ബംഗളൂരു: 2025ലെ എസ്.എസ്.എൽ.സി പരീക്ഷകളിൽ 60 ശതമാനത്തിൽ താഴെ വിജയശതമാനം രേഖപ്പെടുത്തിയ സർക്കാർ, സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ പ്രധാനാധ്യാപകർക്ക് മോശം അക്കാദമിക് പ്രകടനത്തിന് വിശദീകരണം തേടി പൊതുവിദ്യാഭ്യാസ വകുപ്പ് (ഡി.പി.ഐ) നോട്ടീസ് അയച്ചു.
അതത് ജില്ലകളിലെ കുറഞ്ഞ വിജയ നിരക്കിന് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പബ്ലിക് ഇൻസ്ട്രക്ഷൻ (ഡി.ഡി.പി.ഐ)മാരെ ഉത്തരവാദികളാക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വകുപ്പിന് നിർദേശം നൽകിയതിനെ തുടർന്നാണ് നടപടി.
മികച്ച പ്രകടനം കാഴ്ചവെക്കാത്ത ജില്ലകളിലെ സർക്കാർ-എയ്ഡഡ് സ്കൂളുകൾ പരിശോധനക്ക് വിധേയമായിട്ടുണ്ട്. വിജയശതമാനം 60ൽ താഴെയായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ പട്ടിക തയാറാക്കാനും അവരുടെ ശമ്പളവർധന തടഞ്ഞുവെക്കാൻ ശിപാർശ ചെയ്യാനും ഡി.ഡി.പി.ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തുടർച്ചയായി മൂന്ന് വർഷത്തേക്ക് വിദ്യാർഥികളുടെ പ്രകടനം തൃപ്തികരമല്ലെങ്കിൽ പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള ശമ്പളവർധന തടഞ്ഞുവെക്കാൻ ഡി.ഡി.പി.ഐക്ക് അധികാരമുണ്ട്. അഞ്ച് വർഷമായി എസ്.എസ്.എൽ.സി പരീക്ഷകളിൽ വിജയശതമാനം 50ൽ താഴെയായ എയ്ഡഡ് സ്കൂളുകളുടെ ഗ്രാൻഡുകൾ തടഞ്ഞുവെക്കും.
ഈ വർഷം 3583 സർക്കാർ-എയ്ഡഡ് സ്കൂളുകളിൽനിന്നുള്ള 2,00,214 വിദ്യാർഥികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയതിൽ 1,18,066 പേർ (58.97 ശതമാനം) മാത്രമേ വിജയിച്ചിരുന്നുള്ളൂ. സർക്കാർ സ്കൂൾ ഹെഡ്മാസ്റ്റർമാർക്ക് നൽകിയ നോട്ടീസിൽ ‘കർമപരമായ വീഴ്ച’ എന്ന് പരാമർശിക്കുകയും വിദ്യാർഥികളെയും അധ്യാപകരെയും വേണ്ടരീതിയിൽ നയിക്കുന്നതിൽ അവർ പരാജയപ്പെട്ടുവെന്ന് ആരോപിക്കുകയും ചെയ്തു.
വകുപ്പിന്റെ സമീപനത്തെ കർണാടക സെക്കൻഡറി സ്കൂൾ അസിസ്റ്റന്റ് മാസ്റ്റേഴ്സ് അസോസിയേഷന്റെ ഓണററി പ്രസിഡന്റ് എച്ച്.കെ. മഞ്ജുനാഥ് വിമർശിച്ചു. പ്രൈമറി തലത്തിൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം സർക്കാറിനോട് ആവശ്യപ്പെട്ടു.
അധ്യാപകരെ മറ്റ് ഉത്തരവാദിത്തങ്ങൾ ഏൽപിക്കരുത്. അങ്ങനെയായാൽ അവർക്ക് അധ്യാപനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. എന്നിട്ടും അവർ നല്ല ഫലം ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടാൽ വകുപ്പിന് അവർക്കെതിരെ നടപടിയെടുക്കാം.
സ്കൂളുകളിൽ ഒഴിഞ്ഞുകിടക്കുന്ന 16,000 അധ്യാപക തസ്തികകൾ നികത്താൻ സർക്കാർ നടപടിയെടുക്കണം. ഇത് ഫലങ്ങളെ ബാധിക്കുന്നതായും മഞ്ചുനാഥ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.