കോട്ട: ഡൽഹിയിൽ നിന്നുള്ള 20 വയസ്സുകാരനായ നീറ്റ് പരീക്ഷാർഥിയെ രാജസ്ഥാനിലെ എൻട്രസ് പരീക്ഷാ പരിശീലന കേന്ദ്രമായ കോട്ടയിലെ പി.ജി മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബിഹാറിലെ പട്ന സ്വദേശിയായ ലക്കി ചൗധരിയെ ആണ് സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
നീറ്റിന് ഓൺലൈനായി തയ്യാറെടുക്കുകയായിരുന്നുവെന്നും കഴിഞ്ഞ രണ്ട് വർഷമായി കോട്ടയിൽ താമസിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. മുറി അകത്ത് നിന്ന് പൂട്ടിയിരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, അതേ പി.ജിയിലെ തൊട്ടടുത്ത മുറിയിൽ താമസിക്കുന്ന ബിഹാറിൽ നിന്നുള്ള മറ്റൊരു വിദ്യാർഥിയെ കാണാതായതായി റിപ്പോർട്ടുണ്ട്.
ലക്കി ആത്മഹത്യ ചെയ്യാൻ സാധ്യതയില്ലെന്ന് മാതൃസഹോദരൻ കോശാൽ കുമാർ ചൗധരി പറഞ്ഞു. സംഭവത്തിൽ അസ്വാഭാവികത ആരോപിക്കുകയും പട്‌നയിൽ നിന്നുള്ള രാഹുൽ എന്ന യുവാവിന്റെ പങ്കുണ്ടെന്ന് സംശയിക്കുന്നതായും മോർച്ചറിക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ കോശാൽ പറഞ്ഞു. രാഹുലിനെയാണ് ഇപ്പോൾ കാണാതായിരിക്കുന്നത്. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും ലഭിച്ചിട്ടില്ല. ലക്കി ചൗധരിയുടെ മൊബൈൽ ഫോണും വാലറ്റും കാണാണില്ലെന്നും അദ്ദേഹം പറഞ്ഞു.
ലക്കിയുടെ പിതാവും മകന്റെ മരണത്തിന്റെ സ്വഭാവത്തിൽ സംശയം പ്രകടിപ്പിച്ചു. രാഹുൽ ഒരു വിദ്യാർഥിയല്ലെന്നും കാമുകിക്കൊപ്പം പലപ്പോഴും മകന്റെ മുറിയിൽ പോകാറുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ലക്കിയുടെ കുടുംബാംഗങ്ങൾക്ക് കൈമാറിയതായി എ.എസ്.ഐ ലാൽ സിങ് പറഞ്ഞു. ബി.എൻ.എസ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അടുത്തിടെ നിരവധി വിദ്യാർഥി ആത്മഹത്യകൾ ആണ് കോട്ടയിൽ നിന്ന് റിപ്പോർട്ട് ചെയ്തത്. പല കേസുകളും തുമ്പില്ലാതെ പോവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.