അക്കാദമിക പുതുവത്സരമാണ് ജൂൺ രണ്ട്- പുതുവത്സര ദിനത്തിൽ സ്കൂളിൽ എത്തിച്ചേർന്ന എല്ലാ കുട്ടികളെയും സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. കുട്ടികളെ സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ രണ്ടു മാസങ്ങളിലായി അക്ഷീണം പ്രവർത്തിക്കുകയാണ്. സ്കൂൾ കെട്ടിടങ്ങൾ, ഫർണിച്ചറുകൾ എന്നിവയിലെല്ലാം ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തിയിട്ടുണ്ട്. കിഫ്ബി ധനസഹായത്തോടെ 2600 കോടി രൂപയുടെ ഭൗതിക സൗകര്യ വികസനമാണ് നടത്തുന്നത്. ആകെ വിഭാവനം ചെയ്ത 973 സ്കൂൾ കെട്ടിടങ്ങളിൽ 539 കെട്ടിടങ്ങൾ നിർമാണം പൂർത്തീകരിച്ചു. ഇതുകൂടാതെ പ്ലാൻ ഫണ്ട്, തദ്ദേശഭരണ സ്ഥാപന ഫണ്ട്, ജനപ്രതിനിധികളുടെ ആസ്തിവികസന ഫണ്ട്, മറ്റു ഫണ്ടുകൾ എന്നിവ വിനിയോഗിച്ച് നൂറുകണക്കിന് സ്കൂൾ കെട്ടിടങ്ങൾ കഴിഞ്ഞ ഒമ്പതു വർഷത്തിനിടയിൽ പൂർത്തീകരിച്ചിട്ടുണ്ട്.
കമ്പ്യൂട്ടറുകൾ, അനുബന്ധ സാമഗ്രികൾ എന്നിവ സ്കൂളുകളിൽ വിന്യസിക്കുന്നതോടൊപ്പം റോബോട്ടിക് ഉപകരണങ്ങളും സ്കൂളുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. നിർമിത ബുദ്ധിയുടെ സാധ്യത ഫലപ്രദമായി വിനിയോഗിക്കാനുള്ള പരിശീലനവും അധ്യാപകർക്ക് നൽകിയിട്ടുണ്ട്.
ഒന്നുമുതൽ 10 വരെയുള്ള മുഴുവൻ പാഠപുസ്തകങ്ങളും പാഠ്യപദ്ധതി ചട്ടക്കൂട് 2023ന് അനുസൃതമായി മാറിയിട്ടുണ്ട്. സ്കൂൾ വർഷാരംഭത്തിൽത്തന്നെ എല്ലാ കുട്ടികൾക്കും പാഠപുസ്തകങ്ങൾ എത്തിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തീകരിച്ചു.
ഈ വർഷം സമഗ്ര ഗുണമേന്മാ വർഷമാണ്. കഴിഞ്ഞ അക്കാദമിക വർഷം തന്നെ ഈ ദിശയിലേക്കുള്ള പ്രവർത്തനം ആരംഭിച്ചിരുന്നു. ഈ വർഷം അത് കൂടുതൽ ചിട്ടപ്പെടുത്തി മികവാർന്ന രീതിയിൽ നടപ്പാക്കേണ്ടതുണ്ട്.
മൂല്യനിർണയ രംഗത്ത് വലിയ മാറ്റമാണ് വിഭാവനം ചെയ്യുന്നത്. കുട്ടികളുടെ അറിവും കഴിവും പ്രായത്തിനനുസരിച്ച് വികസിക്കുന്നു എന്ന് ഉറപ്പിക്കാൻ കഴിയണം. അതിനുള്ള ഒരു മാർഗം എന്ന നിലയിലാണ് മിനിമം മാർക്ക് എന്ന കാര്യം നടപ്പാക്കിയത്. എട്ടാം ക്ലാസിൽ വർഷാന്ത്യ പരീക്ഷ നടപ്പാക്കുകയും പഠനപിന്തുണ ആവശ്യമുള്ള കുട്ടികൾക്ക് അത് നൽകി പഠനം തുടരാനുള്ള ക്രമീകരണങ്ങളും വരുത്തിയിരുന്നു. ഇത് വർഷാന്ത്യത്തിൽ നടക്കേണ്ട ഒരു പ്രക്രിയയായി പരിമിതപ്പെടുത്തരുത്. കുട്ടികളുടെ പഠനത്തിന്റെ അവിഭാജ്യ ഭാഗമെന്ന രീതിയിൽ തുടർ പ്രക്രിയയായി മാറണം. നിരന്തര വിലയിരുത്തലിന്റെ ഭാഗമായി കുട്ടികളുടെ പഠനനില ഓരോ ഘട്ടത്തിലും പരിശോധിക്കുകയും അതത് ഘട്ടത്തിൽത്തന്നെ പഠനപിന്തുണ നൽകി എല്ലാ കുട്ടികളെയും പഠനമുന്നേറ്റത്തിന് പ്രാപ്തരാക്കുകയും വേണം.
സ്കൂൾ വർഷാരംഭത്തിൽ ഓരോ കുട്ടിയെയും അറിയാനും പഠനത്തിൽ അവരുടെ ശക്തിയും പരിമിതിയും തിരിച്ചറിയാനും പരിമിതികൾ മറികടക്കുന്നതിനായി പഠനപിന്തുണ നൽകാനും അധ്യാപകർക്ക് കഴിയണം.
ലഹരിക്കെതിരായ മനോഭാവ വികാസം, ശുചിത്വ ആരോഗ്യ പ്രവർത്തനങ്ങളുടെ പ്രാധാന്യം, റോഡ് സുരക്ഷാ നിയമങ്ങൾ, സ്കൂൾ വാഹനത്തിൽ സഞ്ചരിക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ, ആരോഗ്യം, കായികക്ഷമത തുടങ്ങിയ കാര്യങ്ങളുടെ ആമുഖം തുടങ്ങിയവയെല്ലാം ആദ്യ രണ്ടാഴ്ചകളിൽ കുട്ടികൾക്ക് എത്തിക്കാനുള്ള പ്രത്യേക തീരുമാനം ഈ വർഷം കൈക്കൊണ്ടിട്ടുണ്ട്. അക്കാദമിക വർഷം മുഴുവൻ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി അത് തുടരേണ്ടതുണ്ട്. കുട്ടികൾക്കുണ്ടാകുന്ന ആശങ്ക, സമ്മർദം, പിരിമുറുക്കം എന്നിവ ഒഴിവാക്കാനുള്ള പ്രവർത്തനങ്ങൾ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി മാറണം. അതിൽ ഒരിനമായാണ് സൂംബ ഡാൻസിനെ കാണേണ്ടത്. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും സ്കൂൾ അക്കാദമിക മാസ്റ്റർ പ്ലാനിന്റെ ഭാഗമാക്കണം. ജൂൺ പത്തിനകം എല്ലാ വിദ്യാലയങ്ങളിലും അക്കാദമിക മാസ്റ്റർ പ്ലാനുകൾ തയാറാക്കേണ്ടതുണ്ട്. ഇതിനെല്ലാം കഴിയും വിധം ആവശ്യമായ പരിശീലനങ്ങൾ അധ്യാപകർക്ക് അവധിക്കാലത്ത് നൽകിയിട്ടുണ്ട്. അക്കാദമിക വർഷം ആരംഭിക്കുമ്പോൾ തന്നെ സ്ഥാപന മേധാവികളെ നിയമിക്കൽ, അധ്യാപക സ്ഥലംമാറ്റം തുടങ്ങി ഭരണപരമായി കൈക്കൊള്ളേണ്ട മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്.
ശക്തമായ കാലവർഷത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ സുരക്ഷിതത്വവും ഉറപ്പാക്കാൻ വലിയ തോതിലുള്ള സമൂഹകരുതലും മഴക്കാല പകർച്ചവ്യാധികളെ നേരിടുന്നതിനുള്ള മുൻകരുതലും അനിവാര്യമാണ്. എല്ലാ കുഞ്ഞുങ്ങളെയും ഒരിക്കൽകൂടി സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.