ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും ഉയർന്ന റാങ്കുള്ള കേന്ദ്ര സർവകലാശാലയായി മാറി ജാമിയ മില്ലിയ ഇസ്‌ലാമിയ. ടൈംസ് ഹയർ എജ്യൂക്കേഷൻ വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങ്ങിൽ ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്നാമത്തെ വിദ്യാഭ്യാസ സ്ഥാപനമാണ് ജാമിയ മില്ലിയ്യ ഇസ്‍ലാമിയ. 115 രാജ്യങ്ങളിൽ നിന്നുള്ള 2191 സർവകലാശാലകളെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് നിശ്ചയിച്ചത്. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്(ഐ.ഐ.എസ്.സി) ആണ് ഇന്ത്യൻ സർവകലാശാലകളിൽ ഒന്നാമത്. ചെന്നൈയിലെ സവിത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് രണ്ടാം റാങ്ക് സ്വന്തമാക്കി.
കഴിഞ്ഞവർഷം ആഗോളതലത്തിൽ 501നും 600നും ഇടയിലുള്ള ബാൻഡിലായിരുന്നു ജാമിയ. ഈ വർഷം റാങ്കിങ് 401നും 500നും ഇടയിലാക്കാൻ സർവകലാശാലക്ക് സാധിച്ചു.
അധ്യാപന നിലവാരം, ഗവേഷണ മികവ്, വർധിച്ചുവരുന്ന അന്താരാഷ്ട്ര സാന്നിധ്യം എന്നിവയാണ് ജാമിയ മില്ലിയയെ മികവിന്റെ പാതയിലെത്തിച്ചത്. അക്കാദമിക മികവും മികച്ച ഗവേഷണ സംരംഭങ്ങളുമാണ് ഈ നേട്ടത്തിന്റെ കാരണമെന്ന് വൈസ് ചാൻസലർ പ്രഫസർ മസർ ആസിഫ്, രജിസ്ട്രാർ പ്രഫ. മുഹമ്മദ് മെഹ്താബ് ആലം റിസ്‍വി എന്നിവർ അറിയിച്ചു.
''ഞങ്ങളുടെ ഫാക്കൽറ്റി അംഗങ്ങൾ, വിദ്യാർഥികൾ, ഗവേഷകർ, പൂർവ വിദ്യാർഥികൾ, അനധ്യാപകർ എന്നിവരുടെ കൂട്ടായ പരിശ്രമത്തിന്റെയും സമർപ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് ശ്രദ്ധേയമായ ഈ നേട്ടത്തിന് കാരണം. ഇതെല്ലാം കൂടി ജാമിയയെ അക്കാദമിക മികവിന്റെ ആഗോളതലത്തിലേക്ക് ഉയർത്തി''-അവർ കൂട്ടിച്ചേർത്തു. ഗവേഷണ മികവിന് മുൻഗണന നൽകുന്ന ഒരു അക്കാദമിക് അന്തരീക്ഷം വളർത്തുക എന്നതാണ് ജാമിയയുടെ ലക്ഷ്യം. ആഗോളതലത്തിലുള്ള നേട്ടത്തിന് പുറമെ, 2025ലെ നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക്ക് ഇന്ത്യ റാങ്കിങ്ങിലും ജാമിയ മികച്ച പ്രകടനം കാഴ്ച വെച്ചു.
അക്കാദമിക നിലവാരവും ഗവേഷണരംഗത്തെ പ്രതിബദ്ധതയുമാണ് ഈ നേട്ടത്തിന് കാരണം. ഇന്ത്യയിലെ മുൻനിര ലോകോത്തര സർവകലാശാലകളിൽ ഒന്നായി മാറാനുള്ള കുതിപ്പിലാണ് ജാമിയ. അധ്യാപനം, ഗവേഷണ അന്തരീക്ഷം, ഗവേഷണ നിലവാരം, അന്താരാഷ്ട്ര കാഴ്ചപ്പാട് എന്നിവ അടിസ്ഥാനമാക്കിയാണ് ലോക യൂനിവേഴ്സിറ്റി റാങ്കിങ് നിശ്ചയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.