വെടിയൊച്ചകൾ വകവയ്ക്കാതെ അവൻ പഠിച്ചുകയറി; നീറ്റ് പരീക്ഷയിൽ ആദ്യ പത്തിൽ ഇടംപിടിച്ച് കശ്മീർ സ്വദേശി

നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് യു.ജി) റാങ്ക് പട്ടിക പ്രസിദ്ധികരിച്ചപ്പോൾ അഭിമാനമായി കശ്മീരിൽനിന്നുള്ള ഹാസിഖ് പർവേസ് ലോൺ. നീറ്റ് റാങ്ക് ലിസ്റ്റിലെ ആദ്യ പത്തിൽ ഇടംപിടിച്ച ഏക മുസ്‍ലിം വിദ്യാർഥിയായ ഹാസിഖ് ജമ്മു കശ്മീരിൽ നിന്നുള്ള ടോപ്പറുമാണ്. കശ്മീരിലെ ഷോപ്പിയാനിൽ നിന്നുള്ള ഹാസിഖ് പർവേസ് ലോൺ പത്താം റാങ്കാണ് കരസ്ഥമാക്കിയത്. 710 പോയിന്റ് നേടിയ ഹാസിഖ് പുരുഷ ടോപ്പർമാരുടെ പട്ടികയിൽ ഏഴാം സ്ഥാനത്താണ്.

'നീറ്റ് വിജയിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. പക്ഷേ പത്താം റാങ്ക് ലഭിച്ചത് പ്രതീക്ഷയ്ക്കും അപ്പുറമായിരുന്നു. 10 ടോപ്പർമാരിൽ ഞാനുമുണ്ടെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. എനിക്ക് വിജയം തന്നതിന് സർവശക്തനായ അല്ലാഹുവിനോട് നന്ദി പറയുന്നു. മാതാപിതാക്കളുടെയും ശ്രീനഗറിലെ ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകരുടെയും പിന്തുണയും പ്രയത്നവും ഇല്ലായിരുന്നുവെങ്കിൽ മികച്ച വിജയം സാധ്യമാകുമായിരുന്നില്ല. പ്രത്യേകിച്ച് ഞങ്ങളെ ഭൗതികശാസ്ത്രം പഠിപ്പിച്ച രോഹിൻ ജെയിൻ'-ഹാസിഖ് പ്രാദേശിക വാർത്താ ഏജൻസിയോട് പറഞ്ഞു. ഷോപ്പിയാനിലെ തുർക്ക്‌വാംഗം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയായ ഹാസിഖിന് ന്യൂറോളജിസ്റ്റ് ആകാനാണ് ആഗ്രഹം. 'ഒരു ഡോക്ടറാവുക എന്നതായിരുന്നു എന്റെ സ്വപ്നം. ഞാൻ ന്യൂറോളജി ബ്രാഞ്ച് തിരഞ്ഞെടുത്ത് ന്യൂറോളജിസ്റ്റ് ആകും,'-ഹാസിഖ് പറഞ്ഞു.


ജൂലൈ 17 നായിരുന്നു നീറ്റ് പരീക്ഷ നടന്നത്. രാജ്യത്താകെ 18,72,343 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇന്ത്യക്ക് പുറത്തുള്ള 14 നഗരങ്ങൾ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള 497 സ്ഥലങ്ങളിൽ 3570 വ്യത്യസ്ത കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. ആസാമീസ്, ബംഗാളി, ഇംഗ്ലീഷ്, ഗുജറാത്തി, ഹിന്ദി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു എന്നിങ്ങനെ 13 ഭാഷകളിൽ പരീക്ഷ നടത്തി. അബുദാബി, ബാങ്കോക്ക്, കൊളംബോ, ദോഹ, കാഠ്മണ്ഡു, ക്വാലാലംപൂർ, ലാഗോസ്, മനാമ, മസ്‌കറ്റ്, റിയാദ്, ഷാർജ, സിംഗപ്പൂർ, ദുബായ്, കുവൈറ്റ് സിറ്റി എന്നിവിടങ്ങളിലും പരീക്ഷ ആദ്യമായി നടത്തിയിരുന്നു.

ആദ്യ 50 റാങ്കില്‍ ഒരു മലയാളി വിദ്യാര്‍ഥി മാത്രമാണ് ഇടംപിടിച്ചത്. 47-ാം റാങ്ക് കരസ്ഥമാക്കിയ തവനൂര്‍ സ്വദേശിയായ പി. നന്ദിതയാണ് കേരളത്തില്‍ ഒന്നാമെതെത്തിയത്. പെണ്‍കുട്ടികളില്‍ രാജ്യത്ത് 17-ാം റാങ്കിലെത്താനും നന്ദിതയ്ക്കായി. 79-ാം റാങ്ക് നേടിയ കോഴിക്കോട് സ്വദേശി സിദ്ധാര്‍ഥ് എം. നായരാണ് ആദ്യ നൂറില്‍ ഇടം നേടിയ മറ്റൊരു മലയാളി. ഹരിയാന സ്വദേശിയായ തനിഷ്കയ്ക്കാണ് ഒന്നാം റാങ്ക്. ഡല്‍ഹി സ്വദേശിയായ വാത്സ ആശിഷ് ബത്ര, കര്‍ണാടക സ്വദേശി ഹരികേഷ് നാഗ്ഭൂഷണ്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും റാങ്കുകള്‍ സ്വന്തമാക്കി.

Tags:    
News Summary - Haziq Pervez Lone From Shopian Secures All India Rank 10 In NEET UG Exams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.