തിരുവനന്തപുരം: മഹാമാരി വ്യാപനത്തിൽ പ്രതിസന്ധിയിലായ സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസം 23 മാസത്തിനുശേഷം തിങ്കളാഴ്ച അധ്യയനത്തിന്റെ പൂർണതയിലേക്ക്.
2021 നവംബർ 21ന് ഉച്ചവരെ ബാച്ചുകളായി തുടങ്ങിയ സ്കൂൾ അധ്യയനം കോവിഡിന്റെ മൂന്നാംതരംഗവും കടന്ന് തിങ്കളാഴ്ച 'ന്യൂ നോർമലി'ലേക്ക് മടങ്ങുകയാണ്. സ്കൂളുകൾ പഴയതുപോലെ രാവിലെ മുതൽ വൈകീട്ട് വരെ കുട്ടികളെ ഒന്നിച്ചിരുത്തി പ്രവർത്തിക്കുമെങ്കിലും മാസ്ക് അണിഞ്ഞും അകലം പാലിച്ചുമാകും പഠനം. തിങ്കളാഴ്ച മുതൽ 47 ലക്ഷം കുട്ടികൾ അധ്യയനത്തിനെത്തുന്നത്. എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികളെ കാത്തിരിക്കുന്നത് മാർച്ച് 16 മുതൽ മോഡൽ പരീക്ഷകളും മാർച്ച് 30 മുതൽ പൊതുപരീക്ഷകളുമാണ്. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾക്ക് മാർച്ച് അവസാനം വരെ ക്ലാസ് നടത്തി ഏപ്രിൽ ആദ്യം വാർഷിക പരീക്ഷ നടത്താനാണ് തീരുമാനം.
കുട്ടികൾ യൂനിഫോം അണിയുന്നതാണ് ഉചിതമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. ഹാജർ നിർബന്ധമാക്കില്ല. പ്രീ പ്രൈമറി വിദ്യാർഥികളും ഉച്ചവരെ ബാച്ചുകളായി സ്കൂളിലെത്തുന്നത് തുടരും. പൂർണമായി പ്രവർത്തിക്കാനുള്ള തീരുമാനം സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾക്കും ബാധകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.