പാലം സാക്ഷി...
മൈസൂരു സ്വദേശിയായ കൃഷ്ണനും കുടുംബവും വല്ലാർപാടം ഗോശ്രീ പാലത്തിന് താഴെയാണ് അന്തിയുറക്കം. കൊട്ടവഞ്ചിയിൽ മീൻപിടിച്ച് ഉപജീവനം നടത്തുന്ന ഇവർ മക്കളെ പഠിപ്പിക്കുന്നത് മുളവുകാട്ടെ ഗവ. എൽ.പി സ്കൂളിലും. അതിജീവനത്തിന്‍റെ വഴിയിലും സ്കൂളിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ പാലത്തിന്‍റെ ബീമിലിരുന്ന് പുതുപുസ്തകം നോക്കുന്ന കൃഷ്ണന്‍റെ മക്കളായ സജനും ഇന്ദിരയും
(ഫോട്ടോ: രതീഷ് ഭാസ്കർ)
തിരുവനന്തപുരം: രണ്ട് മാസത്തെ മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കുന്നു. ഒന്ന് മുതൽ 12 വരെ ക്ലാസുകളിലെ 40 ലക്ഷത്തോളം വിദ്യാർഥികളാണ് വീണ്ടും അറിവിന്‍റെ ലോകത്തേക്ക് എത്തുന്നത്. ഇതിൽ രണ്ടേമുക്കാൽ ലക്ഷത്തിലധികം വിദ്യാർഥികൾ ഒന്നാം ക്ലാസിലെത്തും.
കഴിഞ്ഞ വർഷം സംസ്ഥാന സിലബസിൽ പ്രവർത്തിക്കുന്ന സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് 2,82,339 കുട്ടികളായിരുന്നു. ആറാം പ്രവൃത്തിദിനത്തിലെ കണക്കെടുപ്പിന് ശേഷമായിരിക്കും ഈ വർഷത്തെ വിദ്യാർഥികളുടെ കണക്ക് പുറത്തുവരിക.
ജൂൺ എട്ടിനാകും അത്. കഴിഞ്ഞ വർഷം ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിൽ 35.34 ലക്ഷം വിദ്യാർഥികളാണുണ്ടായിരുന്നത്. ജനന നിരക്ക് കുറഞ്ഞതിനാൽ വർഷങ്ങളായി സ്കൂളുകളിൽ കുട്ടികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ട്.
അവസാന മൂന്ന് വർഷങ്ങളിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം കുറഞ്ഞപ്പോൾ അൺഎയ്ഡഡ് സ്കൂളുകളിൽ വർധനയായിരുന്നു. സംസ്ഥാനതല പ്രവേശനോത്സവം ഇന്ന് രാവിലെ ഒമ്പതരക്ക് തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ധീൻ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ. മുരളീധരൻ, സി.പി. ജോൺ തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.