ഈടില്ലാതെ ഇനി 10 ലക്ഷം രൂപ വിദ്യാഭ്യാസ വായ്പയായി ലഭിക്കും; ഏഴര ലക്ഷമെന്ന പരിധിയാണ് കേന്ദ്രസർക്കാർ ഉയർത്തുന്നത്

വിദ്യാഭ്യാസ വായ്പയുടെ ജാമ്യപരിധി സർക്കാർ ഉയർത്തുന്നു; ഏഴര ലക്ഷത്തിൽ നിന്ന് 10 ലക്ഷമാക്കാനാണ് നീക്കം

ന്യൂഡൽഹി: ഈട് നൽകാതെ വിദ്യാഭ്യാസ വായ്പ നൽകാനുള്ള പരിധി ഉയർത്താൻ കേന്ദ്രസർക്കാർ നീക്കം. നിലവിൽ ഏഴരലക്ഷം വരെയുള്ള തുകക്ക് ഈട് നൽകേണ്ടതില്ല. അത് 10 ലക്ഷമാക്കാനാണ് ഉദ്ദേശിക്കുന്നത്.

വിദ്യാഭ്യാസ വായ്പകൾക്കായുള്ള കേന്ദ്ര സർക്കാരിന്റെ ക്രെഡിറ്റ് ഗ്യാരന്റി ഫണ്ട് സ്കീമിന് (സി.ജി.എഫ്.എസ്.ഇ.എൽ) കീഴിലാണ് വിദ്യാഭ്യാസ വായ്പകൾ ഉറപ്പ് നൽകുന്നത്.

ഈടോ, മൂന്നാംകക്ഷി ജാമ്യമോ ഇല്ലാതെ വായ്പ നൽകുന്നത് 10 ലക്ഷമായി ഉയർത്തണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പുമായി ആശയ വിനിമയം നടത്തുന്നതായി കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനു കീഴിലെ ധനകാര്യ സേവന വകുപ്പ് വ്യക്തമാക്കി.

ഇതു സംബന്ധിച്ച് ഫിനാൻഷ്യൽ സർവീസ് ഡിപാർട്മെന്റ് 12 ബാങ്കുകളുമായി കഴിഞ്ഞ ആഗസ്റ്റിൽ ചർച്ച നടത്തിയിരുന്നു. വിദ്യാഭ്യാസ വായ്പയുടെ ഈടിന്റെ കാര്യത്തിൽ എല്ലാ ബാങ്കുകൾക്കും ഏകൃകൃത രീതി ആവിഷ്കരിക്കണമെന്നും ബാങ്കുകൾ ആവശ്യപ്പെട്ടിരുന്നു. നിലവിൽ ഏഴരലക്ഷമാണ് ഈടില്ലാതെ വിദ്യാഭ്യാസ വായ്പയായി നൽകേണ്ടത് എന്നിരിക്കെ, ചില സംസ്ഥാനങ്ങളിൽ 10 ലക്ഷം വരെ ഈടില്ലാതെ വായ്പ നൽകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളുടെ ഉന്നത പഠനത്തിനായാണ് വിദ്യാഭ്യാസ വായ്പ നൽകുന്നത്. വാർഷിക വരുമാനം നാലര ലക്ഷത്തിൽ കവിയാത്ത കുടുംബങ്ങളിലെ വിദ്യാർഥികൾക്കാണ് വായ്പ ലഭിക്കുക. വിദ്യാഭ്യാസ വായ്പകളുടെ പലിശ നിരക്കും താരതമ്യേന കുറവാണ്. അടിസ്ഥാന നിരക്കിന്റെ രണ്ടുശതമാനമാണ് പലിശയായി ഈടാക്കുന്നത്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പലിശ രഹിത വായ്പക്കും അർഹതയുണ്ട്. സബ്സിഡ് ലഭിക്കുന്ന വായ്പയുടെ പരിധി 7.50 ലക്ഷം രൂപയാണ്. ഇ.ഡബ്ല്യു.എസ് വിഭാഗം വിദ്യാർഥികൾക്ക് മൊറട്ടോറിയം കാലയളവിൽ ഈ വായ്പകൾക്ക് പൂർണ പലിശ സബ്‌സിഡിയും ക്ലെയിം ചെയ്യാം. ഇത് കോഴ്‌സ് കാലയളവും ഒരു വർഷവുമാണ്. പരമാവധി വായ്പ തുകയായ 7.50 ലക്ഷം രൂപയ്ക്കാണ് സബ്‌സിഡി നൽകുന്നത്.

Tags:    
News Summary - Government to increase guarantee limit for education loan to rs. 10 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.