എം.എസ്. സി ഫോറൻസിക് ഡെന്റിസ്ട്രി/ നഴ്സിങ് പ്രവേശനം

നാഷനൽ ഫോറൻസിക് സയൻസസ് സർവകലാശാലയുടെ ഗാന്ധിനഗർ കാമ്പസിൽ (ഗുജറാത്ത്) സ്കൂൾ ഓഫ് മെഡിക്കോ ലീഗൽ സ്റ്റഡീസ് 2026 ജനുവരിയിലാരംഭിക്കുന്ന താഴെ പറയുന്ന കോഴ്സുകളിൽ പ്രവേശനത്തിന് നവംബർ എട്ടു വരെ ഓൺലൈനിൽ അപേക്ഷിക്കാം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാണിത്.

എം.എസ് സി-ഫോറൻസിക്

ഡെന്റിസ്ട്രി: രണ്ടു വർഷം, സീറ്റുകൾ 20. ക്രിമിനൽ, സിവിൽ കേസുകളിൽ പല്ല് സംബന്ധമായ തെളിവുകളിന്മേൽ വിദഗ്ധ പരിശോധന-അപഗ്രഥനത്തിലൂടെ നീതിനിർവഹണ സംവിധാനങ്ങളെ സഹായിക്കാൻ പ്രാപ്തമാക്കുന്ന ഫോറൻസിക് സയൻസ് വിഭാഗത്തിൽപെടുന്ന ശാസ്ത്രശാഖയാണിത്. വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് ഫോറൻസിക് ഒഡോന്തോളജിസ്റ്റ് പ്രഫഷനലാകാം. ലോ എൻഫോഴ്സ്മെന്റ്, ജുഡീഷ്യൽ മേഖലകളിലാണ് തൊഴിലവസരം. പ്രവേശന യോഗ്യത: 55 ശതമാനം മാർക്കിൽ കുറയാതെ അംഗീകൃത ബി.ഡി.എസ് ബിരുദം. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതി.

എം.എസ് സി ഫോറൻസിക് നഴ്സിങ്

രണ്ടു വർഷം, സീറ്റുകൾ 20. നഴ്സിങ് നൈപുണ്യവും ഫോറൻസിക് ശാസ്ത്രപരിജ്ഞാനവും സംയോജിപ്പിച്ചുള്ള പ്രത്യേക കോഴ്സാണിത്. അക്രമങ്ങളിലും കുറ്റകൃത്യങ്ങളിലും മറ്റും അകപ്പെട്ട വ്യക്തികളുടെ ആരോഗ്യസംരക്ഷണമാണ് പാഠ്യപദ്ധതിയുടെ ഉദ്ദേശ്യം. പഠിച്ചിറങ്ങുന്നവർക്ക് ആശുപത്രി അത്യാഹിത ചികിത്സാ വിഭാഗങ്ങളിലും ഫോറൻസിക് സൈക്യാട്രിക് യൂനിറ്റുകളിലും സെക്ഷ്വൽ അസാൾട്ട് ട്രീറ്റ്മെന്റ് സെന്ററുകളിലും മറ്റുമാണ് തൊഴിൽ സാധ്യത.

പ്രവേശന യോഗ്യത

അംഗീകൃത ബി.എസ് സി നഴ്സിങ് 55 ശതമാനം മാർക്കിൽ (എസ്.സി/എസ്.ടിക്കാർക്ക് 50 ശതമാനം മതി) കുറയാതെ വിജയിച്ചിരിക്കണം. ഒരുവർഷത്തിൽ കുറയാതെ നഴ്സിങ് പ്രവൃത്തി പരിചയമുണ്ടാകണം. വിശദ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും www.nfsu.ac.in സന്ദർശിക്കേണ്ടതാണ്. അന്വേഷണങ്ങൾക്ക് ഫോൺ: +91 8141298099. 

Tags:    
News Summary - MSc Forensic Dentistry and MSc Forensic Nursing Admission invited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.