ഐ.ഐ.ടികളിൽ എം.എസ് സി പ്രവേശനം; 'ജാം-2023' ഫെബ്രുവരി 12ന്

ഐ.ഐ.ടികളിൽ അടുത്ത വർഷത്തെ ഫുൾടൈം എം.എസ് സി/മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനപരീക്ഷയായ ജോയന്റ് അഡ്മിഷൻ ടെസ്റ്റ് (ജാം-2023) ദേശീയതലത്തിൽ 2023 ഫെബ്രുവരി 12ന് നടത്തും. ഈ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ ബയോടെക്നോളജി, കെമിസ്ട്രി, ഇക്കണോമിക്സ്, ജിയോളജി, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിങ്ങനെ ഏഴു പേപ്പറുകളാണുള്ളത്. ഒരാൾക്ക് ഒന്നോ രണ്ടോ പേപ്പറുകൾ തിരഞ്ഞെടുത്ത് പരീക്ഷ അഭിമുഖീകരിക്കാം. ഒബ്ജക്ടിവ് മാതൃകയിൽ മൾട്ടിപ്പിൾ ചോയ്സ്, മൾട്ടിപ്പിൾ സെലക്ട്, ന്യൂമെറിക്കൽ ആൻസർടൈപ് ചോദ്യങ്ങളുണ്ടാവും. ഇക്കുറി പരീക്ഷനിർവഹണ ചുമതല ഐ.ഐ.ടി ഗുവാഹതിക്കാണ്.

അപേക്ഷഫീസ് ഒറ്റ പേപ്പറിന് 1800 രൂപ. രണ്ടു പേപ്പറുകൾക്കുംകൂടി 2500 രൂപ. വനിതകൾക്കും എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്കും യഥാക്രമം 900, 1250 രൂപ വീതം മതിയാകും. ശാസ്ത്ര, സാങ്കേതിക ബിരുദക്കാർക്കും ഫൈനൽ ഡിഗ്രി വിദ്യാർഥികൾക്കും അപേക്ഷിക്കാം. 2023 സെപ്റ്റംബർ 30നകം യോഗ്യത തെളിയിച്ചാൽ മതി. 'ജാം 2023' വിജ്ഞാപനം https://jam.iitg.ac.inൽ ലഭിക്കും. അപേക്ഷ ഓൺലൈനായി സെപ്റ്റംബർ ഏഴു മുതൽ ഒക്ടോബർ 11 വരെ സമർപ്പിക്കാം.

ജാമിന് കേരളത്തിലും പരീക്ഷകേന്ദ്രങ്ങളുണ്ട്. രാവിലെയും ഉച്ചക്കുശേഷവുമായി രണ്ടു സെഷനുകളായാണ് പരീക്ഷ. രാവിലെ കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ് പേപ്പറുകളിലും ഉച്ചക്കുശേഷം ബയോടെക്നോളജി, ഇക്കണോമിക്സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ് പേപ്പറുകളിലുമാണ് പരീക്ഷ ക്രമീകരിച്ചിട്ടുള്ളത്. പരീക്ഷഫലം മാർച്ച് 22ന് പ്രസിദ്ധപ്പെടുത്തും.

'ജാം 2023' സ്കോർ അടിസ്ഥാനത്തിൽ വിവിധ ഐ.ഐ.ടികളിൽ മാസ്റ്റേഴ്സ്/പി.ജി പ്രോഗ്രാമുകളിലായി ഏകദേശം 3000 സീറ്റുകളിലാണ് പ്രവേശനം. മദ്രാസ്, ഭിലായ്, ഭുവനേശ്വർ, ബോംബെ, ഡൽഹി, ധൻബാദ്, ഗാന്ധിനഗർ, ഗുവാഹതി, ഹൈദരാബാദ്, ഇന്ദോർ, ജമ്മു, ജോധ്പുർ, കാൺപുർ, ഖരഗ്പുർ, മാണ്ഡി, പാലക്കാട്, പട്ന, റൂർക്കി, റോപാർ, തിരുപ്പതി, വാരാണസി എന്നീ ഐ.ഐ.ടികളിലാണ് അഡ്മിഷൻ നേടാവുന്നത്. ഇതിനായി 2023 ഏപ്രിൽ 11 മുതൽ 25 വരെ ഓൺലൈനായി അപേക്ഷിക്കണം. എൻ.ഐ.ടികൾ, ഐ.ഐ.എസ്.സി, ഐസറുകൾ ഉൾപ്പെടെ മുപ്പതോളം മറ്റു പ്രമുഖ സ്ഥാപനങ്ങളിലെ പി.ജി പ്രോഗ്രാമുകളിൽ 2300ലേറെ സീറ്റുകളിലേക്കുള്ള പ്രവേശനം 'ജാം 2023' സ്കോർ പരിഗണിച്ചാണ്.

Tags:    
News Summary - MSc admission in IITs; 'JAM-2023' on February 12

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.