തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിൽ ആനുപാതിക സീറ്റ് വർധനയും താൽക്കാലിക ബാച്ചുകളും ആദ്യഘട്ടത്തിൽ തന്നെ അനുവദിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. 2022-23 അധ്യയനവർഷം താൽക്കാലികമായി അനുവദിച്ച 77 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത നാല് ബാച്ചുകളും കൂടി ചേർന്ന 81 ബാച്ചുകളും 2023-24 ൽ അനുവദിച്ച 97 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത 14 ബാച്ചുകളും കൂടി 111 ബാച്ചുകളും 2024 -25 ൽ അനുവദിച്ച 138 ബാച്ചുകളും ഈ വർഷവും തുടരും.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ എല്ലാ സർക്കാർ സ്കൂളുകളിലും 30 ശതമാനവും എല്ലാ എയ്ഡഡ് സ്കൂളികളിൽ 20 ശതമാനവും മാർജിനൽ സീറ്റ് വർധനയാണ് അനുവദിക്കുക. ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകൾക്ക് 10 ശതമാനം കൂടി സീറ്റ് വർധിപ്പിക്കുന്നതിന് അനുമതി നൽകും. കൊല്ലം, എറണാകുളം, തൃശൂർ ജില്ലകളിലെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ 20 ശതമാനവും ആലപ്പുഴയിലെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ 20 ശതമാനവുമാണ് സീറ്റ് വർധന.
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ സീറ്റ് വർധനയില്ല. 30 ശതമാനം സീറ്റ് വർധന വഴി ബാച്ചുകളിൽ കുട്ടികളുടെ എണ്ണം 50ൽ നിന്ന് 65ഉം 20 ശതമാനം വഴി 60 ഉം ആയി വർധിക്കും. ആനുപാതിക സീറ്റ് വർധന വഴി 64040 സീറ്റുകളാണ് അധികമായി ലഭിക്കുക. താൽക്കാലിക ബാച്ചുകളിലൂടെ 17290 സീറ്റുകളും ലഭ്യമാകും. മൊത്തം 81,310 സീറ്റുകളാണ് അധികമായി ലഭിക്കുക. പ്ലസ് വൺ പ്രവേശനത്തിന് ഹയർ സെക്കൻഡറി മേഖലയിൽ അൺ എയ്ഡഡ് സീറ്റുകൾ ഉൾപ്പെടെ 4,41,887 സീറ്റുകളും വൊക്കേഷനൽ ഹയർ സെക്കൻഡറി മേഖലയിൽ 33,030 സീറ്റുകളും ചേർന്ന് ആകെ 4,74,917 സീറ്റുകൾ ലഭ്യമാകും. ഇതിനു പുറമെ, ഐ.ടി.ഐ മേഖലയിൽ 61,429 സീറ്റുകളും പോളിടെക്നിക് മേഖലയിൽ 9,990 സീറ്റുകളും ഉപരിപഠനത്തിന് ലഭ്യമാണ്. എല്ലാ മേഖലകളിലുമായി ഉപരിപഠനത്തിന് ആകെ 5,46,336 സീറ്റുകളുണ്ടെന്നും മന്ത്രി അറിയിച്ചു.
പ്ലസ് വൺ അപേക്ഷ 14 മുതൽ
തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം മേയ് 14ന് തുടങ്ങുമെന്ന് മന്ത്രി വി. ശിവൻകുട്ടി. അപേക്ഷ ഓൺലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി മേയ് 20. ട്രയൽ അലോട്ട്മെന്റ് മേയ് 24 നും ആദ്യ അലോട്ട്മെന്റ് ജൂൺ രണ്ടിനും നടക്കും.
രണ്ടാം അലോട്ട്മെന്റ് ജൂൺ 10നും മൂന്നാം അലോട്ട്മെന്റ് ജൂൺ 16നും നടത്തും. മൂന്ന് അലോട്ട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനമുറപ്പാക്കി ജൂൺ 18ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. മുൻ വർഷം ക്ലാസുകൾ ആരംഭിച്ചത് ജൂൺ 24 നായിരുന്നു. മുഖ്യഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി ജൂലൈ 23ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും.
പട്ടിക ജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആറ് മോഡൽ റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്രവേശനം ഈ വർഷം മുതൽ ഏകജാലക സംവിധാനത്തിലൂടെയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.