നീറ്റ് യുജി 2027; എഴുത്ത് പരീക്ഷ തുടരും? കമ്പ്യൂട്ടർ പരീക്ഷക്കെതിരെ കേരളവും തമിഴ്നാടും രംഗത്ത്

ന്യൂഡൽഹി: നീറ്റ് യുജി 2027 പരീക്ഷ പൂർണമായും കമ്പ്യൂട്ടർ അധിഷ്ഠിതമാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം തൽക്കാലം ഉപേക്ഷിച്ചേക്കും. 2027 മുതൽ നീറ്റ് ഓൺലൈനാക്കാൻ കേന്ദ്രം ആലോചിച്ചിരുന്നെങ്കിലും കേരളവും തമിഴ്നാടും അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ശക്തമായ എതിർപ്പ് ഉന്നയിച്ചതോടെയാണ് പുനരാലോചന.

പകരം ഹൈബ്രിഡ് രീതി നടപ്പാക്കാനാണ് നിലവിൽ തീരുമാനം. 2027-ൽ വിദ്യാർഥികൾക്ക് ഇഷ്ടമുള്ള രീതി തെരഞ്ഞെടുക്കാൻ അവസരം നൽകും. കമ്പ്യൂട്ടറിൽ പരീക്ഷ എഴുതാനും മറിച്ച് പഴയ രീതിയിൽ പേനയും പേപ്പറും ഉപയോഗിച്ച് പരീക്ഷ എഴുതാനും അനുവദിക്കും. പെട്ടെന്ന് ഒരു വലിയ മാറ്റത്തിലേക്ക് പോകുന്നതിന് പകരം ക്രമേണയുള്ള മാറ്റമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. കുട്ടികൾക്ക് ഓൺലൈൻ രീതിയുമായി പൊരുത്തപ്പെടാനും സംസ്ഥാനങ്ങൾക്ക് ആവശ്യമായ കമ്പ്യൂട്ടർ ലാബുകളും സൗകര്യങ്ങളും ഒരുക്കാനും സമയം നൽകുക എന്നതാണ് ഉദ്ദേശം.

ഗ്രാമീണ മേഖലയിലെ കുട്ടികൾക്ക് ഈ മാറ്റം വലിയ തിരിച്ചടിയാകുമെന്നാണ് കേരളവും തമിഴ്നാടും പറയുന്നത്. എല്ലാ വിദ്യാർഥികൾക്കും കമ്പ്യൂട്ടറും നല്ല ഇന്റർനെറ്റ് സൗകര്യവും പരീക്ഷാ കേന്ദ്രങ്ങളും ഒരുപോലെ ലഭിക്കില്ല. ഇത് സാധാരണക്കാരായ പിന്നാക്ക വിഭാഗത്തിലെ കുട്ടികളെ പ്രതികൂലമായി ബാധിക്കും. കൂടാതെ നീറ്റ് ചോദ്യങ്ങൾ കൂടുതലും സിബിഎസ്ഇ സിലബസ് പിന്തുടരുന്നതിനാൽ സ്റ്റേറ്റ് ബോർഡിൽ പഠിച്ച കുട്ടികൾക്ക് ഇതൊരു വെല്ലുവിളിയാണെന്നും സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടുന്നു. സ്കൂൾ ബോർഡ് മാർക്കിന് കൂടുതൽ പരിഗണന നൽകണമെന്നും വ്യത്യസ്ത ബോർഡുകൾ തമ്മിൽ തുല്യത ഉറപ്പാക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. സർക്കാർ സ്കൂളിലെ കുട്ടികളെയും തമിഴ് മീഡിയം വിദ്യാർഥികളെയും നീറ്റ് എങ്ങനെ ബാധിക്കുന്നുവെന്ന് പഠനം നടത്തിയ 2021-ലെ ജസ്റ്റിസ് എ.കെ. രാജൻ കമ്മിറ്റി റിപ്പോർട്ട് തമിഴ്നാട് ഈ അവസരത്തിൽ ഉയർത്തിക്കാട്ടി.

ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും ഉയർന്നതിന് പിന്നാലെ പരീക്ഷാ സംവിധാനം നവീകരിക്കാൻ ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ കേന്ദ്രം ഒരു ഉന്നത സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി രണ്ട് ഘട്ടങ്ങളിലായാണ് ശിപാർശകൾ നൽകുന്നത്. 2027-ലെ പരീക്ഷക്ക് വേണ്ട അടിയന്തര മാറ്റങ്ങളാണ് ആദ്യഘട്ടത്തിൽ നൽകുക. വലിയ പരിഷ്കാരങ്ങൾ 2028-29 മുതലാണ് നടപ്പാക്കുക. ജെഇഇ മാതൃകയിൽ പല ഷിഫ്റ്റുകളിലായി പരീക്ഷ നടത്തുന്ന രീതിയും പരിഗണനയിലുണ്ട്. ദീർഘകാല ലക്ഷ്യം പൂർണമായും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലേക്കും പിന്നീട് കമ്പ്യൂട്ടർ അഡാപ്റ്റീവ് ടെസ്റ്റിലേക്കും മാറുക എന്നതാണ്. ഇതുമായി ബന്ധപ്പെട്ട് വിദ്യാർഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നുമായി 54,000-ത്തിലധികം നിർദ്ദേശങ്ങൾ സമിതിക്ക് ലഭിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളുമായും ചർച്ച ചെയ്ത ശേഷമേ അന്തിമ റിപ്പോർട്ട് നൽകുകയുള്ളൂ. അതിനായി സമിതിയുടെ കാലാവധി 2027 ജനുവരി വരെ നീട്ടിയിട്ടുണ്ട്.

Tags:    
News Summary - NEET Exam Online Shift

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.