മന്ത്രി ആർ. ബിന്ദു

ബിരുദ, ബിരുദാനന്തര പരീക്ഷകൾ ഓൺലൈനാക്കും -മന്ത്രി ആർ. ബിന്ദു

തിരുവനന്തപുരം: ബിരുദ, ബിരുദാനന്തര പരീക്ഷകൾ ഓൺലൈനായി നടത്തുന്നത്​ സർക്കാർ സജീവമായി പരിഗണിക്കുന്നുവെന്ന്​ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. ജെൻ-സി തലമുറക്ക് ആപ്പുകളും ഡിജിറ്റൽ ഉപകരണങ്ങളും മാറ്റിവച്ച് മുന്നോട്ടുപോകാനാകില്ല. പ്രവേശന പരീക്ഷകൾ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലാക്കിയിട്ടുണ്ടെന്നും മന്ത്രി ചോദ്യോത്തരവേളയിൽ പറഞ്ഞു. ബിരുദാനന്തര ബിരുദ തലത്തിലും പാഠ്യപദ്ധതി പരിഷ്കരിക്കും. ഇതിനായി ഡിജിറ്റൽ സർവകാശാല മുൻ വി.സി ഡോ. സജി ഗോപിനാഥ് അധ്യക്ഷനായ സമിതി കരട് ശിപാർശകൾ സമർപ്പിച്ചിട്ടുണ്ട്.

നാലു വർഷ ബിരുദത്തിൽ ചേരുന്ന വിദ്യാർഥിക്ക് മൂന്ന് വർഷം കൊണ്ട് 133 ക്രെഡിറ്റ് നേടാനായാൽ ബിരുദം നേടി പുറത്തുപോകാൻ കഴിയും. ഉന്നത വിദ്യാഭ്യാസത്തിനും പി.എസ്‍.സി അടക്കമുള്ള തൊഴിൽ തേടാനും ഈ ബിരുദം മതിയാകുമെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്ക് രാജ്യത്തിന് അകത്തും പുറത്തും ഇന്റേൺഷിപ്പ് ചെയ്യുന്നതിന് അവസരമൊരുക്കുന്നതിനായി ഇന്റേൺഷിപ്പ് പോർട്ടലുകൾ സജ്ജീകരിച്ചിട്ടുണ്ട്.

പെയ്ഡ്, സ്റ്റൈപ്പന്റോടെയുള്ളത്, സൗജന്യ ഇന്റേൺഷിപ്പ് എന്നിങ്ങനെ മൂന്നുതലത്തിലുള്ള ഇന്റേൺഷിപ്പ് പ്രോഗ്രാമുകളാണ് നടപ്പാക്കുന്നത്. ഇന്റേൺഷിപ്പിന് ക്രെഡിറ്റ് നൽകുന്ന സംവിധാനവും ഉണ്ട്‌. ഭാഷാപ്രാവീണ്യം വർധിപ്പിക്കുന്നതിന് മലയാളം സർവകലാശാല കേന്ദ്രീകരിച്ച് സെന്റ‍ർ ഓഫ് എക്സലൻസ് ആരംഭിച്ചിട്ടുണ്ട്. സർവകലാശാലകളിൽ പ്രിൻസിപ്പൽമാരുടെ നിയമനവുമായി ബന്ധപ്പെട്ട് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണിലുണ്ടായിരുന്ന കേസിൽ വിധി വന്നിട്ടുണ്ട്. ഉ‌ടൻ തന്നെ അഭിമുഖം നട‌ത്തി സ്ഥിരം പ്രിൻസിപ്പൽമാരെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു. ‌

Tags:    
News Summary - Undergraduate and postgraduate exams will be made online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.