നാഷനൽ ടെസ്റ്റിങ് ഏജൻസി 2026ൽ നടത്തിയ ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ ഉയർന്ന പെർസെൈന്റൽ സ്കോർ നേടിയ രണ്ടരലക്ഷം പേർക്ക് ഐ.ഐ.ടികളിലും മറ്റും എൻജിനീയറിങ്, സയൻസ്, ആർക്കിടെക്ചർ മുതലായ അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലേക്കുള്ള ജെ.ഇ.ഇ അഡ്വാൻസ്ഡ് അഭിമുഖീകരിക്കുന്നതിന് അർഹതയുണ്ട്. ശാസ്ത്ര-സാങ്കേതിക ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണ പഠനത്തിനും പ്രശസ്തിയാർജിച്ച രാജ്യത്തെ മുൻനിര സ്ഥാപനങ്ങളാണ് ഐ.ഐ.ടികളും ഐ.ഐ.എസ്.സി ബംഗളൂരുവും.
ജെ.ഇ.ഇ മെയിൻ 2026 റാങ്കുകാർക്ക് എൻ.ഐ.ടികൾ, ഐ.ഐ.ഐ.ടികൾ, സി.എഫ്.ടി.ഐകൾ അടക്കമുള്ള പ്രമുഖ സ്ഥാപനങ്ങളിൽ ബി.ഇ/ബി.ടെക് മുതലായ പ്രോഗ്രാമുകളിൽ പ്രവേശനം തേടാം. ജോയന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ) 2026ൽ നടത്തുന്ന ഓൺലൈൻ കൗൺസലിങ് വഴിയാണ് സീറ്റ് അലോട്ട്മെന്റ്. ജെ.ഇ.ഇ അഡ്വാൻസ്ഡ് റാങ്ക് ജേതാക്കൾക്കും ജോസ വഴിയാണ് ഐ.ഐ.ടി പ്രവേശനം. ഇതുസംബന്ധിച്ച് അറിയിപ്പ് https://josaa.nic.inൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ: കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ മേയ് 17 ഞായറാഴ്ച നടത്തും. ഐ.ഐ.ടി റൂർക്കിയാണ് ഇന്ത്യക്കകത്തും പുറത്തും ഈ വർഷത്തെ പരീക്ഷ സംഘടിപ്പിക്കുന്നത്.
രണ്ട് പേപ്പറുകളാണ് പരീക്ഷയിലുള്ളത്. പേപ്പർ ഒന്ന് രാവിലെ 9-12 മണിവരെയും രണ്ടാമത്തെ പേപ്പർ ഉച്ച 2.30 മുതൽ 5.30 വരെയുമാണ്. രണ്ട് പേപ്പറുകളും നിർബന്ധമായും അഭിമുഖീകരിക്കണം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിലാണ് ചോദ്യങ്ങൾ. പരീക്ഷക്കുള്ള അഡ്മിറ്റ് കാർഡ് മേയ് 11 മുതൽ 17 വരെ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. പരീക്ഷ ഘടന, സിലബസ്, മൂല്യനിർണയ രീതി അടക്കമുള്ള വിവരണപത്രിക https://jeeadv.ac.inൽ ലഭിക്കും. കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, കാസർകോട്, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ നഗരങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും.
ജെ.ഇ.ഇ മെയിൻ 2026 ബി.ഇ/ബി.ടെക് പേപ്പറിൽ ഉന്നത വിജയം വരിച്ച രണ്ടരലക്ഷം പേർക്കാണ് ജെ.ഇ.ഇ അഡ്വാൻസ്ഡ് എഴുതാവുന്നത്. 2001 ഒക്ടോബർ ഒന്നിനോ അതിന് ശേഷമോ ജനിച്ചവരാകണം. (പട്ടികജാതി വർഗം, ഭിന്നശേഷി വിഭാഗക്കാർ 1996 ഒക്ടോബർ ഒന്നിനുശേഷം ജനിച്ചവരുമാകണം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ ഹയർസെക്കൻഡറി/പ്ലസ്ടു/തത്തുല്യ പരീക്ഷ 2025 അല്ലെങ്കിൽ 2026ൽ വിജയിച്ചിരിക്കണം.
രജിസ്ട്രേഷൻ: ഏപ്രിൽ 23 രാവിലെ 10 മുതൽ മേയ് രണ്ട് രാത്രി 11-59 വരെ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
രജിസ്ട്രേഷൻ ഫീസ് 3200 രൂപ. വനിതകൾക്കും എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്കും 1600 രൂപ. വിദേശത്ത് പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കുന്നവർ 200 യു.എസ് ഡോളർ ഫീസ് അടക്കണം. സർവിസ്, പ്രോസസിങ് ചാർജ് കൂടി നൽകേണ്ടതുണ്ട്. മേയ് നാല് രാത്രി 11.59 മണിവരെ ഫീസ് സ്വീകരിക്കും. രജിസ്ട്രേഷനുള്ള മാർഗനിർദേശങ്ങളും ഫീസ് അടക്കേണ്ട രീതിയുമെല്ലാം വിവരണ പത്രികയിലുണ്ട്. സൗകര്യപ്രദമായ 10 നഗരങ്ങൾ പരീക്ഷക്കായി തിരഞ്ഞെടുക്കാം.
റാങ്ക്ലിസ്റ്റ്: ജെ.ഇ.ഇ അഡ്വാൻസ്ഡ് ഒന്നും രണ്ടും പേപ്പറുകൾക്ക് ലഭിച്ച മൊത്തം മാർക്ക് അടിസ്ഥാനമാക്കി റാങ്ക് ലിസ്റ്റ് തയാറാക്കും. കോമൺ റാങ്ക്ലിസ്റ്റിൽ ഉൾപ്പെടുന്നതിന് ജനറൽ വിഭാഗത്തിലുള്ളവർ ഓരോ വിഷയത്തിലും 10 ശതമാനത്തിൽ കുറയാതെയും മൊത്തത്തിൽ 35 ശതമാനത്തിൽ കുറയാതെയും മാർക്ക് നേടണം. ഇ.ഡബ്ല്യു.എസ്/ഒ.പി.സി-എൻ.സി.എൽ വിഭാഗങ്ങൾക്ക് യഥാക്രമം 9 ശതമാനം, 31.5 ശതമാനം; എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് 5 ശതമാനം, 17.5 ശതമാനം മാർക്ക് മതിയാകും.
ഫലം ജൂൺ ഒന്നിന് പ്രസിദ്ധപ്പെടുത്തും. ഇതിനോടനുബന്ധിച്ച് കാറ്റഗറി അടിസ്ഥാനത്തിലുള്ള അഖിലേന്ത്യ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. റാങ്ക് ജേതാക്കൾക്ക് ജോസ കൗൺസലിങ് പോർട്ടലിൽ യഥാസമയം രജിസ്റ്റർ ചെയ്ത് ചോയ്സ് ഫില്ലിങ് നടത്തി ഐ.ഐ.ടി പ്രവേശന നടപടികളിൽ പങ്കെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.