സമർഥരായ പ്ലസ് ടുകാർക്ക് യു.പി.എസ്.സിയുടെ 2026ലെ നാഷനൽ ഡിഫൻസ് അക്കാദമി (എൻ.ഡി.എ), നേവൽ അക്കാദമി (എൻ.എ) പരീക്ഷ വഴി പ്രതിരോധസേനാ വിഭാഗങ്ങളായ കര, നാവിക, വ്യോമസേനയിൽ എയർഫോഴ്സ് സർവിസിൽ ഓഫിസറാകാം. പരീക്ഷ ഏപ്രിൽ 12ന് ദേശീയതലത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അടക്കം 81 കേന്ദ്രങ്ങളിലായി നടത്തും. എൻ.ഡി.എയുടെ 157ാമതും നേവൽ അക്കാദമിയുടെ 119ാമതും കോഴ്സുകളിലേക്കാണ് തെരഞ്ഞെടുപ്പ്. കോഴ്സ് 2027 ജനുവരിയിൽ ആരംഭിക്കും. വിശദവിവരങ്ങൾ https://upsc.gov.in/ൽ ലഭിക്കും.
ഒഴിവുകൾ: ആകെ 394 (പുരുഷൻ-370, വനിതകൾ-24) ഓരോ സർവിസിലും ലഭ്യമായ ഒഴിവുകൾ-ആർമി 208 (198/10), നേവി 42 (37/5), വ്യോമസേന-ഫ്ലൈയിങ് 92 (90/2), ഗ്രൗണ്ട് ഡ്യൂട്ടീസ് (ടെക്നിക്കൽ 18 (16/2), ഗ്രൗണ്ട് ഡ്യൂട്ടീസ് (നോൺ ടെക്നിക്കൽ) 10(8/2), നേവൽ അക്കാദമി (10+2 കേഡറ്റ് എൻട്രി സ്കീം)-24 (21/3).
യോഗ്യത: എൻ.ഡി.എ -ആർമി വിഭാഗത്തിലേക്ക് ഏതെങ്കിലും സ്ട്രീമിൽ പന്ത്രണ്ടാം ക്ലാസ് / പ്ലസ് ടു /പരീക്ഷ പാസായിരിക്കണം.
വ്യോമ, നാവിക സേനകളിലേക്കും നാവിക അക്കാദമിയിലേക്കും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ് ടു / തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. (യോഗ്യതാ പരീക്ഷയെഴുതാൻ പോകുന്നവർക്ക് അപേക്ഷിക്കാവുന്നതാണ്. 2026 ഡിസംബർ 10നകം യോഗ്യത, സർട്ടിഫിക്കറ്റ് ഹാജരാക്കിയിരിക്കണം), മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം.
2007 ജൂലൈ ഒന്നിന് മുമ്പോ 2010 ജൂലൈ ഒന്നിന് ശേഷമോ ജനിച്ചവരാകരുത്. അവിവാഹിതരായിരിക്കണം. യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷിക്കേണ്ട രീതിയും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളും പരീക്ഷാ സിലബസും ഘടനയും വിശദമായി വെബ്സൈറ്റിൽ വിജ്ഞാപനത്തിലുണ്ട്.
അപേക്ഷ/പരീക്ഷാ ഫീസ് -100 രൂപ (വനിതകൾ, എസ്.സി/എസ്.ടി, ജെ.സി.ഒ/എൻ.സി.ഒ/ഒ.ആർ വിഭാഗങ്ങളിൽപ്പെടുന്നവരുടെ കുട്ടികൾക്കും മറ്റും ഫീസില്ല). https://upsconline.nic.inൽ ഓൺലൈനായി ഡിസംബർ 30 നകം അപേക്ഷിക്കാം.
സെലക്ഷൻ: യു.പി.എസ്.സി പരീക്ഷയിൽ യോഗ്യത നേടുന്നവരെ സർവിസസ് സെലക്ഷൻ ബോർഡ് ടെസ്റ്റും ഇന്റർവ്യൂവും നടത്തി മെരിറ്റ് ലിസ്റ്റ് തയാറാക്കിയാണ് നിയമനം. പുരുഷന്മാർക്കും വനിതകൾക്കും പ്രത്യേക മെരിറ്റ് ലിസ്റ്റുകളുണ്ടാവും.
യു.പി.എസ്.സി പരീക്ഷ 900 മാർക്കിനാണ് (മാത്തമാറ്റിക്സ്, രണ്ടര മണിക്കൂർ, 300 മാർക്ക്, ജനറൽ എബിലിറ്റി ടെസ്റ്റ്, രണ്ടര മണിക്കൂർ, 600 മാർക്ക്) ടെസ്റ്റ്/ഇന്റർവ്യൂ -900 മാർക്ക്.
യു.പി.എസ്.സി പരീക്ഷയിലെ രണ്ട് പേപ്പറുകളിലും ഒബ്ജക്ടീവ് മാതൃകയിലാണ്. ചോദ്യങ്ങൾ ചോദ്യപേപ്പർ ഇംഗ്ലീഷ്, ഹിന്ദി ദ്വിഭാഷകളിലായിരിക്കും.
പരിശീലനം: തെരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള അക്കാദമിക്, കായിക പരിശീലനങ്ങൾ നാഷനൽ ഡിഫൻസ് അക്കാദമി നൽകും. പരിശീലന ചെലവുകൾ സർക്കാർ വഹിക്കും. നേവൽ അക്കാദമിയിൽ പ്രവേശനം നേടുന്നവർക്കുള്ള പരിശീലനം ഏഴിമല നാവിക അക്കാദമിയിലാണ്. വിജയകരമായി പഠന-പരിശീലനങ്ങൾ പൂർത്തിയാക്കുന്നവർക്ക് ബി.എസ്.സി/ബി.എ/ബി.ടെക് ബിരുദവും ലഫ്റ്റനന്റ് പദവിയിൽ ഓഫിസറായി 56,100-1,77,500 രൂപ ശമ്പള നിരക്കിൽ ജോലിയും ലഭിക്കുന്നതാണ്. പരിശീലനകാലം പ്രതിമാസം 56,100 രൂപ സ്റ്റൈപ്പൻഡുണ്ട്. ഒഴിവുകൾ 394 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അവസരം. ഡിസംബർ 30നകം ഓൺലൈനിൽ അപേക്ഷിക്കാം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.