പയ്യന്നൂർ: ബിരുദാനന്തര ബിരുദ കോഴ്സുകളിൽ ഗൈഡ് ചെയ്യാനാവശ്യമായ അധ്യാപകരില്ലാത്തതിനാൽ പരിയാരത്തെ കണ്ണൂർ ഗവ. ആയുർവേദ കോളജിൽ പി.ജി കോഴ്സിെൻറ അംഗീകാരം നഷ്ടപ്പെട്ടു.
നാല് സ്പെഷാലിറ്റി വിഭാഗങ്ങളിലായി 28 സീറ്റുകളിലെ പി.ജി കോഴ്സിെൻറ അംഗീകാരമാണ് നഷ്ടപ്പെട്ടത്. ക്രിയാശാരീരം, ഭൈഷജ്യകൽപന, ശല്യതന്ത്രം, ശാലാക്യ തന്ത്രം എന്നീ വിഭാഗങ്ങളുടെ അംഗീകാരമാണ് കേരള ആരോഗ്യ സർവകലാശാല, പരിശോധനക്കുശേഷം എടുത്തുകളഞ്ഞത്.
ഉത്തര മലബാറിൽ സർക്കാർ നിയന്ത്രണത്തിലുള്ള ഏക ആയുർവേദ കോളജ് എന്ന നിലയിൽ ഏറെ പരിശ്രമങ്ങൾക്ക് ശേഷമാണ് ഇവിടെ പി.ജി കോഴ്സുകൾ ആരംഭിച്ചത്. ഇതാണ് നഷ്ടപ്പെട്ടത്. പോസ്റ്റ് ഗ്രാജ്വേറ്റ് പഠനസൗകര്യം വൈദ്യ വിദ്യാഭ്യാസ മേഖലയിലും ചികിത്സാരംഗത്തും ഏറെ നേട്ടങ്ങൾ ഉണ്ടാക്കാൻ സഹായകമായിട്ടുണ്ട്.
മുൻ വർഷങ്ങളിലെ പരിശോധനകളിൽ തൽക്കാലത്തേക്ക് ചില അധ്യാപകരുടെ നിയമനം കാണിച്ചാണ് പ്രവർത്തനാനുമതി നേടിയതെങ്കിൽ ഇത്തവണ അത്തരം ഇടപെടലുകൾ സാധ്യമല്ല എന്ന നിലപാടാണ് ആരോഗ്യ സർവകലാശാല സ്വീകരിച്ചിരിക്കുന്നത്. സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് ആയുർവേദ കോളജുകളെ അപേക്ഷിച്ച് തീരെ കുറവാണ് കണ്ണൂരിലെ അധ്യാപകരുടെ എണ്ണം.
തസ്തികക്കുവേണ്ടി നിരന്തരം ആവശ്യമുന്നയിച്ചിട്ടും മലബാർ മേഖലയായതിനാൽ അവഗണിക്കുകയാണെന്ന് വ്യാപകമായി പരാതിയുണ്ട്. മാത്രമല്ല, തെക്കൻ ജില്ലകളിൽ നിന്നുള്ള അധ്യാപകർ കണ്ണൂരിൽ ജോലി ചെയ്യാൻ തയാറാവാത്തതായും പരാതിയുണ്ട്. പലരും ഇവിടത്തേക്ക് മാറ്റം കിട്ടിയാൽ നീണ്ട അവധിയെടുക്കുന്നതായും നേരത്തെ ആക്ഷേപമുയർന്നിരുന്നു. സർവകലാശാലയുടെ പരിശോധന സമയത്തുമാത്രം ആവശ്യത്തിന് അധ്യാപകരെ കാണിച്ച് പിന്നീട് അവർ സ്ഥലം മാറുമ്പോൾ പകരം ആളുകൾ വരാത്തതും ഇവിടെ പ്രശ്നമായി തുടരുകയാണ്.
പി.ജി വിദ്യാർഥികളെ ഗൈഡ് ചെയ്യാനാവശ്യമായ അധ്യാപക തസ്തികകൾ അടിയന്തരമായി അനുവദിച്ചുകൊണ്ട് പി.ജി കോഴ്സുകൾ പുന:സ്ഥാപിക്കണമെന്നതാണ് അധ്യാപകരുടെയും വിദ്യാർഥികളുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.