എം.എസ്.ജലീൽ (കരിയർ ഗുരു)
പ്ലസ് ടു കോമേഴ്സ്, ഹ്യുമാനിറ്റീസ് വിദ്യാര്‍ഥികള്‍ തങ്ങളുടെ കരിയര്‍ സാധ്യതകള്‍ സംബന്ധിച്ച് െപാതുവേ ആശങ്ക പറയാറുണ്ട്. എന്നാൽ അറിയുക, ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്ന കരിയര്‍ മേഖലകളായ ബിസിനസ് മാനേജ്‌മെന്റ്, ഫിനാന്‍സ് കാരിയറുകള്‍ കോമേഴ്സുകാരുടെ ഉപരിപഠന മേഖലകളാണ്. ശ്രദ്ധിച്ച്, മികവോടെ, മടികൂടാതെ പ്രവര്‍ത്തിച്ച് രൂപപ്പെടുത്തിയാല്‍ മികച്ച അവസരങ്ങള്‍ കോമേഴ്സും ഹ്യുമാനിറ്റീസും പഠിച്ചവര്‍ക്ക് കണ്ടെത്താനാവും.
പ്ലസ് ടു കഴിഞ്ഞ ഉടനെ ചെയ്യേണ്ട കോഴ്സുകള്‍ എന്ന നിലക്ക് പരിചയപ്പെടാന്‍ പറ്റുന്നവയാണ് ബി.ബി.എ, ബി.കോം, ബി.എ ഭാഷകള്‍ (ഇംഗ്ലീഷ്, മലയാളം തുടങ്ങിയവ), ബി.എ ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്സ്, സോഷ്യോളജി, അന്ത്രോപ്പോളജി (ഒരുപാട് മറ്റ് സോഷ്യല്‍ സയന്‍സ് വിഷയങ്ങള്‍ ഡിഗ്രി തലത്തില്‍ പഠിക്കാം) ജിയോഗ്രഫി, ബി.എ/ബി.എസ് സി സ്റ്റാറ്റിസ്റ്റിക്സ് (സ്റ്റാറ്റിസ്റ്റിക്സ് അല്ലെങ്കില്‍ മാത്ത്സ് പ്ലസ് ടു തലത്തില്‍ ഒരു വിഷയമായി പഠിച്ചവര്‍ക്ക്), എല്‍എല്‍.ബി, ബി ഡിസൈന്‍, ബി.എസ് സി വിഷ്വല്‍ കമ്യൂണിക്കേഷന്‍, ബി.സി.എ, ബി.എസ്.ഡബ്ല്യു, ബി.എസ് സി ഹോട്ടല്‍ മാനേജ്‌മെന്റ്, ബി.എസ് സി ഫാഷന്‍ ഡിസൈനിങ്, ബി.എ ട്രാവല്‍ ആന്‍ഡ് ടൂറിസം, ബി.വോക് കോഴ്സുകള്‍. ദീര്‍ഘകാല വീക്ഷണത്തോടെ താഴെയുള്ള മേഖലകളെ വെച്ചുകൊണ്ട് വിശദമായ കരിയര്‍ ആസൂത്രണം നടത്താവുന്നതാണ്.
പ്രധാനമായും കോമേഴ്സ് കഴിഞ്ഞവര്‍ക്ക് ഉപരിപഠനത്തിന് തിരഞ്ഞടുക്കാവുന്നതാണ് അക്കൗണ്ടിങ്/ഓഡിറ്റിങ് കോഴ്സുകള്‍. എന്നാല്‍ സയന്‍സുകാരും ഹ്യുമാനിറ്റീസ് കഴിഞ്ഞവരും ഈ മേഖലയിൽ തിളങ്ങുന്നതാണ് കാണുന്നത്. അടിസ്ഥാനപരമായി മനസ്സിലാക്കേണ്ടത് ഈ കോഴ്സുകൾ വിജയിക്കാൻ വേണ്ടത് അക്കാദമിക മികവിനേക്കാള്‍ അക്കാദമിക സ്ഥിരതയാണ്.
കുറഞ്ഞത് ദിവസവും മൂന്നു മുതല്‍ നാല് മണിക്കൂര്‍ വരെ മടുപ്പ് കൂടാതെ ഇരുന്നു പഠിക്കാനും പരിശീലിക്കാനുമുള്ള സന്നദ്ധത. ഈ മേഖലയില്‍ ഇന്ത്യന്‍ കോഴ്സുകളായ സി.എ, സി.എം.എ, സി.എസ് മുതലായവയും എ.സി.സി.എ, സി.എം.എ- യു.എസ്, സി.പി.എ തുടങ്ങിയ വിദേശ കോഴ്സുകളും ലഭ്യമാണ്.
പ്ലസ് ടു കഴിഞ്ഞ് ബി.കോം/ ബി.ബി.എ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ ശേഷം എം.എഫ്.സി, എം.എഫ്.എം പോലുള്ള കോഴ്സുകള്‍ ഡല്‍ഹി യൂനിവേഴ്സിറ്റി പോലുള്ള പ്രമുഖ സ്ഥാപനങ്ങളില്‍ നിന്ന് ചെയ്യാം. എം.ബി.എ ഫിനാന്‍സ്, എം.കോം ഫിനാന്‍സ് പോലുള്ളവയും ഈ ഗണത്തില്‍ പെടുത്താം.
ഹ്യൂമാനിറ്റീസ് കഴിഞ്ഞു ഇക്കണോമിക്സ് തിരഞ്ഞെടുത്തവര്‍ക്കും ഈ കോഴ്സുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഏത് ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ക്കും ഈ കോഴ്സുകള്‍ക്ക് ചേരാമെങ്കിലും അല്പമെങ്കിലും അടിസ്ഥാനഗണിതം പഠിച്ചവര്‍ക്ക് കൂടുതല്‍ എളുപ്പമായിരിക്കും.
പ്ലസ് ടു കഴിഞ്ഞ് ബി.ബി.എ, ബി.കോം, ബി.എ ഇക്കണോമിക്സ് എന്നിവ പൂര്‍ത്തിയാക്കിയവര്‍ക്ക് എം.ബി.എ നല്ലൊരു ഉപരിപഠന കരിയര്‍ സാധ്യതയാണ്. ഏതാണ്ട് 75 ലധികം സ്പെഷലൈസ്ഡ് മാനേജ്‌മെന്റ് പ്രോഗ്രാമുകള്‍ ഇന്ത്യയില്‍ മാത്രം ഉണ്ട്. ഏത് ഡിഗ്രി പൂർത്തിയാക്കിയവര്‍ക്കും എം.ബി.എ ചെയ്യാവുന്നതാണ്.
പക്ഷെ ഡിഗ്രി തലത്തില്‍ തിരഞ്ഞെടുക്കുന്ന കോഴ്സ് അനുസരിച്ച് ചില എം.ബി.എ സ്പെഷലൈസേഷനുകള്‍ വരുന്നുണ്ട്. അഗ്രിബിസിനസ് മാനേജ്‌മെന്റ്, കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ്, ടെലികമ്യൂണിക്കേഷന്‍ മാനേജ്‌മെന്റ് മുതലായവ അവയില്‍ ചിലത് മാത്രം.
ബിരുദശേഷം ബാങ്കിങ് സര്‍വിസ് പരീക്ഷകള്‍ വഴി ഒട്ടേറെ തൊഴിലവസരങ്ങളുണ്ട്. അതോടൊപ്പം ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ക്ക് ബാങ്കിങ് മാനേജ്‌മെന്റ്, ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ് മാനേജ്‌മെന്റ് കോഴ്സുകള്‍ വഴിയും ബാങ്കിങ് മേഖലയില്‍ തൊഴിലവസരങ്ങളുണ്ട്. ചില ബാങ്കുകളും സ്ഥാപനങ്ങളും ചേര്‍ന്ന് നടത്തുന്ന പി.ജി പ്രോഗ്രാമുകള്‍ തൊഴില്‍ ഉറപ്പ് വരുത്തുന്നവയാണ്. ബി.ബി.എ, ബി.കോം, ബി.എ ഇക്കണോമിക്സ് ഡിഗ്രിക്കാര്‍ക്ക് ഈ അവസരങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.
കണക്കും സ്റ്റാറ്റിസ്റ്റിക്സും ഫിനാന്‍സും കൂട്ടിച്ചേര്‍ത്ത്, ഭാവിയില്‍ വന്നേക്കാവുന്ന അപകടങ്ങളും നഷ്ടങ്ങളും വിലയിരുത്തി സാമ്പത്തിക സുരക്ഷ ഉറപ്പ് നല്‍കുന്ന സാമ്പത്തിക വ്യവസ്ഥയാണ് ഇൻഷുറൻസ്. ഒട്ടേറെ കമ്പനികള്‍ ഈ മേഖലയില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ വ്യത്യസ്ത തലങ്ങളിലുള്ള തൊഴിലവസരങ്ങള്‍ ഉണ്ട്.
ഇൻഷുറൻസ് മേഖലയിലെ തൊഴിലിന് സന്നദ്ധമാക്കുന്ന ഒട്ടേറെ സ്ഥാപനങ്ങളും രാജ്യത്തുണ്ട്. നാഷനല്‍ ഇന്‍ഷുറന്‍സ് അക്കാദമി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആക്ച്വറീസ് ഓഫ് ഇന്ത്യ പോലുള്ള സ്ഥാപനങ്ങളും ഒട്ടേറെ സർവകലാശാലകളും ഡിഗ്രി, പി.ജി തലത്തിൽ പരിശീലനങ്ങളും പഠനാവസരങ്ങളും നല്‍കുന്നുണ്ട്.
കമ്പനികളുടെ ഓഹരികൾ വാങ്ങിയും വിറ്റുമുള്ള സാമ്പത്തിക ഇടപാടുകളും കച്ചവടവും നടത്തുന്ന മേഖലയാണ് ഓഹരി വിപണി. കൂടാതെ ബോണ്ട്, ഡിബഞ്ചർ, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയ നിക്ഷേപക സംവിധാനങ്ങള്‍ ഉൾക്കൊള്ളുന്നതാണ് സെക്യൂരിറ്റി മാര്‍ക്കറ്റ്.
ഈ മേഖലകളില്‍ വൈദഗ്ധ്യം നേടിയെടുക്കാന്‍ സഹായിക്കുന്ന ഒട്ടേറെ കോഴ്സുകള്‍ ലഭ്യമാണ്. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാര്‍ക്കറ്റ്, വിവിധ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍, സര്‍വകലാശാലകള്‍ എന്നിവ നടത്തുന്ന ദീര്‍ഘ, ഹ്രസ്വകാല കോഴ്സുകള്‍ ലഭ്യമാണ്. മിക്ക ഡിഗ്രിക്കാര്‍ക്കും ഈ കോഴ്സുകള്‍ ചെയ്യാം.
പ്ലസ് ടു കോമേഴ്സും ഹ്യൂമാനിറ്റീസും കഴിഞ്ഞ ശേഷം അനുയോജ്യമായ ഏത് ഡിഗ്രി എടുത്ത ശേഷവും മാസ്റ്റര്‍ ഓഫ് സോഷ്യല്‍വര്‍ക്ക്, എം.എ സോഷ്യല്‍വര്‍ക്ക് അഥവാ എം.എസ് .ഡബ്ല്യു ചെയ്യാം. ഡിഗ്രി തലത്തിലും സോഷ്യല്‍വര്‍ക്ക് കോഴ്സുകള്‍ ലഭ്യമാണ്. മറ്റ് ഡിഗ്രികള്‍ എടുത്ത ശേഷം എം.എസ് .ഡബ്ല്യു എടുക്കുന്നതായിരിക്കും നന്നാവുക. കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും അവരുടെ മാനസികാരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുക, സാമൂഹിക നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍,സ്വകാര്യ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുക, ഗ്രാമവികസനം, കുട്ടികളുടെ അവകാശങ്ങൾ, സ്ത്രീ ശാക്തീകരണം, വയോജന സംരക്ഷണം തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുക എന്നതാണ് സോഷ്യല്‍വര്‍ക്ക് പഠിച്ച ഒരാള്‍ ചെയ്യുന്നത്.
ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും തൊഴിലവസരങ്ങള്‍ ഉണ്ട്. യു.എന്നില്‍ വരെ ഇവര്‍ക്ക് ജോലി ചെയ്യാം. കോര്‍പറേറ്റ് സ്ഥാപനങ്ങളിലെ സി.എസ്.ആര്‍ പ്രോജക്ടുകളില്‍ മികച്ച തൊഴില്‍ സാധ്യതകള്‍ ഉണ്ട്. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്, ഡല്‍ഹി യൂനിവേഴ്സിറ്റി എന്നിവ മികച്ച സ്ഥാപനങ്ങളാണ്.
വ്യക്തികള്‍, കുടുംബം, സമൂഹം എന്നിവയുടെ ചിന്തകള്‍, ബന്ധങ്ങള്‍, വ്യക്തിത്വ വിശേഷങ്ങള്‍, അവബോധം, മാനസികാവസ്ഥകള്‍ എന്നിവ പഠിച്ച് അവയുടെ മാനസികാരോഗ്യം സംരക്ഷിക്കാനും നിലനിര്‍ത്താനും സഹായിക്കുന്ന പഠന മേഖലയാണ് സൈക്കോളജി.
ഡിഗ്രി തലത്തിലും പി.ജി തലത്തിലും സൈക്കോളജി പഠിച്ച് തൊഴിൽ നേടിയെടുക്കാം. ആശുപത്രികള്‍, കൗൺസലിങ് സെന്ററുകള്‍, ജുവനൈല്‍ ഹോം, കുടുംബകോടതികള്‍ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോര്‍പറേറ്റ് സ്ഥാപനങ്ങള്‍, യു.എന്‍ എന്നിവയിലൊക്കെ തൊഴില്‍ സാധ്യത ഉണ്ട്.
കോമേഴ്സ്, ഹ്യുമാനിറ്റീസ് പ്ലസ്‌ടു പൂര്‍ത്തിയാക്കി ഡിഗ്രി, പി.ജി തലത്തില്‍ സൈക്കോളജിയോ സൈക്കോളജിയുടെ സ്പെഷലൈസേഷനോ പഠിച്ച് തൊഴില്‍ തേടാവുന്നതാണ്. ടിസ്, ഡല്‍ഹി സർവകലാശാല, നിംഹാന്‍സ്, കൊല്‍ക്കത്ത സർവകലാശാല, ഇംഹാന്‍സ് പോലുള്ളവ മികച്ച സ്ഥാപനങ്ങള്‍ ആണ്.
ഒട്ടേറെ മാറ്റങ്ങള്‍ക്ക് വിധേയമാകുകയും, പല തലങ്ങളിലും വളരുകയും ചെയ്യുന്ന മേഖലയാണ് മീഡിയയും വിഷ്വല്‍ കമ്യൂണിക്കേഷനും. സോഷ്യൽ മീഡിയ, ഡിജിറ്റൽ മാർക്കറ്റിങ്, പരസ്യം, സിനിമ, ആനിമേഷൻ, ഗ്രാഫിക് ഡിസൈൻ, പബ്ലിക് റിലേഷൻസ്, ജേണലിസം, വെര്‍ച്വല്‍ റിയാലിറ്റി, ഒഗ്മെന്റഡ് റിയാലിറ്റി പോലുള്ള വിവിധ തലങ്ങളിലായി പടര്‍ന്നു പന്തലിച്ച് കിടക്കുന്ന ഒട്ടേറെ തൊഴിലവസരങ്ങള്‍ ഈ രംഗത്തുണ്ട്.
ബി ഡിസൈനിങ്, ബി.എസ് സി വിഷ്വല്‍ കമ്യൂണിക്കേഷന്‍ മുതലായ ഒട്ടേറെ സവിശേഷ കോഴ്സുകള്‍ ഈ രംഗത്തുണ്ട്. എന്‍.ഐ.ഡി, ഡല്‍ഹി സ്കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍, നിഫ്റ്റ്, ഐ.ഐ.എം.സി, നര്‍സീ മോഞ്ചീ ഇന്‍സ്റ്റിറ്റ്യൂട്ട്, ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, മുതലായ സ്ഥാപനങ്ങള്‍ ഡിഗ്രി,ഡിപ്ലോമ, പി.ജി കോഴ്സുകള്‍ നടത്തിവരുന്നു.
ഫാഷന്‍ ഡിസൈനിങ്, അനിമേഷന്‍ ഡിസൈനിങ്, ഇന്റീരിയര്‍ ഡിസൈനിങ്, മീഡിയ ഡിസൈനിങ്, പാദരക്ഷ ഡിസൈനിങ്, ശില്‍പകല, മ്യൂറല്‍ ആര്‍ട്ട് - ചുമര്‍ ചിത്രകല തുടങ്ങി വൈവിധ്യമാര്‍ന്ന ഡിസൈനിങ്-ആര്‍ട്ട് കോഴ്സുകള്‍ വിവിധ സ്ഥാപനങ്ങളില്‍ ലഭ്യമാണ്. പ്ലസ് ടു കഴിഞ്ഞു നേരിട്ട് ഡിഗ്രി കോഴ്സുകള്‍ക്ക് ചേരാവുന്നതാണ്. എന്‍.ഐ.ഡി, ഐ.ഐ.ടികള്‍, ഫൈന്‍ ആര്‍ട്സ് കോളജുകള്‍, എഫ്.ഡി.ഡി.ഐ, നിഫ്റ്റ് മുതലായ സ്ഥാപനങ്ങള്‍ ഈ മേഖലകളില്‍ മികച്ചവ.
നിയമപഠനം വഴി അഭിഭാഷകനാവുക മാത്രമല്ല അവസരം, ജുഡീഷ്യറി, കോര്‍പറേറ്റ് രംഗത്തെ തൊഴിലുകള്‍ എന്നിവ മികച്ച അവസരങ്ങളാണ്. പ്ലസ് ടു കഴിഞ്ഞ് അഞ്ച് വര്‍ഷത്തെ എല്‍എല്‍.ബി ചെയ്യാം. ദേശീയ തലത്തില്‍ പ്രധാന സ്ഥാപനങ്ങളില്‍ പ്രവേശനം നേടാന്‍ ക്ലാറ്റ് എന്ന പരീക്ഷ അവസരമൊരുക്കുന്നു. കേരളത്തിലെ കോളജുകളില്‍ പ്രവേശനം നേടാന്‍ കേരള ലോ എൻട്രന്‍സ് എക്സാം എഴുതാവുന്നതാണ്.
ഐ.എ.എസ്, ഐ.പി.എസ് മുതലായ മേഖലകളില്‍ എത്താനുള്ള ഇന്ത്യന്‍ സിവില്‍ സര്‍വിസ് പരീക്ഷ, കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസ് പരീക്ഷ, ദേശീയ തലത്തിലെ കംബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ എക്സാം, സെന്‍ട്രല്‍ പൊലീസ് ഓര്‍ഗനൈസേഷന്‍ ടെസ്റ്റ്, ഇന്ത്യന്‍ ഇക്കണോമിക് സര്‍വിസ് എക്സാം, ബാങ്കിങ് സര്‍വിസ് രംഗത്തെ പരീക്ഷകള്‍, റെയില്‍വേ തൊഴിലവസരങ്ങള്‍ക്കായുള്ള വിവിധ പരീക്ഷകള്‍, ഡിഫന്‍സ് സര്‍വിസ് പരീക്ഷകള്‍, പി.എസ്.സി നടത്തുന്ന സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, യൂനിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷകള്‍ എന്നിങ്ങനെ ഒട്ടേറെ തൊഴില്‍ജന്യ മത്സര പരീക്ഷകള്‍ക്ക് ഡിഗ്രിയുടെ ആദ്യ വര്‍ഷം മുതല്‍ തന്നെ ക്രമപ്രവൃദ്ധമായി തയാറെടുക്കാവുന്നതാണ്.
അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന കരിയര്‍ മേഖലകളാണ് ഹോസ്പിറ്റാലിറ്റിയും ടൂറിസവും. ജെ.ഇ.ഇ എന്ന പേരില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ദേശീയ കൗൺസിൽ നടത്തുന്ന പ്രവേശന പരീക്ഷയിലൂടെ 70ലധികം സ്ഥാപനങ്ങളില്‍ ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലയിലെ ഡിഗ്രി കോഴ്സുകളില്‍ പ്രവേശനം നേടാവുന്നതാണ്. ധാരാളം തൊഴിലവസരങ്ങളുണ്ട്.
ഹിസ്റ്ററി, പൊളിറ്റിക്സ്, ഇക്കണോമിക്സ്, സോഷ്യല്‍വര്‍ക്ക്, സോഷ്യോളജി പോലുള്ള വിവിധ സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലും നിയമം, ബിസിനസ്, ഫിനാന്‍സ് പോലുള്ള മേഖലകളിലും നേടിയ പി.ജി കോഴ്സുകള്‍, അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം, യു.എന്‍ ചാര്‍ട്ടേഡ് ഭാഷകളിലെ അവഗാഹം എന്നിവ ഉണ്ടെങ്കില്‍ ഐക്യരാഷ്ട്ര സഭക്കു കീഴിലെ വിവിധ ഓഫിസുകളില്‍ ഒട്ടേറെ തൊഴിലവസരങ്ങളുണ്ട്.
പ്രത്യേകം ഓര്‍ക്കുക: മേല്‍പറഞ്ഞതെല്ലാം ഒട്ടേറെ വിശദീകരണങ്ങള്‍ ആവശ്യമുള്ളവയാണ്. ഇനിയും മേഖലകള്‍ പരാമര്‍ശിക്കാനുണ്ട്, സ്ഥലപരിമിതി മൂലം ഒഴിവാക്കുന്നു. നേരില്‍ ഒരു കരിയര്‍ കൗണ്‍സലറെ സമീപിച്ച് വിശദീകരണങ്ങള്‍ തേടുക. ഇവിടെ പരാമര്‍ശിച്ച എല്ലാ മേഖലകളും സയന്‍സ് കഴിഞ്ഞവര്‍ക്കും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.