എൻ.ഐ.ആർ.എഫ് റാങ്കിങ്: കേരളത്തിൽ എം.ജി സർവകലാശാലയും യൂനിവേഴ്സിറ്റി കോളജും മുന്നിൽ

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായുള്ള കേന്ദ്രസർക്കാറിന്‍റെ എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ സംസ്ഥാനത്ത് കേരള സർവകലാശാലയെ പിറകിലാക്കി എം.ജി സർവകലാശാല മുന്നിൽ.

ദേശീയതലത്തിൽ സർവകലാശാല വിഭാഗത്തിൽ 30ാം റാങ്കാണ് എം.ജിക്ക് ലഭിച്ചത്. കഴിഞ്ഞ വർഷം 31ാം റാങ്കുണ്ടായിരുന്നതാണ് ഇത്തവണ 30ലേക്ക് ഉയർന്നത്. കേരള സർവകലാശാലക്ക് കഴിഞ്ഞ വർഷം 27ാം റാങ്ക് ലഭിച്ചത് ഇത്തവണ 40 ആയി കുറഞ്ഞു. കുസാറ്റിന് 41ാം റാങ്കും കാലിക്കറ്റ് സർവകലാശാലക്ക് 69ാം റാങ്കുമുണ്ട്.

മൊത്തം സ്ഥാപനങ്ങളിൽ എം.ജി സർവകലാശാലക്ക് 51ാം റാങ്കും കേരളക്ക് 52ാം റാങ്കുമുണ്ട്. കുസാറ്റിന് 69ഉം കോഴിക്കോട് ഐ.ഐ.എമ്മിന് 79ഉം സ്ഥാനങ്ങളുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ്ങിൽ കേരളത്തിൽനിന്ന് ആദ്യമായി തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ദേശീയതലത്തിൽ ഒമ്പതാം സ്ഥാനം നേടി. കോളജുകളിൽ 24ാം റാങ്ക് ലഭിച്ച തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജാണ് കേരളത്തിൽ മുന്നിൽ. 27ാം റാങ്ക് നേടിയ കളമശ്ശേരി രാജഗിരി കോളജാണ് രണ്ടാം സ്ഥാനത്ത്.

എറണാകുളം സെന്‍റ് തെരേസാസ് 37, തിരുവനന്തപുരം മാർ ഇവാനിയോസ് 50, തിരുവനന്തപുരം ഗവ. വിമൻസ് കോളജ് 53, കോതമംഗലം മാർ അത്തനേഷ്യസ് കോളജ് 56, മാവേലിക്കര ബിഷപ് മൂർ കോളജ് 58, എറണാകുളം സേക്രഡ് ഹാർട്ട് 59, എറണാകുളം മഹാരാജാസ് 60, ചങ്ങനാശ്ശേരി എസ്.ബി കോളജ് 62, തൃശൂർ സെന്‍റ് തോമസ് 63, കോഴിക്കോട് ദേവഗിരി സെന്‍റ് ജോസഫ്സ് കോളജ് 78, കോട്ടയം സി.എം.എസ് കോളജ് 81, പാലക്കാട് ഗവ. വിക്ടോറിയ കോളജ് 85, കോട്ടയം ബി.കെ കോളജ് ഫോർ വിമൻ 89, കൊല്ലം ഫാത്തിമ മാത കോളജ് 92, ആലുവ യു.സി കോളജ് 97 എന്നിവയാണ് ആദ്യ 100 റാങ്ക് പട്ടികയിൽ ഇടം പിടിച്ച കേരളത്തിൽ നിന്നുള്ള കോളജുകൾ.

എൻജിനീയറിങ് സ്ഥാപനങ്ങളിൽ കോഴിക്കോട് എൻ.ഐ.ടിക്ക് 31ഉം തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിക്ക് 43ഉം പാലക്കാട് ഐ.ഐ.ടിക്ക് 68ഉം തിരുവനന്തപുരം സി.ഇ.ടിക്ക് 110ഉം റാങ്കുകൾ ലഭിച്ചു. മാനേജ്മെന്‍റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കോഴിക്കോട് ഐ.ഐ.എമ്മിന് അഞ്ചാം റാങ്കുണ്ട്. കൊച്ചി രാജഗിരി ബിസിനസ് സ്കൂൾ 74, കോഴിക്കോട് എൻ.ഐ.ടി 84 റാങ്കുകൾ നേടി.

Tags:    
News Summary - NIRF Ranking: MG University and University College are leading in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.