കണക്കിന് തോറ്റാലും പത്താംക്ലാസ് ജയിക്കാം; വിദ്യാർഥികൾക്ക് കൈത്താങ്ങായി സിബിഎസ്ഇയുടെ പുതിയ നിയമം

ന്യൂഡൽഹി: കണക്കും സയൻസും സോഷ്യൽ സയൻസും പേടിസ്വപ്നമായി കാണുന്ന പത്താംക്ലാസ് വിദ്യാർഥികൾക്ക് വലിയ ആശ്വാസമായി സിബിഎസ്ഇയുടെ പുതിയ തീരുമാനം. ഈ മൂന്ന് വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ തോറ്റാലും ജയിക്കാൻ അവസരം നൽകുന്ന നിയമമാണ് സിബിഎസ്ഇ ബോർഡ് വ്യാഴാഴ്ച പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കിയത്.

2028-ൽ പത്താംക്ലാസ് ബോർഡ് പരീക്ഷ എഴുതുന്നവർക്കാണ് ഈ മാറ്റം ബാധകമാകുക. അതായത് നിലവിൽ 2026-27 അധ്യയന വർഷത്തിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക്. ഇപ്പോൾ പത്താം ക്ലാസിൽ ഉള്ളവരെ ഇത് ബാധിക്കില്ലെന്ന് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ ഘടന പ്രകാരം രണ്ട് ഭാഷകൾക്കൊപ്പം കണക്ക്, സയൻസ്, സോഷ്യൽ സയൻസ് എന്നിങ്ങനെ അഞ്ച് വിഷയങ്ങളിൽ ബോർഡ് പരീക്ഷ നിർബന്ധമാണ്. ഇതിനൊപ്പം മൂന്നാം ഭാഷ, ആർട്ട്, ഫിസിക്കൽ എജ്യുക്കേഷൻ, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്നിവ ഉൾപ്പെടെ ആകെ ഒമ്പത് വിഷയങ്ങൾ പഠിക്കണം.

ഇതിലാണ് തൊഴിൽ നൈപുണ്യ വിഷയങ്ങൾക്ക് പ്രാധാന്യം വരുന്നത്. വിദ്യാർഥികൾക്ക് ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, റീട്ടെയ്ൽ, ഹെൽത്ത് കെയർ, ബ്യൂട്ടി ആൻഡ് വെൽനെസ്, ഫിനാൻഷ്യൽ മാർക്കറ്റ് തുടങ്ങി ബോർഡ് പ്രഖ്യാപിച്ച 22 സ്കിൽ വിഷയങ്ങളിൽ ഒരെണ്ണം അധികമായി തെരഞ്ഞെടുക്കാം. ഈ വിഷയങ്ങൾക്ക് ബോർഡ് പരീക്ഷ ഉണ്ടാകും. മാർക്ക് മാർക്ക് ഷീറ്റിൽ ഇടംപിടിക്കുകയും ജയിക്കുന്നവർക്ക് എൻഎസ്ക്യുഎഫ് (നാഷണൽ സ്കിൽസ് ക്വാളിഫിക്കേഷൻസ് ഫ്രെയിംവർക്ക്) സർട്ടിഫിക്കറ്റും ലഭിക്കും.

ഇങ്ങനെ തെരഞ്ഞെടുക്കുന്ന വിദ്യാർഥി സ്കിൽ വിഷയത്തിൽ ജയിക്കുകയും കണക്ക്, സയൻസ്, സോഷ്യൽ ഇവയിൽ ഏതെങ്കിലും ഒന്നിൽ മാത്രം 33 ശതമാനത്തിൽ താഴെ പോവുകയും ചെയ്താൽ, തോറ്റ വിഷയത്തിന് പകരം സ്കിൽ വിഷയത്തിന്റെ മാർക്ക് കണക്കാക്കി റിസൾട്ട് നൽകും. ഇതോടെ കുട്ടി പരാജയപ്പെടാതെ ജയിക്കും. ഒരു വിഷയത്തിന് മാത്രമേ ഈ സൗകര്യം ലഭിക്കൂ.

എന്നാൽ എല്ലാ തൊഴിലധിഷ്ഠിത വിഷയങ്ങൾക്കും ഈ ആനുകൂല്യം ഇല്ല. സ്കൂളിൽ മാത്രം ഇന്റേണൽ പരീക്ഷ നടത്തുന്ന കൗശൽ വികാസ് തെരഞ്ഞെടുക്കുന്നവർക്ക് പകരം വെക്കാനുള്ള സൗകര്യം ലഭിക്കില്ല. ബോർഡ് പരീക്ഷയുള്ള 22 സ്കിൽ വിഷയങ്ങൾ എടുക്കുന്നവർക്ക് മാത്രമേ ഇത് ബാധകമാകൂ. കൂടാതെ ജയിക്കാൻ ഓരോ വിഷയത്തിലും ബോർഡ് പരീക്ഷയും ഇന്റേണൽ മാർക്കും ചേർത്ത് 33 ശതമാനം വേണമെന്നും സിബിഎസ്ഇ വ്യക്തമാക്കി. ഇതോടൊപ്പം ഒമ്പതാം ക്ലാസിലെ ഇൻഡിവിജ്വൽസ് ഇൻ സൊസൈറ്റി, പത്താം ക്ലാസിലെ എൻവയോൺമെന്റൽ എജ്യുക്കേഷൻ എന്നിവ ഈ ബാച്ചിന് ഉണ്ടാകില്ലെന്നും ബോർഡ് അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - CBSE Eases Board Exams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.