സംസ്ഥാന പ്രവേശന പരീക്ഷ കമീഷണർ ഫാർമസി (ഒന്നാംഘട്ടം), ആർക്കിടെക്ചർ (മൂന്നാംഘട്ടം), എൻജിനീയറിങ് (സ്ട്രേ വേക്കൻസി) കോഴ്സുകളിലേക്കുള്ള കേന്ദ്രീകൃത അലോട്ട്മെന്റുകൾ ഔദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് ഹോം പേജിൽനിന്ന് അലോട്ട്മെന്റ് മെമ്മോ, ഡേറ്റ ഷീറ്റ് എന്നിവ ഡൗൺലോഡ് ചെയ്യാം.
വിദ്യാർഥിയുടെ പേര്, റോൾ നമ്പർ, അലോട്ട്മെന്റ് ലഭിച്ച കോഴ്സ്, കോളജ്, കാറ്റഗറി, ഫീസ് വിവരങ്ങൾ അലോട്ട്മെന്റ് മെമ്മോയിലുണ്ട്. അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ളതും പ്രവേശന പരീക്ഷ കമീഷണർക്ക് അടക്കേണ്ടതുമായ ഫീസ് (ബാധകമെങ്കിൽ) ആഗസ്റ്റ് 30 ഉച്ചക്ക് രണ്ടു മണിക്കുള്ളിൽ ഓൺലൈനിൽ അടച്ച് വൈകീട്ട് മൂന്നു മണിക്ക് മുമ്പ് അലോട്ട്മെന്റ് ലഭിച്ച കോളജിൽ പ്രവേശനം നേടണം. പ്രവേശന സമയത്ത് ഡേറ്റ ഷീറ്റ്, അലോട്ട്മെന്റ് മെമ്മോ അടക്കം ആവശ്യമായ രേഖകൾ ഹാജരാക്കേണ്ടതാണ്.
നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസ് ഒടുക്കി കോളജിൽ പ്രവേശനം നേടാത്ത വിദ്യാർഥികളുടെ അലോട്ട്മെന്റ് റദ്ദാക്കുന്നതായിരിക്കും. നിലവിൽ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള എല്ലാ വിദ്യാർഥികളും 30ന് വൈകീട്ട് മൂന്നു മണിക്ക് മുമ്പ് പ്രവേശനം നേടിയിരിക്കണം. എൻജിനീയറിങ്, ആർക്കിടെക്ചർ കോഴ്സകളിലേക്ക് പ്രവേശന പരീക്ഷ കമീഷണർ ഈവർഷം നടത്തുന്ന അവസാന അലോട്ട്മെന്റാണ്.
സർക്കാർ, എയ്ഡഡ് കോളജുകളിൽ ഒഴിവുള്ള എൻജിനീയറിങ്, ആർക്കിടെക്ചർ സീറ്റുകൾ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ സ്പോട്ട് അലോട്ട്മെന്റ് മുഖേന നികത്തും. (ഹെൽപ് ലൈൻ നമ്പർ 0471-2332120/2338487).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.