ബംഗളൂരു: സ്കൂൾ ഫീസ് വർധനക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ പ്രതിഷേധ സ്വരം ഉയർത്തുകയാണ് ബംഗളൂരു ജനങ്ങൾ. നഴ്സറി ക്ലാസിലെ കുട്ടിയുടെ ഫീസ് 1.85 ലക്ഷമാണ്. ഇന്ത്യൻ വിദ്യാഭ്യാസ മേഖലയിലെ ചെലവുകൾ വർധിക്കുന്നതിനെക്കുറിച്ച് റെഡിറ്റിൽ ബംഗളൂരു സ്വദേശി പങ്കുവെച്ച കുറിപ്പിന് നിരവധിപേർ പിന്തുണയുമായെത്തി.
നഗരത്തിലെ ഒരു നഴ്സറി സ്കൂളിലെ ഒരു വർഷത്തെ ഫീസ് വിവരമാണ് റെഡിറ്റിൽ പങ്കുവെച്ചിട്ടുള്ളത്. സ്കൂളിലെ രജിസ്ട്രേഷൻഫീസ് 5000 ആണ്. യൂണിഫോം, ബുക്ക് തുടങ്ങിയവക്ക് 28420 രൂപയും. ജൂൺ മുതൽ നവംബർ വരെയുള്ള ഫീസ് 91200 രൂപയും ബാക്കി അടക്കേണ്ടത് 60,800 രൂപയും. ഒരു നഴ്സറി സ്കൂളിൽ പഠിക്കുന്ന കുട്ടിയിൽ നിന്ന് ഇത്രയും തുക ഫീസീടാക്കേണ്ടതുണ്ടോ എന്ന് പോസ്റ്റിൽ ചോദിക്കുന്നു.
മികച്ച വിദ്യാഭ്യാസം ധനികർക്ക് മാത്രം പ്രാപ്യമാകുന്ന അവസ്ഥയിലേക്കാണ് പോയിക്കൊണ്ടികരിക്കുന്നതെന്നും വാർഷിക ഫീസ് ഒരു ലക്ഷത്തിൽ താഴെയാക്കി നിയന്ത്രിക്കണമെന്നും പോസ്റ്റിൽ ആവശ്യപ്പെടുന്നു. പോസ്റ്റ് വൈറലായതോടെ 1500 പേരാണ് അഭിപ്രായത്തെ പിന്തുണച്ചെത്തിയത്. പലരും തങ്ങളുടെ ദുരനുഭവങ്ങൾ കമന്‍റായി പങ്കുവെച്ചു.
തന്‍റെ മൊത്തം വിദ്യാഭ്യാസ ജീവിതത്തിൽ ചെലവാക്കിയ തുകയാണ് ഇപ്പോൾസ നഴ്സറി ക്ലാസിൽ തന്നെ ഒരു കുട്ടിക്ക് വേണ്ടി ചെലവാക്കേണ്ടി വരുന്നതെന്ന് ഒരാൾ പറഞ്ഞു. തന്‍റെ ബന്ധുവിന്‍റെ മകൾക്ക് ഒരു വർഷം നാലു മുതൽ 5 ലക്ഷം രൂപ വരെ ചെലവാക്കേണ്ടി വരുന്നുണ്ടെന്ന് മറ്റൊരഭിപ്രായം.
എന്തായാലും ബംഗളൂരുവിലെ വിദ്യാഭ്യാസച്ചെലവ് സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്തതായി മാറി കൊണ്ടിരിക്കുന്നു എന്നതിന്‍റെ തെളിവാണ് കമന്‍റുകളിൽ നിന്ന് വരുന്നത്.
എ,ബി,സി,ഡിയും 1,2,3 ഉം പഠിപ്പിക്കാൻ ലക്ഷങ്ങൾ ചെലവാകുന്നതെങ്ങനെയെന്ന് ചോദ്യങ്ങൾ ഉയരുന്നു. ഗൂഗ്ളിൽ ജോലി ചെയ്യുന്ന ദമ്പതികൾ തങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസത്തിനായി 11.2 ലക്ഷം രൂപയാണ് ചെലവിടുന്നതെന്ന് കഴിഞ്ഞ മാസം വെളിപ്പെടുത്തിയത് ഏറെ ചർച്ചയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.