തിരുവനന്തപുരം: സ്കൂൾ പൊതുപരീക്ഷകളിൽ സെമസ്റ്റർ രീതി പരിഗണിക്കണമെന്ന് പാഠ്യപദ്ധതി പരിഷ്കരണത്തിനുള്ള ‘കേരള പാഠ്യപദ്ധതി’ കരട് ചട്ടക്കൂടിൽ നിർദേശം. നിലവിൽ പത്താം ക്ലാസിലും ഹയർ സെക്കൻഡറിയിലുമാണ് പൊതുപരീക്ഷ. സെമസ്റ്റർ രീതി പഠനവും പരീക്ഷയും തമ്മിലുള്ള ദൂരം കുറക്കാൻ സഹായിക്കുമെന്ന് ചട്ടക്കൂടിൽ പറയുന്നു.
വിഷയക്കൂട്ടങ്ങളായുള്ള പഠനം 11ാം ക്ലാസിൽ തുടങ്ങുന്നതിനാൽ പത്താം ക്ലാസിൽ കുട്ടികളുടെ പഠനനില തിരിച്ചറിയാനും അഭിരുചി മേഖല നിർണയിക്കാനും പൊതുപരീക്ഷ (മൂല്യനിർണയം) ആവശ്യമാണ്. ഇപ്പോഴുള്ള പരീക്ഷയെ ആ രൂപത്തിൽ മാറ്റണം. പ്രൈമറിതലം മുതൽ സെക്കൻഡറിതലം വരെ കുട്ടിയുടെ പൂർണമായ പഠനപുരോഗതി രേഖപ്പെടുത്തുന്ന സമഗ്ര പുരോഗതി രേഖ (ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ്) തയാറാക്കണം.
നിരന്തര വിലയിരുത്തലിലൂടെ കുട്ടിയെക്കുറിച്ച് ലഭിക്കുന്ന തിരിച്ചറിവുകൾ രേഖപ്പെടുത്തുന്ന ‘എന്റെ കുട്ടികൾ’ എന്ന രേഖ ഡിജിറ്റലാക്കണം. അധ്യാപകരെ വിലയിരുത്താൻ സ്വാതന്ത്ര്യവും അവസരവും കുട്ടികൾക്ക് നൽകണം. ഒരു പരീക്ഷക്ക് പകരം ഒന്നിലധികം പരീക്ഷക്ക് അവസരം നൽകി ഏറ്റവും നല്ല പ്രകടനം കുട്ടിയുടെ വിലയിരുത്തലിന് ഉപയോഗപ്പെടുത്താം. പഠനത്തിനും പരീക്ഷക്കുമിടയിലെ നീണ്ട ഇടവേള ഒഴിവാക്കണം.
പാഠ്യപദ്ധതി, സിലബസ്, പാഠപുസ്തകം, പഠനപ്രക്രിയ എന്നിവ നിരന്തരം ജെൻഡർ ഓഡിറ്റിങ്ങിന് വിധേയമാക്കണം. എല്ലാ വിഷയങ്ങളുടെയും പഠനത്തിൽ ലിംഗനീതി പ്രതിഫലിക്കണം. വിവേചനങ്ങൾ അരക്കിട്ടുറപ്പിക്കുന്ന ഉള്ളടക്കങ്ങൾ, ചിത്രീകരണങ്ങൾ, ഭാഷ, പെരുമാറ്റങ്ങൾ എന്നിവ പാഠ്യപദ്ധതി, പാഠപുസ്തകം, വിനിമയ പ്രക്രിയ, വിദ്യാലയാന്തരീക്ഷം എന്നിവയിൽനിന്ന് ഒഴിവാക്കണം. സഹവർത്തിത സംസ്കാരം വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും വേണം. സഹവർത്തിത പഠനരീതിയെ പരിപോഷിപ്പിക്കണം -കരട് ചട്ടക്കൂടിൽ നിർദേശിക്കുന്നു.
ക്ലാസ് മുറികളിലെല്ലാം ഇന്റര്‍നെറ്റ് സൗകര്യത്തിൽ ഡിജിറ്റല്‍ ഉള്ളടക്കത്തോടെ സാങ്കേതികവിദ്യാ സൗഹൃദ വിദ്യാഭ്യാസത്തിലേക്കുള്ള മാറ്റവും ചട്ടക്കൂട് നിർദേശിക്കുന്നു.കോവിഡിന് ശേഷമുള്ള ലോകസാഹചര്യം മുന്‍നിര്‍ത്തി ആരോഗ്യ-കായിക വിദ്യാഭ്യാസം, എല്‍.പിമുതല് കലാപഠനം തുടങ്ങിയവക്കും ഊന്നലുള്ളതാണ് പാഠ്യപദ്ധതി.
ഭാഷാപഠനത്തില്‍ കൈയെഴുത്തിനൊപ്പം ഡിജിറ്റലെഴുത്തും വേണം. വെര്‍ച്വല്‍, ഓഗമെന്റഡ് റിയാലിറ്റി സജ്ജീകരണങ്ങളും ഒരുക്കണം. പാഠപുസ്തകങ്ങളുടെ പി.ഡി.എഫ് രൂപം കുട്ടികളുമായി സംവദിക്കുന്ന വിധത്തില്‍ ഡിജിറ്റല്‍ പതിപ്പാക്കും. ഒപ്പം ഭിന്നശേഷി സൗഹൃദമാക്കാന്‍ ടെക്സ്റ്റ് ടു സ്പീച്ച്, ബ്രെയിലിപോലുള്ള രൂപങ്ങളും ഉപയോഗിക്കും. ഇന്ററാക്ടീവ് ബുക്ക്, ഓഡിയോ ബുക്ക്, ഭാഷാ ലാബുകള്‍, മള്‍ട്ടിമീഡിയ, സോഷ്യല്‍ മീഡിയ, ബിഗ് ഡാറ്റ, അനിമേഷനുകള്‍ തുടങ്ങിയ സാധ്യതകളും ഉപയോഗപ്പെടുത്തും.
ഹയർസെക്കൻഡറി പഠനം കഴിഞ്ഞിറങ്ങുമ്പോള്‍ ഒരു തൊഴിലിലെങ്കിലും വിദ്യാര്‍ഥി കഴിവ് ആര്‍ജിച്ചെന്ന് ഉറപ്പാക്കാന്‍ തൊഴില്‍ വിദ്യാഭ്യാസം നിര്‍ബന്ധമാക്കണം.ഇതിനായി ഹയർ സെക്കൻഡറിതലത്തിൽ തൊഴിൽപരിശീലനത്തിനും നിർദേശമുണ്ട്. പ്രൈമറിതലം മുതല്‍ തൊഴില്‍ മനോഭാവം വളര്‍ത്തണം. അഞ്ച്-ഏഴ് ക്ലാസുകളില്‍ തൊഴില്‍ അഭിരുചികൂടി ഉള്ളടക്കത്തിലുണ്ടാകും. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളില്‍ മനോഭാവം, അഭിരുചി, നൈപുണി എന്നിവ ഉറപ്പാക്കാനുള്ള ഉള്ളടക്കവും പ്രായോഗിക അനുഭവങ്ങളും ഉള്‍ച്ചേര്‍ക്കും.
ഒമ്പത് മുതല്‍ ആഴത്തിലുള്ള തൊഴില്‍ പഠനത്തിലേക്ക് തിരിയും. 11,12 ക്ലാസുകളില്‍ തൊഴില്‍ പരിശീലനവും സാധ്യമാക്കും. നിര്‍മിതബുദ്ധി, ഡാറ്റ അനലിറ്റിക്സ്, ഡിജിറ്റല്‍ കണ്ടന്റ് റൈറ്റിങ്, റോബോട്ടിക്സ് തുടങ്ങിയ സാധ്യതകളും തൊഴില്‍ പഠനത്തിന് ഉപയോഗിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.