തിരുവനന്തപുരം: നിയമസഭയിൽ തിങ്കളാഴ്ച അവതരിപ്പിക്കുന്ന രണ്ട് ബില്ലുകളിലൊന്നിൽ വൈസ് ചാൻസലർക്ക് പരമാധികാരവും മറ്റൊന്നിൽ അധികാരങ്ങൾ കവർന്നെടുക്കലും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അവതരിപ്പിക്കുന്ന സ്വകാര്യ സർവകലാശാല ബില്ലിലും സർവകലാശാല നിയമഭേദഗതി ബില്ലിലുമാണ് വി.സിയുടെ അധികാരം സംബന്ധിച്ച വൈരുധ്യങ്ങൾ. സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകാനുള്ള ബില്ലിൽ വി.സിമാർക്ക് സർവകലാശാലയിൽ സർവ അധികാരവും വകവെച്ചുനൽകുന്നു. എന്നാൽ സംസ്ഥാനത്തെ എട്ട് സ്റ്റേറ്റ് യൂനിവേഴ്സിറ്റികളിൽ വി.സിമാർക്കുള്ള പല അധികാരങ്ങളും കവർന്നെടുക്കുന്ന വ്യവസ്ഥകളോടെയാണ് സർവകലാശാല നിയമഭേദഗതി ബില്ല് അവതരിപ്പിക്കുന്നത്.
സ്റ്റേറ്റ് യൂനിവേഴ്സിറ്റികളിൽ നിലവിൽ വി.സിക്കുള്ള അധികാരങ്ങൾ വെട്ടിക്കുറച്ച് ഇവ സർവകലാശാല സിൻഡിക്കേറ്റ്, പ്രോ വൈസ് ചാൻസലർ, രജിസ്ട്രാർ എന്നിവർക്ക് നൽകുന്ന രീതിയിലാണ് പല വ്യവസ്ഥകളിലെയും ഭേദഗതി. സർവകലാശാലയുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ ചാൻസലറായ ഗവർണർക്ക് പോലും അധികാരമില്ലെന്നിരിക്കെയാണ് പ്രോ ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് വിപുലമായ അധികാരങ്ങൾ നൽകാനുള്ള വ്യവസ്ഥകൾ കൂട്ടിച്ചേർത്തത്. സർവകലാശാലയിലെ ഏത് ഫയലും വിളിച്ചുവരുത്തി പരിശോധിക്കാനും നടപടി നിർദേശിക്കാനുമുള്ള അധികാരം പ്രോ ചാൻസലർക്ക് നൽകുന്ന വ്യവസ്ഥകളും ചേർത്തിട്ടുണ്ട്. പ്രോ ചാൻസലറുടെ നിർദേശങ്ങൾ സർവകലാശാല നടപ്പാക്കണം. സർവകലാശാലയുടെ ഭരണ, സാമ്പത്തിക കാര്യങ്ങളിൽ ഉൾപ്പെടെ അന്വേഷണത്തിന് ഉത്തരവിടാനുള്ള അധികാരവും പ്രോ ചാൻസലറായ മന്ത്രിക്ക് നൽകുന്നു.
വി.സിയുടെ തീരുമാനങ്ങളിൽ സിൻഡിക്കേറ്റിന് വിയോജിപ്പുണ്ടായാൽ അന്തിമ തീരുമാനമെടുക്കാനുള്ള ഗവർണറുടെ നിലവിലെ അധികാരവും എടുത്തുമാറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.