ന്യൂഡൽഹി: 2025 -26 അധ്യയന വർഷത്തെ യു.ജി അഡ്മിഷൻ പോർട്ടലായ കോമൺ സീറ്റ് അലോക്കേഷൻ സിസ്റ്റം (സി.എസ്.എ.എസ്) തുറന്നതായി ഡൽഹി സർവകലാശാല ഡീൻ ഹനീത് ഗാന്ധി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. വിദ്യാർഥികൾക്ക് സർവകലാശാല ഔദ്യോഗിക വെബ്സൈറ്റായ https://admission.uod.ac.in/ വഴി അപേക്ഷിക്കാം.
സർവകലാശാലയുടെ കീഴിൽ 69 കോളേജുകളിലായി 79 കോഴ്സുകൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഈ കോഴ്സുകളിലായി ആകെ 71,624 സീറ്റുകൾ ലഭ്യമാണെന്നും ഡീൻ പറഞ്ഞു. സെന്റർ ഫോർ ഇന്നൊവേറ്റീവ് സ്കിൽ-ബേസ് കോഴ്സുകൾ (സി.ഐ.എസ്.ബി.സി) വഴി വിവിധ നൈപുണ്യ അധിഷ്ഠിത കോഴ്സുകളിലേക്കും പ്രവേശനം ആരംഭിച്ചിട്ടുണ്ട്. എ.സി-റഫ്രിജറേറ്റർ റിപ്പയറിങ്, അനിമേഷൻ, മോഷൻ ഗ്രാഫിക്സ്, ബേക്കറി-മിട്ടായി മേക്കിങ് തുടങ്ങിയ കോഴ്സുകളും ഇതിൽ ഉൾപ്പെടുന്നു.
എല്ലാ ബിരുദ കോഴ്സുകളുടെയും പ്രവേശനം സി.യു.ഇ.ടി (കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്) മാർക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും. ബിരുദ പ്രവേശനപ്രക്രിയ രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. ആദ്യഘട്ടത്തിൽ അപേക്ഷകർ അവരുടെ വ്യക്തിഗത വിവരങ്ങൾ, പ്ലസ്ടു പരീക്ഷ മാർക്കുകൾ. സി.യു.ഇ.ടി അപേക്ഷ എന്നിവ സി.എസ്.എ.എസ് പോർട്ടലിൽ നൽകേണ്ടതുണ്ട്. സി.യു.ഇ.ടി ഫലങ്ങൾ പ്രഖ്യാപിച്ചതിന് ശേഷം രണ്ടാം ഘട്ടം ആരംഭിക്കും. ഈ സമയം വിദ്യാർഥികൾക്ക് അവരുടെ പ്രോഗ്രാമും കോളേജും മുൻഗണന അനുസരിച്ച് തീരുമാനിക്കാം. തുടർന്ന് സർവകലാശാല സാധ്യത പട്ടിക പ്രസിദ്ധികരിക്കും. അതനുസരിച്ച് വിദ്യാർഥികൾക്ക് പ്രവേശനം നേടാമെന്ന് ഹനീത് ഗാന്ധി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.