭാഷകൾ പഠിക്കണം; പുതിയ നീക്കവുമായി എൻസിഇആർടി

ന്യൂഡൽഹി: ഒരു അധ്യാപകൻ ഒരു ഭാഷ എന്ന രീതിക്ക് മാറ്റം വരുത്തി എൻസിഇആർടി. ഒന്നിലധികം ഭാഷകൾ പഠിപ്പിക്കാൻ കഴിയുന്ന അധ്യാപകരെ സൃഷ്ടിക്കാൻ പുതിയ മാതൃകയുമായാണ് എത്തിയിരിക്കുന്നത്. ഡീംഡ് സർവകലാശാലയായി മാറിയതിന് ശേഷമുള്ള അക്കാദമിക മാറ്റത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

നിലവിൽ ഒരു ഭാഷാ അധ്യാപകൻ ഒരു ഭാഷയിൽ മാത്രമാണ് പരിശീലനം നേടുന്നത്. എന്നാൽ പുതിയ ആലോചന പ്രകാരം എൻസിഇആർടിക്ക് കീഴിലെ ബിരുദ, ബിരുദാനന്തര, ഗവേഷണ കോഴ്സുകളിൽ ചേരുന്നവർക്ക് രണ്ടോ അതിലധികമോ ഭാഷകളിൽ പഠിപ്പിക്കാനുള്ള കഴിവ് നൽകും. ഭാഷ അറിയുക എന്നതിനപ്പുറം അത് ക്ലാസിൽ പഠിപ്പിക്കാനുള്ള വൈദഗ്ധ്യത്തിനാണ് ഊന്നൽ.

സ്കൂളുകൾ നേരിടുന്ന പ്രായോഗിക പ്രശ്നത്തിനുള്ള പരിഹാരമായാണ് ഇതിനെ കാണുന്നത്. പല സ്കൂളുകളും കൂടുതൽ ഇന്ത്യൻ ഭാഷകൾ ഓപ്ഷനായി നൽകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും കുട്ടികളുടെ എണ്ണം കുറവാണെങ്കിൽ ഓരോ ഭാഷക്കും പ്രത്യേകം അധ്യാപകരെ നിയമിക്കുക പ്രായോഗികമല്ല. ഒരേ അധ്യാപകന് തന്നെ പല ഭാഷകളും കൈകാര്യം ചെയ്യാൻ കഴിഞ്ഞാൽ ഈ പ്രതിസന്ധി മറികടക്കാനാകും.

ദേശീയ വിദ്യാഭ്യാസ നയം 2020 ബഹുഭാഷാ പഠനത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ടെങ്കിലും പരിശീലനം ലഭിച്ച അധ്യാപകരുടെ കുറവ് തിരിച്ചടിയാകുന്നു. ആ വിടവ് നികത്താനാണ് പുതിയ പദ്ധതി. വെറുതെ പല ഭാഷകൾ സംസാരിക്കാൻ അറിയുക എന്നതല്ല മാനദണ്ഡം. ഓരോ ഭാഷയിലും ക്ലാസെടുക്കാനുള്ള അക്കാദമിക അറിവും വ്യാകരണത്തിലും സാഹിത്യത്തിലുമുള്ള വ്യക്തതയും അധ്യാപകനുണ്ടോ എന്നതാണ് പരിശോധിക്കുക. എത്ര ഭാഷകളിൽ പ്രാവീണ്യം വേണമെന്നതിൽ അന്തിമ തീരുമാനമായിട്ടില്ല.

ഈ കോഴ്സുകൾ പൂർത്തിയാക്കുന്നവർക്ക് വിശാലമായ സാധ്യതകളാണുള്ളത്. ബിരുദാനന്തര പ്രോഗ്രാം കഴിയുന്നവർക്ക് സ്കൂൾ അധ്യാപകരാകാം, പിഎച്ച്ഡി തലം വരെ പോകുന്നവർക്ക് അധ്യാപക പരിശീലകരായും ഗവേഷകരായും വളരാം. കഴിഞ്ഞ മാർച്ച് 30നാണ് എൻസിഇആർടിയെ കേന്ദ്ര സർക്കാർ ഡീംഡ് സർവകലാശാലയായി പ്രഖ്യാപിച്ചത്. പാഠപുസ്തകത്തിലെ ആശയം മാത്രമായി നിന്നിരുന്ന പല ഭാഷകൾ പഠിപ്പിക്കുന്ന രീതിയെ, അധ്യാപകരെ ശാക്തീകരിക്കുന്ന പ്രായോഗിക പദ്ധതിയാക്കി മാറ്റുന്ന നിർണായക നീക്കമായാണ് ഇതിനെ കാണുന്നത്.

എൻസിഇആർടിക്ക് ഈ വർഷമാണ് ഡീംഡ് സർവകലാശാല പദവി ലഭിച്ചത്. ഇതോടെ എൻസിഇആർടിക്ക് സ്വന്തമായി കോഴ്സുകൾ രൂപകൽപന ചെയ്യാനും ബിരുദങ്ങൾ നൽകാനും അധികാരം ലഭിച്ചു. പല ഭാഷകൾ പഠിപ്പിക്കുന്നതിൽ പുതിയ പരീക്ഷണങ്ങൾ നടത്താൻ സ്ഥാപനത്തിന് അവസരം ഒരുക്കുന്നത് ഇതിലൂടെയാണ്.

Tags:    
News Summary - NCERT Multi Language Teaching

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.