ലോകമെമ്പാടും ഏറ്റവും വേഗം വളരുന്ന തൊഴിൽ മേഖലയേതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ, ആരോഗ്യമേഖല. ആശുപത്രികൾ, കമ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, അടിയന്തര വിഭാഗങ്ങൾ, മാതൃ-ശിശു സംരക്ഷണം എന്നിവയിലെല്ലാം കാരുണ്യത്തിന്റെ കൈയൊപ്പായി മാറുന്ന നഴ്സുമാരാണ് ഏതൊരു ആരോഗ്യ സംവിധാനത്തിന്റെയും നട്ടെല്ല്. സേവനസന്നദ്ധതയും മികച്ച വരുമാനവും ഉറപ്പുനൽകുന്ന ഈ രംഗത്തേക്ക് ചുവടുവെക്കാൻ ആഗ്രഹിക്കുന്ന കേരളത്തിലെ വിദ്യാർഥികൾക്കായി ഒരു സുവർണാവസരം വന്നെത്തിയിരിക്കുന്നു.
2026–27 അധ്യയന വർഷത്തെ ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി (ജി.എൻ.എം), ഓക്സിലറി നഴ്സിങ് ആൻഡ് മിഡ്വൈഫറി (എ.എൻ.എം) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി. എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി വഴിയുള്ള ഏകജാലക ഓൺലൈൻ അലോട്ട്മെന്റാണിത്.
ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജുക്കേഷൻ (ഡി.എം.ഇ), ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവിസസ് (ഡി.എച്ച്.എസ്) എന്നിവക്ക് കീഴിലുള്ള സ്ഥാപനങ്ങളിലേക്കാണ് പ്രവേശനം. മൂന്നുവർഷം ദൈർഘ്യമുള്ള (6 മാസ ഇന്റേൺഷിപ് ഉൾപ്പെടെ) പ്രഫഷനൽ ഡിപ്ലോമ കോഴ്സായ ജി.എൻ.എം പൂർത്തിയാക്കുന്നവർക്ക് ആശുപത്രികളിലും കമ്യൂണിറ്റി നഴ്സിങ് രംഗത്തും ഉടനടി ജോലി ഉറപ്പാക്കാം. രണ്ടുവർഷ എ.എൻ.എം കോഴ്സ് പ്രധാനമായും ലക്ഷ്യമിടുന്നത് ഗ്രാമീണ ആരോഗ്യ സംരക്ഷണം, പ്രതിരോധ കുത്തിവെപ്പുകൾ, മാതൃ-ശിശു ആരോഗ്യം എന്നിവയാണ്.
സീറ്റുകൾ: ഗവൺമെന്റ് നഴ്സിങ് കോളജുകളിലെ 90 ജി.എൻ.എം സീറ്റുകൾ പൂർണമായും എസ്.സി/എസ്.ടി വിഭാഗങ്ങൾക്കുള്ളതാണ് (ഇതിൽ 20% പുരുഷന്മാർക്കായിരിക്കും). ഡി.എച്ച്.എസിന് കീഴിലുള്ള 15 ഗവൺമെന്റ് നഴ്സിങ് സ്കൂളുകളിലായി 485 ജി.എൻ.എം സീറ്റുകളും, നാല് ട്രെയിനിങ് സെന്ററുകളിലായി 130 എ.എൻ.എം സീറ്റുകളും ലഭ്യമാണ്.
യോഗ്യത: കോഴ്സുകളിലേക്ക് അപേക്ഷിക്കാൻ എൻട്രൻസ് പരീക്ഷകളൊന്നുമില്ല എന്ന പ്രത്യേകതയുണ്ട്. പൂർണമായും യോഗ്യതാ പരീക്ഷാ മാർക്ക് അടിസ്ഥാനത്തിലാണ് മെറിറ്റ് റാങ്ക് ലിസ്റ്റ് തയാറാക്കുന്നത്.
ജി.എൻ.എം കോഴ്സിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നിവയോടെ പ്ലസ് ടുവിന് 40% മാർക്ക് വേണം. സയൻസ് വിദ്യാർഥികളുടെ കുറവുണ്ടായാൽ മറ്റ് സ്ട്രീമിലുള്ളവരെയും പരിഗണിക്കും. എ.എൻ.എം കോഴ്സിന് പ്ലസ് ടു വിജയവും മലയാളം എഴുതാനും വായിക്കാനും അറിയലും നിർബന്ധമാണ്.
2026 ഡിസംബർ 31ന് 17 വയസ്സ് തികയുന്നവർക്ക് അപേക്ഷിക്കാം; ഉയർന്ന പ്രായപരിധിയില്ല. എസ്.സി, എസ്.ടി, എസ്.ഇ.ബി.സി, ഇ.ഡബ്ല്യു.എസ്, ഭിന്നശേഷിക്കാർ, സ്പോർട്സ്/എൻ.സി.സി ക്വോട്ട, ആശാ വർക്കർമാർ, ട്രാൻസ്ജെൻഡർ വിഭാഗങ്ങൾ എന്നിവർക്കെല്ലാം പ്രൊസ്പെക്ടസ് പ്രകാരമുള്ള സംവരണ ആനുകൂല്യം ലഭിക്കും.
അപേക്ഷാ ഫീസ്: പൊതുവിഭാഗത്തിന് ജി.എൻ.എമ്മിന് 400 രൂപയും, എ.എൻ.എമ്മിന് 300 രൂപയുമാണ് ഫീസ് (രണ്ടു കോഴ്സിനും കൂടി 600 രൂപ). എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് യഥാക്രമം 200, 150, 300 രൂപ വീതവും. പഠനകാലയളവിൽ ജി.എൻ.എം വിദ്യാർഥികൾക്ക് പ്രതിമാസം 700 രൂപയും ഇന്റേൺഷിപ്പ് സമയത്ത് 2000 രൂപയും സ്റ്റൈപ്പൻഡ് ലഭിക്കും. എ.എൻ.എം വിദ്യാർഥികൾക്ക് 500 രൂപയാണ് സ്റ്റൈപ്പൻഡ്. ഹോസ്റ്റൽ സൗകര്യവും ലഭ്യമാണ്.
അപേക്ഷ: അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 23. www.lbscentre.kerala.gov.in വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഹെൽപ് ലൈൻ: 0471-2560361 / 362.
കരിയർ സാധ്യത: പഠിച്ചിറങ്ങുന്നവർക്ക് സ്റ്റാഫ് നഴ്സ്, കമ്യൂണിറ്റി ഹെൽത്ത് നഴ്സ്, മിലിറ്ററി നഴ്സ് തുടങ്ങി നിരവധി കരിയർ സാധ്യതകളാണ് മുന്നിലുള്ളത്.
കൂടാതെ പോസ്റ്റ് ബേസിക് ബി.എസ് സി നഴ്സിങ് വഴി ഉപരിപഠനവും സാധ്യമാണ്. യു.കെ, ജർമനി, അയർലൻഡ്, യു.എ.ഇ, കാനഡ തുടങ്ങിയ വിദേശരാജ്യങ്ങളിൽ കേരളത്തിൽ നിന്നുള്ള നഴ്സുമാർക്ക് എക്കാലത്തും വലിയ ഡിമാൻഡാണുള്ളത്. മറ്റുള്ളവരെ സഹായിക്കാനും ആത്മാർഥമായി സേവനം ചെയ്യാനും താൽപര്യമുള്ള, ഒപ്പം മികച്ച സാമ്പത്തിക സുരക്ഷിതത്വവും ആഗോള കരിയറും ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് വലിയ അവസരമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.