ദുബൈ: ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ-കരിയർ മേളയായ ‘ഗൾഫ് മാധ്യമം എജുകഫെ’യുടെ ഒമ്പതാം സീസൺ നവംബറിൽ. ദുബൈ മുഹൈസിന ഇത്തിസലാത്ത് അക്കാദമിയിൽ നവംബർ 8,9 തിയ്യതികളിലാണ് പുതിയ സീസണ് അരങ്ങൊരുങ്ങുന്നത്. യു.എ.ഇയിൽ 5000 വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുക്കുന്ന മേളയിൽ രാജ്യത്തിനകത്തും പുറത്തുമുള്ള 50ലേറെ സർവകലാശാലകളുടെ പ്രദർശനങ്ങളുണ്ടാകും. വിദേശപഠനം, സ്കോളർഷിപ്പുകൾ, എൻട്രൻസ് കോച്ചിങ്, ടെക്നോളജി രംഗത്തെ പുതിയ സാധ്യതകൾ എന്നിവ പരിചയപ്പെടുത്തുന്ന സ്റ്റാളുകളുമൊരുക്കും. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ച് ഈ വർഷം ഖത്തറിലും കുവൈത്തിലും മേള സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഖത്തറിൽ 3000വും കുവൈത്തിൽ 2500ഉം വിദ്യാർഥികൾ മേളക്കെത്തും.
വിജ്ഞാനത്തിന്റെയും കരിയർ സാധ്യതകളുടെയും പുതുവഴികൾ വിദ്യാർഥികൾക്ക് സമ്മാനിച്ച് വിജയകരമായ എട്ട് സീസണുകൾ പൂർത്തിയാക്കിയാണ് മഹാമേളയുടെ പുതിയ സീസൺ യു.എ.ഇയിലെത്തുന്നത്. മോട്ടിവേഷൻ, കൗൺസിലിങ്, കരിയർ പ്ലാനിങ്, പ്രിൻസിപ്പൾസ് ടോക്ക്, വൺ ടു വൺ ഇന്ററാക്ഷൻ, സൈക്കോളജിക്കൽ കൗൺസലിങ്, കരിയർ മാപ്പിങ്, അഭിരുചി പരീക്ഷകൾ, മോക് ടെസ്റ്റുകൾ തുടങ്ങി അധ്യാപകർക്കും വിദ്യാർഥികൾക്കുമായുള്ള വ്യത്യസ്ത സെഷനുകളും പ്രമുഖർ പങ്കെടുക്കുന്ന വിനോദപ്രദമായ പരിപാടികളും മേളയിൽ ഉൾപ്പെടുത്തും. ആഗോള വിദ്യഭ്യാസ മേളയെന്ന കാഴ്ചപ്പാടിൽ വിദ്യഭ്യാസ രംഗത്തെ നവീന സാധ്യതകൾ പരിചയപ്പെടുത്തുന്ന വിദഗ്ധരുടെ സെഷനുകൾ വിവിധ രാജ്യക്കാരായ വിദ്യാർഥികൾക്ക് ഉപകാരപ്പെടും. ഉപരിപഠനത്തിന് തയാറെടുക്കുന്ന വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്പെടുന്ന രീതിയിലാണ് മേളയുടെ ഡിസൈൻ. ബഹിരാകാശ പഠന രംഗത്തെ ഭാവി സാധ്യതകൾ, ആർടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ സാങ്കേതിക മുന്നേറ്റം തുടങ്ങിവ വിഷയങ്ങളിൽ ആഴത്തിലുള്ള ചർച്ചകൾക്ക് മേള വേദിയാകും.
മേളയോടനുബന്ധിച്ച് വിദ്യാർഥികളുടെ മികച്ച ആശയങ്ങൾക്ക് മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാം ഇന്നവേഷൻ അവാർഡും സമ്മാനിക്കും. കഴിഞ്ഞ സീസണിൽ ആരംഭിച്ച സംരംഭത്തിൽ നിരവധി സ്കൂൾ വിദ്യാർഥികളാണ് പുരസ്കാരത്തിനായി നവീന കാഴ്ചപ്പാടുകൾ അവതരിപ്പിച്ചത്. 10,11,12 ക്ലാസുകളിലെ കുട്ടികൾക്ക് വേണ്ടി നടത്തുന്ന മൽസരത്തിൽ രണ്ട് ഘട്ടങ്ങളായി പ്രഗൽഭരായ വ്യക്തിത്വങ്ങളാണ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും എജുകഫെയിൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. രജിസ്ട്രേഷനും പ്രവേശനവും തികച്ചും സൗജന്യമായിരിക്കും. കൂടുതൽ അന്വേഷണങ്ങൾക്ക് +971 504851700.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.