28 ലക്ഷത്തിൽ പരം വിദ്യാർഥികൾക്ക് അഞ്ച് കിലോ അരി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിൽ ഉച്ചഭക്ഷണ പദ്ധതിയിൽ എൻറോൾ ചെയ്തിട്ടുള്ള 28,74,546 കുട്ടികൾക്ക് അഞ്ച് കിലോ അരിവീതം സൗജന്യമായി നൽകുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.

ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ കേരളം രാജ്യത്തിനാകെ തന്നെ മാതൃകയാണ്. സാർവത്രികവും സൗജന്യവുമായ സ്കൂൾ വിദ്യാഭ്യാസം ഉറപ്പാക്കുക എന്നത് കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. നടപ്പ് വർഷം സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി അനുവദിച്ച അരിയിൽ നവംബർ മാസത്തെ വിതരണത്തിന് ശേഷം 24,723.95 മെട്രിക് ടൺ അരി സപ്ലൈകോ ഗോഡൗണുകളിൽ നീക്കിയിരിപ്പുണ്ടായിരുന്നു.

പ്രൈമറി വിഭാഗത്തിന് 100 ഗ്രാം, അപ്പർ പ്രൈമറി വിഭാഗത്തിന് 150 ഗ്രാം എന്നീ കണക്കിലാണ് ഭക്ഷ്യധാന്യം അനുവദിക്കുന്നത്. നിലവിലെ സ്റ്റോക് പൊസിഷൻ, നാലാം പാദത്തിലേക്ക് അനുവദിച്ചിട്ടുള്ള അരിയുടെ അളവ്, നടപ്പ് വർഷത്തെ ഇനിയുള്ള മാസങ്ങളിലേക്ക് ആവശ്യമായ അരിയുടെ അളവ് എന്നിവ പരിശോധിച്ച് കൊണ്ട് അധികമുള്ള അരി കുട്ടികൾക്ക് വിതരണം ചെയ്യാൻ തീരുമാനിക്കുക ആയിരുന്നു.

പൊതുവിദ്യാഭ്യാസ സംരക്ഷണവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങളാണ് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്നത്. ഇത്തവണ ചരിത്രത്തിൽ ആദ്യമായി സ്കൂൾ തുറക്കുന്നതിനു രണ്ട് മാസം മുമ്പ് പാഠപുസ്തകങ്ങളുടെയും സൗജന്യ കൈത്തറി യൂണിഫോമിന്റെയും വിതരണം ആരംഭിച്ചു.

സ്കൂൾ തുറക്കുന്ന ആദ്യ ദിനം തന്നെ പുത്തൻ പാഠ പുസ്തകങ്ങളുമായി പുത്തൻ യൂണിഫോം അണിഞ്ഞ് കുട്ടികൾ ക്ളാസുകളിൽ എത്തുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. തിരുവനന്തപുരം ബീമാപള്ളി യു.പി.എസിൽ നടന്ന പരാപാടിയിൽ മന്ത്രി അഡ്വക്കേറ്റ് ആന്റണി രാജു അധ്യക്ഷതവഹിച്ചു. മന്ത്രി ജി. ആർ അനിൽ സന്നിഹിതനായിരുന്നു.

Tags:    
News Summary - Five kg of rice for over 28 lakh students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.