തിരുവനന്തപുരം: പ്ലസ് ടു പരീക്ഷയിൽ മാത്സ്, ഫിസിക്സ്, കെമിസ്ട്രി പരീക്ഷയിൽ ലഭിച്ച മാർക്കും എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ ലഭിച്ച സ്കോറും 50:50 എന്ന തുല്യ അനുപാതത്തിൽ പരിഗണിച്ചാണ് റാങ്ക് പട്ടിക തയാറാക്കുന്നത്. വിവിധ പരീക്ഷ ബോർഡുകൾക്ക് കീഴിൽ വ്യത്യസ്ത നിലവാരത്തിലുള്ള പ്ലസ് ടു പരീക്ഷ വിജയിച്ച വിദ്യാർഥികളുടെ മാർക്ക് ഏകീകരണത്തിനായാണ് 2011ൽ സമീകരണ പ്രക്രിയ കൊണ്ടുവന്നത്.
വിവിധ പരീക്ഷ ബോർഡുകളിൽനിന്ന് പ്ലസ് ടു ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളിൽ വിദ്യാർഥികൾ നേടിയ മാർക്ക് മൊത്തത്തിൽ ശേഖരിച്ച് വിദ്യാർഥികളുടെ മാർക്കിലുള്ള അന്തരം നിശ്ചയിക്കുന്ന സ്റ്റാന്‍റേർഡ് ഡീവിയേഷൻ, ഗ്ലോബൽ മീൻ എന്നീ മാനകങ്ങൾ പ്രവേശന പരീക്ഷ കമീഷണറേറ്റ് കണ്ടെത്തും. ഇത് അടിസ്ഥാനപ്പെടുത്തി പ്ലസ് ടു പരീക്ഷ മാർക്ക് ഏകീകരിക്കും.
മാർക്കിന്‍റെ അന്തരത്തിലുള്ള തോത് ഉയർന്നതായതോടെ കേരള സിലബസിലുള്ള കുട്ടികൾക്ക് പ്ലസ് ടു മാർക്ക് പരിഗണിക്കുമ്പോൾ വലിയ രീതിയിൽ കുറവുവരുന്ന പ്രവണത കണ്ടുതുടങ്ങി. ഇതിന് പുറമെ മൂന്ന് വിഷയങ്ങളുടെയും മാർക്ക് തുല്യ അനുപാതത്തിൽ (1:1:1) പരിഗണിച്ചായിരുന്നു ഏകീകരണം. ഇതുവഴി മാത്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയുടെ മാർക്ക് നൂറ് വീതം എന്ന രീതിയിൽ മൊത്തം 300ൽ പരിഗണിക്കുന്നു.
വിവിധ ബോർഡുകളിൽനിന്ന് മാർക്ക് ശേഖരിച്ച് മാർക്കിലെ അന്തരം അടിസ്ഥാനപ്പെടുത്തി ഗ്ലോബൽ മീൻ, സ്റ്റാന്റേർഡ് ഡീവിയേഷൻ എന്നീ മാനകങ്ങൾ നിശ്ചയിച്ച് പ്ലസ് ടു മാർക്ക് ഏകീകരിക്കുന്നത് ഒഴിവാക്കി. പരീക്ഷ ബോർഡുകളിൽനിന്ന് മൂന്ന് വിഷയങ്ങളിലെയും ഏറ്റവും ഉയർന്ന മാർക്ക് ശേഖരിച്ച് അത് അടിസ്ഥാനപ്പെടുത്തി പ്ലസ് ടു മാർക്ക് ഏകീകരിക്കുന്ന തമിഴ്നാട്ടിലെ രീതി നടപ്പാക്കാൻ തീരുമാനിച്ചു.
ഉദാഹരണത്തിന് ഒരു ബോർഡിൽ വിഷയത്തിലെ ഉയർന്ന മാർക്ക് 100ഉം മറ്റൊരു ബോർഡിൽ അതേ വിഷയത്തിൽ ഉയർന്ന മാർക്ക് 95ഉം ആണെങ്കിൽ ഇവ ഏകീകരണത്തിൽ തുല്യമായി പരിഗണിക്കും. 95 മാർക്ക് ഉയർന്ന മാർക്കുള്ള ബോർഡിലെ കുട്ടികളുടെ മാർക്ക് ഇതിനനുസൃതമായി നൂറിലേക്ക് മാറ്റും.
ഇതുവഴി 95 മാർക്ക് ഉയർന്ന മാർക്കുള്ള ബോർഡിന് കീഴിൽ പരീക്ഷയെഴുതിയ ഒരു കുട്ടിക്ക് 70 മാർക്കാണ് ബന്ധപ്പെട്ട വിഷയത്തിൽ ലഭിച്ചതെങ്കിൽ ഇത് സമീകരണ പ്രക്രിയ വഴി ഇത് 73.68 ആയി (70/95x100=73.68) വർധിക്കും.
മൂന്ന് വിഷയങ്ങളുടെയും മാർക്ക് ഉയർന്ന മാർക്കിനെ അടിസ്ഥാനപ്പെടുത്തി ഇതേ രീതിയിൽ ഏകീകരിക്കുന്നതാണ് പുതിയ രീതി.
മൂന്ന് വിഷയങ്ങളുടെയും മാർക്ക് തുല്യഅനുപാതത്തിൽ (1:1:1) പരിഗണിക്കുന്നത് 5:3:2 എന്ന അനുപാതത്തിലേക്ക് മാറ്റി. ഇതുവഴി 300ലുള്ള മാർക്കിൽ മാത്സിന്‍റെ മാർക്ക് 150ലും ഫിസിക്സിന്‍റേത് 90ലും കെമിസ്ട്രിയുടേത് 60ലും പരിഗണിക്കുന്ന രീതിയിലേക്കാണ് മാറ്റിയത്. മാത്സിന് അധികവെയ്റ്റേജ് നൽകിയുള്ള അനുപാത മാറ്റമാണ് കോടതി റദ്ദാക്കിയത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.