കേരള-കേന്ദ്ര സര്‍വകലാശാലയില്‍ നാലു വര്‍ഷ ഓണേഴ്‌സ് ബിരുദം; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കാസര്‍കോട്: കേരള-കേന്ദ്ര സര്‍വകലാശാലയില്‍ 2026-27 അധ്യയന വര്‍ഷത്തെ നാലു വര്‍ഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) നടത്തിയ പൊതുപ്രവേശന പരീക്ഷയില്‍ (സി.യു.ഇ.ടി-യു.ജി) പങ്കെടുത്തവര്‍ക്ക് ജൂലൈ 17 വരെ സര്‍വകലാശാല വെബ്‌സൈറ്റ് www.cukerala.ac.in സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാം. ബി.എസി (ഓണേഴ്സ്) ബയോളജി, ബി.കോം (ഓണേഴ്‌സ്) ഫിനാന്‍ഷ്യല്‍ അനലിറ്റിക്സ്, ബി.സി.എ (ഓണേഴ്സ്), ബി.എ (ഓണേഴ്‌സ്) ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, ബി.എസി (ഓണേഴ്സ്) ഫിസിക്സ് (സെമികണ്ടക്ടര്‍), ബി.എസ്‌.സി (ഓണേഴ്സ്) ഡാറ്റാ സയന്‍സ് ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ പ്രോഗ്രാമുകളാണ് സര്‍വകലാശാല നടത്തുന്നത്. ഇതില്‍ ബി.എ (ഓണേഴ്‌സ്) ഇന്റര്‍നാഷണല്‍ റിലേഷന്‍സ് തിരുവനന്തപുരം ക്യാപിറ്റല്‍ സെന്ററിലും മറ്റു പ്രോഗ്രാമുകള്‍ പെരിയ ക്യാമ്പസിലുമാണ്.

ജനറല്‍, ഒ.ബി.സി, ഇ.ഡബ്ല്യു.എസ് വിഭാഗക്കാര്‍ക്ക് 500 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. ജൂലൈ 21, 22 തീയതികളിലായി പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. വിദ്യാർഥികള്‍ക്ക് admissions@cukerala.ac.in എന്ന ഇ-മെയിലില്‍ പരാതികള്‍ അറിയിക്കാം. ജൂലൈ 23ന് പരാതികള്‍ പരിഗണിച്ച് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ആദ്യഘട്ട പ്രവേശനം 24 മുതല്‍ 26 വരെയും രണ്ടാം ഘട്ടം 27നും 28നും മൂന്നാം ഘട്ടം 29 മുതല്‍ 31 വരെയും നടക്കും. 29ന് ക്ലാസുകള്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഹെല്‍പ്പ്‌ലൈന്‍: 0467-2309467

ഭാവി സാധ്യതകളിലേക്കും അവസരങ്ങളിലേക്കും വിദ്യാർഥികളെ സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച ഓണേഴ്‌സ് പ്രോഗ്രാമുകള്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി, മള്‍ട്ടിപ്പിള്‍ എക്സിറ്റ് രീതിയാണ് പിന്തുടരുന്നത്. ഒന്നാം വര്‍ഷം സര്‍ട്ടിഫിക്കറ്റും രണ്ടാം വര്‍ഷം ഡിപ്ലോമയും മൂന്നാം വര്‍ഷം ബിരുദവും നേടാന്‍ സാധിക്കും. മൂന്ന് വര്‍ഷ ബിരുദത്തിന് ശേഷം രണ്ട് വര്‍ഷം ബിരുദാനന്തര ബിരുദം ചെയ്യാം. അതല്ല, നാല് വര്‍ഷം പഠിക്കുകയാണെങ്കില്‍ ഡിഗ്രി ഓണേഴ്സ് വിത്ത് റിസര്‍ച്ച് ബിരുദമാണ് ലഭിക്കുക. ഇവര്‍ക്ക് ഒരു വര്‍ഷത്തെ ബിരുദാനന്തര ബിരുദം പഠിച്ചാല്‍ മതി. ബിരുദാനന്തര ബിരുദം ഇല്ലാതെ നേരിട്ട് ഗവേഷണത്തിന് അഡ്മിഷന്‍ നേടാനും കഴിയും.

കേരള-കേന്ദ്ര സര്‍വകലാശാലയില്‍ രണ്ട് പുതിയ യു.ജി പ്രോഗ്രാമുകള്‍

കാസര്‍കോട്: പുതിയ കാലത്തെ അവസരങ്ങളും സാധ്യതകളും പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കേരള-കേന്ദ്ര സര്‍വകലാശാലയില്‍ ഈ വര്‍ഷം മുതല്‍ രണ്ട് പുതിയ നാല് വര്‍ഷ യു.ജി ഓണേഴ്സ് പ്രോഗ്രാമുകള്‍ ആരംഭിക്കുന്നു. ഫിസിക്സ് വിഭാഗത്തിന് കീഴില്‍ ബി.എസി (ഓണേഴ്‌സ്) ഫിസിക്സ് (സെമികണ്ടക്ടര്‍), കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന് കീഴില്‍ ബി.എസ്‌.സി (ഓണേഴ്‌സ്) ഡാറ്റാ സയന്‍സ് ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ പ്രോഗ്രാമുകളാണ് ആരംഭിക്കുന്നത്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) നടത്തിയ പൊതുപ്രവേശന പരീക്ഷ സി.യു.ഇ.ടി-യു.ജിയില്‍ പങ്കെടുത്തവര്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് www.cukerala.ac.in സന്ദര്‍ശിച്ച് ജൂലൈ 17 വരെ രജിസ്റ്റര്‍ ചെയ്യാം.

ഭൗതികശാസ്ത്രത്തില്‍ ശക്തമായ അക്കാദമിക് അടിത്തറ നല്‍കുന്നതിനോടൊപ്പം സയന്റിഫിക്, കമ്പ്യൂട്ടേഷണല്‍, അനലിറ്റിക്കല്‍ മേഖലകളില്‍ വൈദഗ്ധ്യം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ബി.എസി (ഓണേഴ്‌സ്) ഫിസിക്സ് (സെമികണ്ടക്ടര്‍) പ്രോഗ്രാം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പരമ്പരാഗത ക്ലാസ് മുറികളിലെ പഠനത്തിനപ്പുറം ലബോറട്ടറി പരീക്ഷണങ്ങള്‍, ഗവേഷണ പദ്ധതികള്‍, ഇന്റേണ്‍ഷിപ്പുകള്‍, മള്‍ട്ടി ഡിസിപ്ലിനറി ഇലക്ടീവ് കോഴ്‌സുകള്‍, നൈപുണ്യ അധിഷ്ഠിത കോഴ്‌സുകള്‍ എന്നിവയും പ്രോഗ്രാമിന്റെ ഭാഗമാണ്.

ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ സ്ഥാപനങ്ങളില്‍ എം.എസ്‌.സി, ഇന്റഗ്രേറ്റഡ് പി.എച്ച്.ഡി, പി.എച്ച്.ഡി പ്രോഗ്രാമുകള്‍ ഉള്‍പ്പെടെ ഉന്നത പഠനത്തിന് അവസരമൊരുക്കും. ഗവേഷണ ലബോറട്ടറികള്‍, ബഹിരാകാശ ശാസ്ത്രം, ആണവ ശാസ്ത്രം, പ്രതിരോധ ഗവേഷണം, സെമികണ്ടക്ടര്‍ സാങ്കേതികവിദ്യ, ഫോട്ടോണിക്സ്, ക്വാണ്ടം സാങ്കേതികവിദ്യകള്‍, കൃത്രിമ ബുദ്ധി, പുനരുപയോഗ ഊര്‍ജ്ജം, മെഡിക്കല്‍ ഫിസിക്സ്, ഡാറ്റ സയന്‍സ്, സയന്റിഫിക് ഇന്‍സ്ട്രുമെന്റേഷന്‍ എന്നീ മേഖലകളില്‍ മുന്നേറാന്‍ സാധിക്കും.

നിര്‍മിത ബുദ്ധിയുടെ യുഗത്തില്‍, അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് വിദ്യാർഥികളെ സജ്ജരാക്കുകയെന്ന ഉദ്ദേശത്തോടെയാണ് ബി.എസ്‌.സി (ഓണേഴ്‌സ) ഡാറ്റാ സയന്‍സ് ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാം ആരംഭിക്കുന്നത്. കമ്പ്യൂട്ടര്‍ സയന്‍സ്, മെഷീന്‍ ലേണിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ അനലിറ്റിക്‌സ്, റിയല്‍ വേള്‍ഡ് ഇന്‍ഡസ്ട്രി ആപ്ലിക്കേഷനുകള്‍ എന്നിവക്ക് പ്രാധാന്യം നല്‍കുന്ന പാഠ്യപദ്ധതിയാണ് പ്രോഗ്രാമിന്റെ സവിശേഷത. പ്രൊജക്റ്റുകള്‍, ഇന്റേണ്‍ഷിപ്പുകള്‍, പ്രായോഗിക പരിശീലനങ്ങള്‍ എന്നിവയിലൂടെ വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ മേഖലയില്‍ ആവശ്യമായ നൈപുണ്യങ്ങള്‍ നേടാനാകും.

പ്രമുഖ ടെക്നോളജി കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഡാറ്റാ സയന്റിസ്റ്റ്, എ.ഐ എൻജിനീയര്‍, മെഷീന്‍ ലേണിങ് എൻജിനീയര്‍, ഡാറ്റാ അനലിസ്റ്റ്, ബിസിനസ് ഇന്റലിജന്‍സ് അനലിസ്റ്റ്, എ.ഐ കണ്‍സള്‍ട്ടന്റ്, റിസര്‍ച്ച് അസോസിയേറ്റ് തുടങ്ങിയ തസ്തികകളില്‍ വിപുലമായ തൊഴില്‍ അവസരങ്ങളാണ് ഈ പ്രോഗ്രാം ഒരുക്കുന്നത്. ഉന്നത പഠനം, ഗവേഷണം, സംരംഭകത്വം എന്നീ മേഖലകളിലേക്കും അവസരമൊരുക്കുന്നു.

ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാം; രജിസ്ട്രേഷന്‍ നീട്ടി

കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമി (ഐടെപ്)ന് രജിസ്ട്രേഷന്‍ നീട്ടി. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) നടത്തിയ നാഷണല്‍ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റി (എന്‍.ൻ.ഇ.ടി)ല്‍ പങ്കെടുത്തവര്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് www.cukerala.ac.in സന്ദര്‍ശിച്ച് ജൂലൈ 13 വരെ രജിസ്റ്റര്‍ ചെയ്യാം. ബി.എസ്‌.സി, ബി.എഡ് ഫിസിക്സ്, ബി.എസ്‌.സി, ബി.എഡ് സുവോളജി, ബി.എ, ബി.എഡ് ഇംഗ്ലീഷ്, ബി.എ ബി.എഡ് എക്കണോമിക്‌സ്, ബി.കോം ബി.എഡ് എന്നീ പ്രോഗ്രാമുകളാണ് സര്‍വകലാശാലയിലുള്ളത്. ബികോം ബി.എഡിന് 50ഉം മറ്റുള്ളവക്ക് 25 വീതവുമാണ് സീറ്റ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04672 2309467 ഇ-മെയില്‍: admissions@cukerala.ac.in.

Tags:    
News Summary - Registration for four-year honours degree at Kerala Central University has begun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.