സി.ബി.എസ്.ഇ ഒമ്പത്, പത്ത് ക്ലാസുകളിൽ ത്രിഭാഷാ പദ്ധതി നിർബന്ധമാക്കുന്നു; ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: സി.ബി.എസ്.ഇ ഒമ്പത്, പത്ത് ക്ലാസുകളിലെ ഭാഷാ പഠനരീതിയിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. 2026-27 അധ്യയന വർഷം മുതൽ ത്രിഭാഷാ പദ്ധതി നിർബന്ധമാക്കിക്കൊണ്ട് മെയ് 15-ന് ബോർഡ് സർക്കുലർ പുറത്തിറക്കി. ദേശീയ വിദ്യാഭ്യാസ നയത്തിനും (എൻ.ഇ.പി-2020) നാഷണൽ കരിക്കുലം ഫ്രെയിംവർക്കിനും (എൻ.സി.എഫ്-എസ്.ഇ- 2023) അനുസൃതമായാണ് ഈ പരിഷ്കാരം.

പുതിയ വിജ്ഞാപനപ്രകാരം 2026 ജൂലൈ ഒന്ന് മുതൽ ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾ മൂന്ന് ഭാഷകൾ (ആർ-1, ആർ- 2, ആർ-3) നിർബന്ധമായും പഠിക്കണം. ഇതിൽ കുറഞ്ഞത് രണ്ട് ഭാഷകൾ ഇന്ത്യൻ പ്രാദേശിക ഭാഷകളായിരിക്കണം. വിദേശ ഭാഷ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് മറ്റ് രണ്ട് ഭാഷകൾ ഇന്ത്യൻ ഭാഷകളാണെന്ന് ഉറപ്പുവരുത്തിക്കൊണ്ട് മാത്രമേ അത് തെരഞ്ഞെടുക്കാനാകൂ. അല്ലെങ്കിൽ വിദേശ ഭാഷയെ നാലാമതൊരു അധിക ഭാഷയായി പഠിക്കാവുന്നതാണ്. 2026-27 അധ്യയന വർഷത്തെ പുതിയ എൻ.സി.ഇ.ആർ.ടി സിലബസ് വിലയിരുത്തിയ ശേഷമാണ് സി.ബി.എസ്.ഇ ഈ തീരുമാനമെടുത്തത്. നിലവിലെ അധ്യയന വർഷം ഏപ്രിലിൽ ആരംഭിച്ചതിനാൽ, ഘട്ടംഘട്ടമായുള്ള ഒരു പരിവർത്തന രീതിയായിരിക്കും നടപ്പിലാക്കുക.

പുതിയ സിലബസിനായുള്ള പ്രത്യേക 'ആർ-3' പാഠപുസ്തകങ്ങൾ പുറത്തിറങ്ങുന്നതുവരെ, ഈ അധ്യയന വർഷത്തെ ഒമ്പതാം ക്ലാസ് വിദ്യാർഥികൾ തങ്ങൾ തെരഞ്ഞെടുത്ത ഭാഷയുടെ ആറാം ക്ലാസിലെ പാഠപുസ്തകങ്ങളായിരിക്കും ഉപയോഗിക്കുക. ഇതിനൊപ്പം പ്രാദേശിക സാഹിത്യകൃതികളും കഥകളും സ്കൂളുകൾ ഉൾപ്പെടുത്തണം. ഇതുസംബന്ധിച്ച വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ ജൂൺ 15-നകം പുറത്തിറക്കും.

തുടക്കത്തിൽ പ്രാദേശിക ഭാഷകൾ പഠിപ്പിക്കാൻ യോഗ്യരായ അധ്യാപകരെ കണ്ടെത്തുന്നതിൽ സ്കൂളുകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ താൽക്കാലിക ഇളവുകൾ അനുവദിച്ചിട്ടുണ്ട്. സ്കൂളുകൾ തമ്മിൽ അധ്യാപകരെ പങ്കിടുക, ഹൈബ്രിഡ് അധ്യാപന രീതികൾ ഉപയോഗിക്കുക, വിരമിച്ച അധ്യാപകരെയും പി.ജി യോഗ്യതയുള്ളവരെയും താൽക്കാലികമായി നിയമിക്കുക എന്നിവയ്ക്ക് അനുമതിയുണ്ട്. 19 അംഗീകൃത ഭാഷകളിലുള്ള ആറാം ക്ലാസ് പാഠപുസ്തകങ്ങൾ ജൂലൈ ഒന്നിന് മുൻപ് സ്കൂളുകളിൽ ലഭ്യമാക്കുമെന്നും ബോർഡ് അറിയിച്ചു.

Tags:    
News Summary - Three-language formula made mandatory for CBSE classes 9 and 10; to take effect from July 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.