ന്യൂഡൽഹി: ഇന്ത്യയിലേക്ക് ഉപരിപഠനത്തിനായി എത്തുന്ന അമേരിക്കൻ വിദ്യാർഥികളുടെ എണ്ണത്തിൽ വൻ ഇടിവ്. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ഫണ്ടിങ്ങോടെ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ എഡ്യൂക്കേഷൻ (IIE) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, വിദേശത്ത് പഠിക്കാൻ പോകുന്ന അമേരിക്കൻ വിദ്യാർഥികളിൽ വെറും 0.52 ശതമാനം പേർ മാത്രമാണ് ഇന്ത്യ തിരഞ്ഞെടുക്കുന്നത്. കോവിഡ് പ്രതിസന്ധിക്ക് മുമ്പ് തന്നെ ആരംഭിച്ച ഈ ഇടിവ്, മഹാമാരിക്ക് ശേഷവും കരകയറിയിട്ടില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ലഭ്യമായതിൽ ഏറ്റവും പുതിയ കണക്കുകളായ 2023-24 അധ്യയന വർഷത്തിൽ, വിദേശത്ത് പഠിക്കാൻ പോയ 2,98,180 യു.എസ് വിദ്യാർഥികളിൽ വെറും 1,578 പേർ മാത്രമാണ് ഇന്ത്യയിലെത്തിയത്. എന്നാൽ, 2013-14 കാലഘട്ടത്തിൽ ഇത് 4,583 ആയിരുന്നു. ഒരു ദശകത്തിനിടെ 65.6 ശതമാനത്തിന്റെ വൻ കുറവാണ് ഇതിലുണ്ടായിരിക്കുന്നത്. അതേസമയം, ഇതിന് നേർവിപരീതമായി ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് പോകുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. നിലവിൽ 3,60,000ത്തിലധികം ഇന്ത്യൻ വിദ്യാർഥികൾ യു.എസിൽ പഠിക്കുന്നുണ്ട്. അമേരിക്കയിലെ ആകെ അന്താരാഷ്ട്ര വിദ്യാർഥികളിൽ 30.8 ശതമാനവും ഇന്ത്യക്കാരാണ്. യു.എസിലെ വിദേശ വിദ്യാർഥികളിൽ ഏറ്റവും വലിയ പങ്ക് ഇന്ത്യയിൽ നിന്നുള്ളവർക്കാണ്.
2004-05 കാലഘട്ടത്തിൽ 1,767 യു.എസ് വിദ്യാർഥികളാണ് ഇന്ത്യയിലെത്തിയിരുന്നത്. അന്ന് അമേരിക്കക്കാരുടെ പ്രിയപ്പെട്ട ആദ്യ 25 പഠനകേന്ദ്രങ്ങളിൽ ഇന്ത്യയും ഉണ്ടായിരുന്നു. പിന്നീട് താല്പര്യം വർധിക്കുകയും 2011-12 ആയപ്പോഴേക്കും വിദ്യാർഥികളുടെ എണ്ണം 4,593 ആയി ഉയരുകയും ചെയ്തു. ഇതോടെ ജപ്പാൻ, അർജന്റീന തുടങ്ങിയ രാജ്യങ്ങൾക്ക് തൊട്ടുപിന്നിലായി ഏറ്റവും ജനപ്രിയമായ 12-ാമത്തെ പഠനകേന്ദ്രമായി ഇന്ത്യ മാറി. എന്നാൽ 2016-17 മുതൽ ഈ എണ്ണത്തിൽ കുറവ് വരാൻ തുടങ്ങി. കോവിഡ് സമയത്ത് (2020-21) ഇത് വെറും 16 വിദ്യാർഥികളിലേക്ക് വരെ ചുരുങ്ങിയിരുന്നു.
നിലവിൽ വെറും 4.4 ലക്ഷം മാത്രം ജനസംഖ്യയുള്ള ബെലീസ് എന്ന ചെറിയ രാജ്യത്തേക്കാൾ കുറവ് യു.എസ് വിദ്യാർഥികളാണ് ഇന്ത്യയിലേക്ക് വരുന്നത്. വിയറ്റ്നാം, ഘാന എന്നീ രാജ്യങ്ങളേക്കാൾ നേരിയ വർധനവ് മാത്രമാണ് ഇന്ത്യക്കുള്ളത്. ഇന്ത്യൻ സർവ്വകലാശാലകളിലേക്ക് അമേരിക്കൻ വിദ്യാർഥികൾ വരാതിരിക്കാൻ പ്രധാനമായും മൂന്ന് കാരണങ്ങളാണ് വിദ്യാഭ്യാസ കൺസൾട്ടന്റുമാർ ചൂണ്ടിക്കാണിക്കുന്നത്.
ലോകത്തെ മികച്ച റാങ്കിലുള്ള കോളേജുകളിൽ പഠിക്കാൻ അവസരമുള്ള യു.എസ് വിദ്യാർഥികൾ റാങ്കിങ്ങിൽ പിന്നിലുള്ള ഇന്ത്യൻ കോളജുകൾ തിരഞ്ഞെടുക്കാൻ മടിക്കുന്നു. ഇന്ത്യൻ സർവ്വകലാശാലകളിലെ സിലബസും ക്രെഡിറ്റ് ട്രാൻസ്ഫർ സംവിധാനങ്ങളും വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കർശനവും സങ്കീർണ്ണവുമാണ്. അന്താരാഷ്ട്ര വിദ്യാർഥികൾക്കായി ക്യാമ്പസിനുള്ളിൽ തന്നെ മികച്ച ഹോസ്റ്റൽ സൗകര്യങ്ങൾ ഒരുക്കാൻ പല കോളജുകൾക്കും കഴിയുന്നില്ല.
ഇവക്ക് പുറമെ, കോവിഡ് കാലത്തെ യാത്രാവിലക്കുകൾ ഏഷ്യൻ രാജ്യങ്ങളിലെ സ്റ്റഡി അബ്രോഡ് പ്രോഗ്രാമുകളെ സാരമായി ബാധിച്ചുവെന്നും സാങ്കേതികവിദ്യയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാണ്ടം കമ്പ്യൂട്ടിങ് തുടങ്ങിയ പുത്തൻ മേഖലകളിലും മികച്ച അവസരങ്ങൾ ഒരുക്കാൻ ഇന്ത്യ തയാറാകണമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
ഇന്ത്യയിലേക്ക് വരുന്ന യുഎസ് വിദ്യാർഥികളുടെ എണ്ണം കുറയുമ്പോഴും, അമേരിക്കയിലേക്കുള്ള ഇന്ത്യൻ വിദ്യാർഥികളുടെ ഒഴുക്ക് തുടരുകയാണ്. 2023-24ൽ 3,31,602 ഇന്ത്യൻ വിദ്യാർഥികളാണ് ഉപരിപഠനത്തിനായി യു.എസിൽ എത്തിയത്. ഇതോടെ ചൈനയെ മറികടന്ന് അമേരിക്കയിലെ ഏറ്റവും വലിയ വിദേശ വിദ്യാർഥി സമൂഹമായി ഇന്ത്യ മാറി. 2024-25 വർഷത്തിൽ ഈ എണ്ണം 9.5 ശതമാനം വർധിച്ച് 3,63,019 ആയി ഉയർന്നിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.