രാജ്യത്തെ വരൾച്ചാ സാധ്യത നാലാഴ്ച മുന്നേ അറിയാം;‘കൃഷി ഡ്രൗട്ട്’ പോർട്ടലുമായി ഐ.ഐ.ടി ബോംബെ
മുംബൈ: രാജ്യത്ത് കാർഷിക വരൾച്ചാ സാധ്യതകൾ നാലാഴ്ച മുമ്പേ പ്രവചിക്കാൻ കഴിയുന്ന പൊതുപോർട്ടൽ അവതരിപ്പിച്ച് ഐ.ഐ.ടി ബോംബയിലെ ഇക്കോ ഹൈഡ്രോളജി വിഭാഗം ഗവേഷകർ. ‘കൃഷി ഡ്രൗട്ട്’ (KrishiDrought) എന്ന പേരിലാണ് പോർട്ടൽ അവതരിപ്പിച്ചത്. ഇതിലൂടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ കാർഷിക വരൾച്ചാ സാഹചര്യങ്ങൾ ആഴ്ചതോറും വിലയിരുത്താനാകും. മണ്ണിലെ ഈർപ്പത്തിന്റെ അളവിലുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിച്ച് വരൾച്ചാ സാധ്യത മുൻകൂട്ടി അറിയിക്കുകയാണ് ലക്ഷ്യമെന്ന് ഗവേഷകർ പറയുന്നു. കർഷകർക്കും സർക്കാർ ഏജൻസികൾക്കും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താനും കൃഷിനാശം കുറക്കാനുമുള്ള വിവരങ്ങൾ ഇതിലൂടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഐ.ഐ.ടി ബോംബെയിലെ സെന്റർ ഫോർ സ്റ്റഡീസ് ഇൻ റിസോഴ്സസ് എൻജിനീയറിങ്ങിന്റെയും സെന്റർ ഫോർ ക്ലൈമറ്റ് സ്റ്റഡീസിന്റെയും സഹകരണത്തോടെ ഇക്കോഹൈഡ്രോളജി ഗവേഷകസംഘമാണ് പോർട്ടൽ വികസിപ്പിച്ചത്. പ്രഫ. കാർത്തിക്കേയൻ ലങ്കയുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം. ഉപഗ്രഹ നിരീക്ഷണങ്ങൾ, കാലാവസ്ഥാ-ജലശാസ്ത്ര വിവരങ്ങൾ, കാലാവസ്ഥാ പ്രവചനങ്ങൾ, ഡീപ് ലേണിങ് മാതൃകകൾ എന്നിവ സംയോജിപ്പിച്ചാണ് പോർട്ടൽ പ്രവർത്തിക്കുന്നത്.
ഏകദേശം ഒമ്പത് കിലോമീറ്റർ പരിധി സൂക്ഷ്മതയിൽ ലഭിക്കുന്ന വിവരങ്ങൾ ജില്ലാടിസ്ഥാനത്തിൽ പരിശോധിക്കാനാകും. ഒരാഴ്ച മുതൽ നാലാഴ്ച വരെയുള്ള വ്യത്യസ്ത കാലയളവുകളിലെ പ്രവചനങ്ങളും പോർട്ടലിലുണ്ട്. മണ്ണിലെ ഈർപ്പത്തിന്റെ അളവ് വിളകളുടെ വളർച്ചയെ നേരിട്ട് സ്വാധീനിക്കുന്ന ഘടകമാണ്. ഇതിൽ സാധാരണ നിലയിൽനിന്നുള്ള വ്യതിയാനങ്ങൾ നിരീക്ഷിക്കുന്നതിലൂടെ വരൾച്ചാ സാധ്യതയുള്ള പ്രദേശങ്ങൾ നേരത്തേ തിരിച്ചറിയാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.