അവിവാഹിതരായ ആൺകുട്ടികൾക്ക് കരസേനയിൽ 10+2 ടെക്നിക്കൽ എൻട്രി സ്കീമിലൂടെ സൗജന്യ എൻജിനീയറിങ് ബിരുദപഠനത്തിനും ഓഫിസറായി ജോലി നേടാനും മികച്ച അവസരം. ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം https://joinindianarmy.nic.inൽ ലഭ്യമാണ്. മുഴുവൻ പഠന-പരിശീലന ചെലവുകളും സർക്കാർ വഹിക്കും. തിരഞ്ഞെടുക്കപ്പെടുന്ന കേഡറ്റുകൾക്ക് ഡറാഡൂണിലെ ഇന്ത്യൻ മിലിറ്ററി അക്കാദമിയിൽ ഒരുവർഷത്തെ പരിശീലനം നൽകും.
മൂന്നുവർഷക്കാലം അടിസ്ഥാന മിലിറ്ററി പരിശീലനവും എൻജിനീയറിങ് പഠനവും പുണെ സി.എം.ഇ/സെക്കന്തരാബാദ് എം.സി.ഇ.എം.ഇകളിലുമായിരിക്കും. മൊത്തം നാലു വർഷത്തെ പരിശീലനമാണ്. മിലിറ്ററി അക്കാദമി പരിശീലന കാലയളവിൽ പ്രതിമാസം 56,100 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. നാലുവർഷത്തെ പരിശീലനം പൂർത്തിയാക്കുമ്പോൾ എൻജിനീയറിങ് ബിരുദം നൽകി ലഫ്റ്റനന്റ് പദവിയിൽ 56,100-1,77,500 രൂപ ശമ്പളനിരക്കിൽ ഓഫിസറായി നിയമിക്കും. നിരവധി ആനുകൂല്യങ്ങളും ഉദ്യോഗക്കയറ്റ സാധ്യതകളുമുണ്ട്. ആകെ 90 ഒഴിവുകളാണുള്ളത്.
യോഗ്യത: ജെ.ഇ.ഇ (മെയിൻസ്) 2025 പരീക്ഷ അഭിമുഖീകരിച്ചവരാകണം. പ്ലസ്ടു/ഹയർ സെക്കൻഡറി പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെ നേടി വിജയിച്ചിരിക്കണം. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസ് വേണം. വൈകല്യങ്ങൾ പാടില്ല.
പ്രായപരിധി: കോഴ്സ്/പരിശീലനം ആരംഭിക്കുന്ന 2026 ജൂലൈ ഒന്നിന് പതിനാറരക്കും പത്തൊമ്പതരക്കും മധ്യേയാവണം. 2007 ജനുവരി രണ്ടിന് മുമ്പോ 2010 ജനുവരി ഒന്നിന് ശേഷമോ ജനിച്ചവരാകരുത്. വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങളും സെലക്ഷൻ നടപടികളും ശമ്പളം അടക്കമുള്ള ആനുകൂല്യങ്ങളും വിജ്ഞാപനത്തിലുണ്ട്. അപേക്ഷ: ഓൺലൈനിൽ ഇപ്പോൾ അപേക്ഷിക്കാം. നവംബർ 13ന് 12 മണി വരെ അപേക്ഷ സ്വീകരിക്കും.
അപേക്ഷകരെ ഷോർട്ട്‍ലിസ്റ്റ് ചെയ്ത് സർവിസസ് സെലക്ഷൻ ബോർഡ് അടുത്ത ഫെബ്രുവരി/മാർച്ച് മുതൽ ബംഗളൂരു, പ്രയാഗ് രാജ്, ഭോപാൽ, ജലന്ധർ കേന്ദ്രങ്ങളിലായി ഇന്റർവ്യൂവിന് ക്ഷണിക്കും. രണ്ടുഘട്ടങ്ങളായി അഞ്ചു ദിവസത്തോളം നീളുന്ന ഇന്റർവ്യൂവിൽ സൈക്കോളജിക്കൽ ടെസ്റ്റും ഗ്രൂപ് ടെസ്റ്റുമൊക്കെയുണ്ടാവും. ഒന്നാംഘട്ടത്തിൽ യോഗ്യത നേടുന്നവരെ രണ്ടാംഘട്ടത്തിലേക്ക് പ്രവേശിപ്പിക്കും. കായികക്ഷമതാ പരീക്ഷ, വൈദ്യപരിശോധന എന്നിവയിലും യോഗ്യത നേടണം. ഇതിന്റെ അടിസ്ഥാനത്തിൽ മെറിറ്റ്ലിസ്റ്റ് തയാറാക്കിയാണ് നിയമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.