പ്ലസ് വൺ ഓൺലൈൻ അപേക്ഷ തീയതി 21 വരെ നീട്ടി

കൊച്ചി: പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ നൽകാനുള്ള അവസാന തീയതി ജൂലൈ 21 വരെ നീട്ടണമെന്ന് ഹൈകോടതി. ഇതേ തുടർന്ന് 21ന് ഉച്ചക്ക് ഒരു മണിവരെ സമയം ദീർഘിപ്പിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവായി. അപേക്ഷ നൽകാനുള്ള അവസാന ദിവസം തിങ്കളാഴ്ച തീരാനിരിക്കെയാണ് ജസ്റ്റിസ് രാജ വിജയരാഘവന്‍റെ ഇടക്കാല ഉത്തരവ്.

സി.ബി.എസ്.ഇ സിലബസിൽ പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന മലപ്പുറം സ്വദേശികളായ രണ്ട് വിദ്യാർഥികളുടെ ഹരജിയിലാണ് ഉത്തരവ്. പത്താം ക്ലാസ് പരീക്ഷഫലം എന്ന് പ്രഖ്യാപിക്കാനാവുമെന്ന് അന്ന് അറിയിക്കാൻ സി.ബി.എസ്.ഇക്ക് കോടതി നിർദേശവും നൽകി. ജൂലൈ 11 മുതലാണ് ഓൺലൈൻ അപേക്ഷ ആരംഭിച്ചത്.

സി.ബി.എസ്.ഇ പരീക്ഷ ഫലം പ്രസിദ്ധീകരിക്കാത്ത സാഹചര്യത്തിൽ 2017, 18 വർഷങ്ങളിൽ അപേക്ഷ സമയം നീട്ടി ഹൈകോടതി ഉത്തരവിട്ടിട്ടുണ്ടെന്നും സമാന ഉത്തരവിന്‍റെ ആനുകൂല്യം തങ്ങൾക്കും അനുവദിക്കണമെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. ട്രയൽ അലോട്ട്മെന്റ് ജൂലൈ 21ന് മാത്രമേ പ്രസിദ്ധീകരിക്കൂവെന്നും ഇതിന് മുമ്പ് സി.ബി.എസ്.ഇ ഫലം പ്രസിദ്ധീകരിച്ചാൽ 23 വരെ അപേക്ഷിക്കാനുള്ള അവസരം നൽകാനാവുമെന്നുമായിരുന്നു സർക്കാറിന്‍റെ വിശദീകരണം. 

Tags:    
News Summary - Plus One online application date extended till 21st

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.