സ്കൂളുകളിൽ പത്രവായന നിർബന്ധമാക്കാനൊരുങ്ങി യു.പി സർക്കാർ

ലഖ്നോ: കുട്ടികളിൽ വായനാശീലം വളർത്താൻ സ്കൂളുകളിൽ പത്രവായന നിർബന്ധമാക്കാനൊരുങ്ങി യു.പി സർക്കാർ. സ്ക്രീൻ സമയം കുറക്കുക, വിമർശനാത്മകവും യുക്തിസഹവുമായ ചിന്താശേഷി വികസിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ കൂടി ലക്ഷ്യമിട്ടാണ് നീക്കം. ഇംഗ്ലീഷും ഹിന്ദിയും ഉൾപ്പെടെയുള്ള പത്രങ്ങളെ സ്കൂളുകളുടെ ദൈനംദിന അക്കാദമിക് പ്രവർത്തനങ്ങളുടെ അവിഭാജ്യഘടകമാക്കണമെന്നാണ് സർക്കാർ നിർദേശം.

അഡീഷണൽ ചീഫ് സെക്രട്ടറി പാർത്ഥ സാരഥി സെൻ ശർമ പുറപ്പെടുവിച്ച ഉത്തരവിലാണ് ഇതുസംബന്ധിച്ച വിശദമായ മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. നവംബറിൽ പുറത്തിറക്കിയ ഉത്തരവിന്റെ തുടർച്ചയായാണ് പുതിയ നിർദേശം. കുട്ടികളിൽ ശ്രദ്ധ, ഏകാഗ്രത, വിമർശനാത്മകവും യുക്തിസഹവുമായ ചിന്താശേഷി എന്നിവ വളർത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ എല്ലാ സർക്കാർ സ്കൂളുകളിലും പദ്ധതി നടപ്പാക്കാനാണ് നിർദേശം. സ്കൂളുകളിൽ രാവിലെ അസംബ്ലിക്കിടെ കുറഞ്ഞത് 10 മിനിറ്റ് പത്രവായനക്കായി മാറ്റിവെക്കണം. വിദ്യാർഥികൾ റൊട്ടേഷൻ അടിസ്ഥാനത്തിൽ പത്രത്തിലെ പ്രധാനപ്പെട്ട ദേശീയ, അന്തർദേശീയ, കായിക, സാമൂഹിക വാർത്തകൾ അവതരിപ്പിക്കണമെന്നും നിർദേശമുണ്ട്.

പത്രവായന കുട്ടികളിൽ പൊതുവിജ്ഞാനം വർധിപ്പിക്കുന്നതോടൊപ്പം ഭാഷാപരമായ കഴിവുകൾ മെച്ചപ്പെടുത്തുകയും മത്സരപ്പരീക്ഷകൾക്ക് തയാറെടുക്കാൻ സഹായിക്കുകയും ചെയ്യും. കൂടാതെ, ശരിയും തെറ്റും വേർതിരിച്ചറിയാനുള്ള കഴിവും വിമർശനാത്മക ചിന്തയും വളർത്താൻ പത്രവായന സഹായിക്കുമെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. വ്യാജ വാർത്തകൾ വ്യാപകമാകുന്ന കാലഘട്ടത്തിൽ വിദ്യാർഥികളെ ബോധവാന്മാരാക്കുന്നതിനും ഈ നീക്കം സഹായകരമാകും.

മനുഷ്യ താൽപ്പര്യ കഥകളും സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ട വാർത്തകളും വിദ്യാർഥികളെ മറ്റുള്ളവരുടെ ജീവിതാനുഭവങ്ങളും വെല്ലുവിളികളും മനസ്സിലാക്കാൻ സഹായിക്കുന്നുവെന്നും ഇതുവഴി സഹാനുഭൂതി വളരുകയും ഉത്തരവാദിത്തമുള്ള പൗരന്മാരായി അവർ രൂപപ്പെടുകയും ചെയ്യുമെന്നും ഉത്തരവിൽ പറയുന്നു.

അതേസമയം, പത്രങ്ങളിലെ സുഡോകു, ക്രോസ്‌വേഡ്, വേഡ് പസിലുകൾ തുടങ്ങിയവ വിനോദത്തിനൊപ്പം തന്നെ പ്രശ്‌നപരിഹാര ശേഷിയും യുക്തിസഹമായ ചിന്താശേഷിയും വികസിപ്പിക്കാൻ സഹായിക്കുന്നുവെന്നും സർക്കാർ വ്യക്തമാക്കുന്നു. ശാസ്ത്രം, സംസ്കാരം, കായികം തുടങ്ങിയ വിവിധ മേഖലകളിലേക്കുള്ള അറിവിന്റെ വാതിലുകൾ തുറക്കുന്നതിലൂടെ വിദ്യാർഥികളുടെ സമഗ്രവികസനമാണ് ഈ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

Tags:    
News Summary - UP government plans to make newspaper reading mandatory in schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.