ഇതൊരു സാധാരണ സർവ്വകലാശാലയല്ല. വിജ്ഞാനത്തിന്റെ ഒരു വസന്തം തീർത്ത്, ലോകത്തെ അതിസമർഥരായ വിദ്യാർഥികളെ മാടിവിളിക്കുകയാണിവർ. 2019 ലാണ് ലോകത്തിലെ ആദ്യത്തെ, ബിരുദാനന്തര-ഗവേഷണ തലത്തിലുള്ള എ.ഐ സർവകലാശാലയായി MBZUAI സ്ഥാപിതമാകുന്നത്. ലോകത്തിലെ ആദ്യ എ.ഐ യൂനിവേഴ്സിറ്റി എന്ന് വേണമെങ്കിൽ പറയാം. ‘നമ്മൾ അവസാനത്തെ തുള്ളി എണ്ണയും കയറ്റുമതി ചെയ്യുന്ന ദിവസം, നമ്മൾ സങ്കടപ്പെടുകയല്ല, മറിച്ച് ആഘോഷിക്കുകയാണ് ചെയ്യുക’ എന്ന് പറഞ്ഞ യു.എ.ഇ ഭരണാധികാരികളുടെ ദീർഘവീക്ഷണമാണ് ഈ സർവകലാശാലയുടെ അടിത്തറ. സിലിക്കൺ വാലിക്കും ഓക്സ്ഫഡിനും ഇടയിൽ അബൂദബി ഇന്ന് ലോകത്തെ വിസ്മയിപ്പിക്കുന്നത് ഇത്തരം ചടുലമായ നീക്കങ്ങളിലൂടെയാണ്. ലോകത്തെ ഏറ്റവും മികച്ച 100 കമ്പ്യൂട്ടർ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഒന്നായി ഇതിനകം MBZUAI മാറിക്കഴിഞ്ഞു.
എന്തുകൊണ്ട് ലോകം ഇങ്ങോട്ട് ഒഴുകുന്നു?
എം.ഐ.ടി (MIT), കാർണഗി മെലോൺ, സ്റ്റാൻഫോർഡ് തുടങ്ങിയ ലോകോത്തര സർവകലാശാലകളോട് കിടപിടിക്കുന്ന, അല്ലെങ്കിൽ അതിനേക്കാൾ മികച്ച സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ലോകോത്തര ഫാക്കൽറ്റി: ഗൂഗിൾ, ആപ്പിൾ, ഫേസ്ബുക്ക്, ആമസോൺ തുടങ്ങിയ കമ്പനികളിലെ മുൻനിര ഗവേഷകരും, ലോകപ്രശസ്ത പ്രഫസർമാരുമാണ് ഇവിടെ ക്ലാസുകൾ നയിക്കുന്നത്. പുസ്തകങ്ങളിൽ മാത്രം കണ്ടുപരിചയിച്ച പേരുകാർ നിങ്ങളുടെ മെന്റർമാരാകുന്നു.
അൺലിമിറ്റഡ് കമ്പ്യൂട്ടിങ് പവർ: എ.ഐ ഗവേഷണത്തിന് ഏറ്റവും ആവശ്യം കരുത്തുറ്റ കമ്പ്യൂട്ടറുകളാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച കമ്പ്യൂട്ടിങ് ഇൻഫ്രാസ്ട്രക്ചർ (NVIDIA Supercomputers) ഇവിടെ ഓരോ വിദ്യാർഥിക്കും ലഭ്യമാണ്. (സാധാരണ കോളേജുകളിൽ ലാബ് സമയം കാത്തുനിൽക്കേണ്ടി വരുമ്പോൾ, ഇവിടെ നിങ്ങൾക്ക് സ്വന്തമായി സൂപ്പർ കമ്പ്യൂട്ടർ ആക്സസ് ലഭിക്കുന്നു).
3. ജെയ്‌സ്(Jais) എന്ന വിപ്ലവം: എ.ഐ ലോകം ഇംഗ്ലീഷിന് പിന്നാലെ പോകുമ്പോൾ, അറബിക് ഭാഷക്കായി ലോകത്തിലെ ഏറ്റവും മികച്ച ലാംഗ്വേജ് മോഡൽ(LLM) വികസിപ്പിച്ചത് ഇവിടുത്തെ ഗവേഷകരാണ്. ഗൂഗിളിനോടും ഓപ്പൺ എ.ഐയോടും കിടപിടിക്കുന്ന പ്രാദേശിക ഭാഷാ സാങ്കേതികവിദ്യ വികസിപ്പിക്കുക വഴി സാംസ്കാരികമായ ഒരു വിപ്ലവം കൂടിയാണ് അവർ നടത്തിയത്.
ഇതുവരെ മാസ്റ്റേഴ്സ് (MSc), പി.എച്ച്.ഡി (PhD) കോഴ്സുകൾ മാത്രമുണ്ടായിരുന്ന ഇവിടെ, 2024 മുതൽ വലിയൊരു മാറ്റം സംഭവിച്ചിരിക്കുന്നു. ഇനി പ്ലസ് ടു കഴിഞ്ഞവർക്കും അബൂദബിയിലേക്ക് പറക്കാം.
പ്ലസ് ടു കഴിഞ്ഞവർക്ക് മുന്നിൽ തുറക്കുന്ന വാതിലുകൾ (Undergraduate Programs)
ഇന്ത്യയിൽ നിന്നുള്ള മിടുക്കരായ, പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ള എൻജിനീയറിങ് മോഹികളായ വിദ്യാർഥികൾക്ക് ഏറ്റവും സന്തോഷകരമായ വാർത്തയാണിത്. വെറുമൊരു കമ്പ്യൂട്ടർ സയൻസ് ബിരുദത്തിന് പകരം, ഭാവിയുടെ ഭാഷയായ ‘എ.ഐ’യിൽ തന്നെ ബിരുദം നൽകുന്ന രണ്ട് സ്പെഷ്യലൈസ്ഡ് സ്ട്രീമുകൾ അവർ ആരംഭിച്ചിരിക്കുന്നു. നിങ്ങളുടെ അഭിരുചി എന്താണോ, അതിനനുസരിച്ച് ഒന്ന് തിരഞ്ഞെടുക്കാം.
ബി.എസ്‌സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് - ബിസിനസ് സ്ട്രീം (BSc in AI – Business Stream)
‘നാളത്തെ ടെക് സി.ഇ.ഒമാരെ വാർത്തെടുക്കുന്ന കോഴ്സ്’. പലർക്കും സാങ്കേതികവിദ്യ ഇഷ്ടമാണ്, പക്ഷെ അത് മാത്രം പോരാ, അത് വെച്ച് എങ്ങനെ ഒരു ബിസിനസ് പടുത്തുയർത്താം എന്നറിയണം. അങ്ങനെയുള്ളവർക്കുള്ളതാണ് ഈ കോഴ്സ്. ടെക്നോളജിയും മാനേജ്‌മെന്റും ഒത്തുചേരുന്ന അപൂർവ കോഴ്സാണിത്.
-എന്താണ് പഠിക്കുന്നത്? എഐയുടെ സാങ്കേതിക വശങ്ങൾക്കൊപ്പം (Coding & Algorithms), ഇന്നവേഷൻ മാനേജ്‌മെന്റ്, എന്റർപ്രണർഷിപ്പ്, എ.ഐ എത്തിക്സ്, ബിസിനസ് അനലിറ്റിക്സ് എന്നിവ പഠിക്കുന്നു.
-ആർക്ക് അനുയോജ്യം? കേവലം കോഡിങിൽ ഒതുങ്ങാതെ, എ.ഐ ഉപയോഗിച്ച് പുതിയ സ്റ്റാർട്ടപ്പുകൾ തുടങ്ങാനും, വലിയ കമ്പനികളെ നയിക്കാനും(Management/Leadership), ബിസിനസ് തന്ത്രങ്ങൾ മെനയാനും ആഗ്രഹിക്കുന്നവർക്ക്.
-കരിയർ സാധ്യതകൾ: പ്രോഡക്റ്റ് മാനേജർ, എ.ഐ കൺസൾട്ടന്റ്, ടെക് സംരംഭകൻ (Entrepreneur), ബിസിനസ് അനലിസ്റ്റ്.
2. ബി.എസ്.സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് - എൻജിനീയറിങ് സ്ട്രീം (BSc in AI – Engineering Stream)
‘എ.ഐ ലോകത്തെ ശിൽപികൾക്കുള്ള കോഴ്സ്’ ഇത് പൂർണമായും സാങ്കേതികമാണ്. എ.ഐ എങ്ങനെ പ്രവർത്തിക്കുന്നു, എങ്ങനെ പുതിയ എ.ഐ സിസ്റ്റങ്ങൾ നിർമ്മിക്കാം എന്നതിന്റെ ഉള്ളുകള്ളികൾ ഇവിടെ പഠിക്കുന്നു. ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും തമ്മിലുള്ള പാലമാണിത്.
എന്താണ് പഠിക്കുന്നത്? കമ്പ്യൂട്ടർ സയൻസിന്റെ ആഴത്തിലുള്ള പാഠങ്ങൾ, മാത്തമാറ്റിക്സ്, അൽഗോരിതങ്ങൾ, റോബോട്ടിക്സ്, കമ്പ്യൂട്ടർ വിഷൻ, നാച്ചുറൽ ലാംഗ്വേജ് പ്രോസസിങ്(NLP).
ആർക്ക് അനുയോജ്യം? പുതിയ എ.ഐ മോഡലുകൾ വികസിപ്പിക്കാനും, കോഡിങിലും പ്രോഗ്രാമിങിലും ‘പുലി’യാകാനും, സങ്കീർണമായ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനും താല്പര്യമുള്ളവർക്ക്.
കരിയർ സാധ്യതകൾ: എ.ഐ ആർക്കിടെക്റ്റ്, മെഷീൻ ലേണിങ് എൻജിനീയർ, ഡാറ്റ സയന്റിസ്റ്റ്, റോബോട്ടിക്സ് എൻജിനീയർ.
(രണ്ട് കോഴ്സുകളും 4 വർഷത്തെ കാലാവധിയുള്ളതാണ്).
പ്രവേശന നടപടികൾക്ക്
https://mbzuai.ac.ae/study/undergraduate-program/
UGRIP - ഡിഗ്രി വിദ്യാർഥികൾക്കൊരു ‘സുവർണ ടിക്കറ്റ്’
പല വിദ്യാർഥികളും ചോദിക്കാറുണ്ട്, ‘എനിക്ക് അവിടെ അഡ്മിഷൻ കിട്ടുമോ എന്നറിയില്ല, പക്ഷെ ആ കാമ്പസ് ഒന്ന് അനുഭവിക്കാൻ പറ്റുമോ?’ എന്ന്. നിങ്ങൾ നിലവിൽ നാട്ടിൽ ബി.ടെക്കോ (B.Tech) ബി.എസ്.സിയോ (BSc) പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥിയാണോ? എങ്കിൽ നിങ്ങളുടെ ജീവിതം മാറ്റിമറിക്കാൻ വെറും 4 ആഴ്ച മതി.
അതാണ് MBZUAI നൽകുന്ന Undergraduate Research Internship Program (UGRIP). ലളിതമായി പറഞ്ഞാൽ, അബൂദബിയിലെ ഈ അത്ഭുത കാമ്പസിലേക്ക് ഒരു ‘പഠന വിനോദയാത്ര’. പക്ഷേ, തിരിച്ചു വരുമ്പോൾ നിങ്ങളുടെ കയ്യിൽ ലോകം അംഗീകരിക്കുന്ന ഒരു സർട്ടിഫിക്കറ്റും, വലിയൊരു കരിയർ അവസരവും ഉണ്ടാകും.
എന്താണ് ഈ പരിപാടി?
ലോകമെമ്പാടുമുള്ള സർവകലാശാലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന അതിസമർഥരായ ബിരുദ വിദ്യാർഥികൾക്ക്, 4 ആഴ്ചക്കാലം MBZUAI കാമ്പസിൽ വന്ന് ഗവേഷണം നടത്താനുള്ള അവസരമാണിത്. ക്ലാസ് മുറിയിലിരുന്ന് പഠിക്കലല്ല, മറിച്ച് ലാബുകളിൽ ലോകോത്തര പ്രഫസർമാരുടെ കൂടെ നേരിട്ട് പ്രോജക്റ്റുകൾ ചെയ്യലാണ് ഇതിൽ നടക്കുന്നത്.
ഇതിന്റെ മേന്മകൾ (Merits) - എന്തുകൊണ്ട് അപേക്ഷിക്കണം?
പൂർണമായും സൗജന്യം(Fully Funded): തിരഞ്ഞെടുക്കപ്പെട്ടാൽ നിങ്ങൾക്ക് ചിലവുകൾ ഒന്നുമില്ല. നാട്ടിൽ നിന്ന് അബൂദബിയിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ്, വിസ, താമസം, ഭക്ഷണം, ഹെൽത്ത് ഇൻഷുറൻസ് എന്നിവയെല്ലാം സർവകലാശാല വഹിക്കും.
MSc/PhD അഡ്മിഷൻ എളുപ്പമാകും(Fast-Track Admission): UGRIPൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാർഥികൾക്ക്, ഡിഗ്രി കഴിഞ്ഞ് MBZUAIൽ തന്നെ മാസ്റ്റേഴ്സിനോ പി.എച്ച്.ഡിക്കോ ചേരാൻ വലിയ മുൻഗണന ലഭിക്കും.
ഗ്ലോബൽ എക്സ്പോഷർ: ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള മിടുക്കരായ വിദ്യാർഥികളുമായുള്ള സൗഹൃദവും നെറ്റ്‌വർക്കിങും.
ആർക്കാണ് അപേക്ഷിക്കാൻ യോഗ്യത?
ഇതൊരു ഉന്നതനിലവാരമുള്ള പരിപാടിയായതുകൊണ്ട് മാനദണ്ഡങ്ങൾ അൽപം കടുപ്പമാണ്. താഴെ പറയുന്ന കാര്യങ്ങൾ കൃത്യമായി ശ്രദ്ധിക്കുക:
പ്രീ-ഫൈനൽ ഇയർ വിദ്യാർഥികൾ: നിങ്ങൾ നിലവിൽ കോഴ്സിന്റെ അവസാന വർഷത്തിന് തൊട്ടുമുമ്പത്തെ വർഷം (Penultimate Year) പഠിക്കുന്നവരായിരിക്കണം.(ഉദാഹരണത്തിന്: 2026 ആഗസ്റ്റിന് ശേഷം മാത്രം കോഴ്സ് അവസാനിക്കുന്നവരായിരിക്കണം. നിലവിൽ ഫൈനൽ ഇയർ കഴിഞ്ഞ് നിൽക്കുന്നവർക്കോ, ഫസ്റ്റ് ഇയർ വിദ്യാർഥികൾക്കോ അപേക്ഷിക്കാൻ കഴിയില്ല).
വിഷയം: സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ് (STEM) എന്നിവയിലൊന്നായിരിക്കണം നിങ്ങളുടെ മേജർ വിഷയം.
അക്കാദമിക് മികവ്(CGPA): വളരെ മികച്ച ട്രാക്ക് റെക്കോർഡ് നിർബന്ധം. CGPA 3.5 (4.0 സ്കെയിലിൽ). ഇത് ഇന്ത്യൻ സിലബസിൽ ഏകദേശം 85 ശതമാനം മുതൽ 90 ശതമാനം വരെ മാർക്കിന് തുല്യമാണ്.
അപേക്ഷിക്കാൻ വേണ്ട രേഖകൾ:
അപേക്ഷിക്കുന്ന സമയത്ത് താഴെ പറയുന്ന രേഖകൾ ഇംഗ്ലീഷിൽ തയ്യാറാക്കി വെക്കണം:
എൻറോൾമെന്റ് ലെറ്റർ (Enrollment Letter): നിങ്ങൾ നിലവിൽ കോളേജിൽ പഠിക്കുന്നുണ്ടെന്ന് തെളിയിക്കുന്ന കത്ത്. ഇതിൽ അഡ്മിഷൻ എടുത്ത തീയതി, കോഴ്സിന്റെ ദൈർഘ്യം, എന്ന് കോഴ്സ് അവസാനിക്കും (Expected Graduation Date) എന്നിവ രജിസ്ട്രാർ ഒപ്പിട്ട് നൽകണം.
ട്രാൻസ്ക്രിപ്റ്റ് (Academic Transcript): ഇതുവരെയുള്ള സെമസ്റ്ററുകളിലെ മാർക്ക് ലിസ്റ്റ്. ഗ്രേഡുകളും ക്രെഡിറ്റ് അവർസും (Credit Hours) ഇതിൽ ഉണ്ടായിരിക്കണം.
പാസ്‌പോർട്ട്: കളർ കോപ്പി (കുറഞ്ഞത് ഒരു വർഷത്തെ കാലാവധി ഉണ്ടായിരിക്കണം).
ബയോഡാറ്റ (CV): നിങ്ങളുടെ അക്കാദമിക് മികവുകൾ കാണിക്കുന്ന കരിക്കുലം വിറ്റേ.
ഇംഗ്ലീഷ് ഭാഷാ യോഗ്യത: ഇവിടെയാണ് ഇന്ത്യൻ കുട്ടികൾക്ക് വലിയൊരു ആശ്വാസമുള്ളത്. ഇംഗ്ലീഷ് തെളിയിക്കാൻ സാധാരണ വലിയ ചിലവുള്ള പരീക്ഷകൾ എഴുതേണ്ടി വരാറുണ്ട്. എന്നാൽ UGRIP ലേക്ക് രണ്ട് വഴികളുണ്ട്:
വഴി 1 (പരീക്ഷകൾ): IELTS Academic (6.5), TOEFL iBT (90), PTE Academic (60) എന്നിവയിലൊന്ന്. (ശ്രദ്ധിക്കുക: ഇവ ടെസ്റ്റ് സെന്ററിൽ പോയി എഴുതിയത് തന്നെയായിരിക്കണം. Home Edition സ്വീകരിക്കില്ല. Duolingo സാധാരണ ഗതിയിൽ സ്വീകരിക്കില്ല).
വഴി 2 (ഏറ്റവും എളുപ്പമുള്ളത്): നിങ്ങളുടെ കോളേജിൽ പഠനമാധ്യമം (Medium of Instruction) ഇംഗ്ലീഷ് ആണെങ്കിൽ, അത് തെളിയിക്കുന്ന ഔദ്യോഗിക കത്ത് (Official Letter from University Registrar) ഹാജരാക്കിയാൽ മതി. ഇതിന് IELTS/TOEFL ആവശ്യമില്ല. (കേരളത്തിലെ എൻജിനീയറിങ് കോളേജുകളിൽ പഠിക്കുന്നവർക്ക് ഇത് എളുപ്പത്തിൽ കോളേജിൽ നിന്ന് വാങ്ങാവുന്നതേയുള്ളൂ).
പ്രവേശന നടപടികൾക്കുള്ള സൈറ്റ് ഇപ്പോൾ തുറന്നിരിക്കയാണ്
https://mbzuai.ac.ae/ugrip/#apply
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.