പ്ലസ് വൺ; ആദ്യ അലോട്ട്മെന്‍റ് പ്രവേശനം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: പ്ലസ് വൺ ആദ്യ അലോട്ട്മെന്‍റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം ഇന്ന് വൈകീട്ട് അഞ്ചിന് അവസാനിക്കും. അലോട്ട്മെന്‍റ് ലഭിച്ചിട്ടും സ്ഥിര പ്രവേശനമോ താൽക്കാലിക പ്രവേശനമോ നേടാത്തവർ പ്രവേശന നടപടികളിൽ നിന്ന് പുറത്തുപോകും. ഒന്നാമത്തെ ഓപ്ഷനിൽ തന്നെ അലോട്ട്മെന്‍റ് ലഭിച്ചവർ സ്ഥിരം പ്രവേശനം നേടണം. അല്ലാത്തവർക്ക് സ്ഥിരപ്രവേശനമോ താൽക്കാലിക പ്രവേശനമോ നേടാം.

രണ്ടാം അലോട്ട്മെന്‍റ് ജൂൺ ഒമ്പതിന് രാത്രിയോടെ പ്രസിദ്ധീകരിക്കും. ജൂൺ 10, 11 തീയതികളിൽ പ്രവേശനം നടക്കും. ഒന്നാം ഘട്ടത്തിൽ അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനം നേടാത്ത സീറ്റുകളിലേക്കും ബാക്കിയുള്ള മെറിറ്റ് സീറ്റുകളിലേക്കുമായിരിക്കും രണ്ടാം ഘട്ടത്തിൽ അലോട്ട്മെന്‍റ് നടക്കുക. മൂന്നാം അലോട്ട്മെന്‍റ് ജൂൺ 16ന് പ്രസിദ്ധീകരിക്കും. ജൂൺ 18ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും.

സീറ്റ്‌ ക്ഷാമമില്ലെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: പ്ലസ്‌ വൺ പ്രവേശനത്തിൽ സംസ്ഥാനത്ത്‌ സീറ്റ്‌ ക്ഷാമമില്ലെന്ന്‌ ആവർത്തിച്ച്‌ മന്ത്രി വി. ശിവൻകുട്ടി. നിലവിൽ സീറ്റുകൾ അധികമാണ്‌. മറിച്ചുള്ള കണക്കുകൾ ശരിയല്ല. മലപ്പുറത്ത്‌ കഴിഞ്ഞ വർഷവും സീറ്റ്‌ അധികമായിരുന്നു. കുറ്റമറ്റ രീതിയിൽ പ്ലസ്‌ വൺ പ്രവേശന നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

സ്‌കൂൾ പ്രവൃത്തി സമയം അര മണിക്കൂർ വർധിപ്പിച്ചതിൽ ആശങ്കക്ക്‌ ഇടമില്ല. പ്രായോഗികമായുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക്‌ അധ്യാപക സംഘടനകളുമായി ചർച്ച നടത്തും. രാവിലെയും വൈകീട്ടും 15 മിനിറ്റ് വീതം കൂട്ടിയതില്‍ എല്‍.പി, യു.പി വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നതായി ശ്രദ്ധയിൽപെട്ടു. ഈ വിഷയത്തിൽ ഉടൻ വ്യക്തത വരുത്തും. മുടി മുറിക്കാത്തതിന്റെ പേരിൽ വിദ്യാർഥികളെ പുറത്തുനിർത്തിയതുപോലുള്ള നിലപാടുകൾ അംഗീകരിക്കാനാകില്ല. ഒരു അച്ചടക്കത്തിന്റെ പേരിലും പ്രാകൃത നടപടികൾ സ്വീകരിക്കാൻ പാടില്ല. ഇതു സംബന്ധിച്ച്‌ അന്വേഷിച്ച്‌ റിപ്പോർട്ട്‌ സമർപ്പിക്കാൻ കൊല്ലം ആർ.ഡി.ഡിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌.

കണ്‍സഷനില്ലെന്നു കരുതി കുട്ടിയെ ബസിൽ നിന്നിറക്കി വിടുക, സ്‌കൂൾ കുട്ടികളെ കണ്ടാൽ ബസ് കൃത്യമായി സ്റ്റോപ്പില്‍ നിര്‍ത്താതിരിക്കുക തുടങ്ങിയ നടപടികളും അംഗീകരിക്കാനാകില്ല. ബസ്‌ ഫീസ്‌ അടക്കാൻ വൈകിയെന്ന പേരിലും കുട്ടിയെ ഇറക്കിവിടാൻ പാടില്ലെന്ന് മന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

Tags:    
News Summary - Plus One; First allotment admissions end today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.