തിരുവനന്തപുരം: മാർച്ച് ഒമ്പതിന് തുടങ്ങുന്ന ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ 4,19,363 പേർ. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇത്തവണ 7106 പേർ കുറഞ്ഞു. കഴിഞ്ഞവർഷം 4,26,469 പേരാണ് പരീക്ഷയെഴുതിയത്. പ്രൈവറ്റ് വിഭാഗത്തിൽ 193 പേരും ഇത്തവണ പരീക്ഷക്കുണ്ട്. കഴിഞ്ഞവർഷം തൊട്ടുമുമ്പത്തെ വർഷത്തെ (4,21,887) അപേക്ഷിച്ച് കുട്ടികളുടെ എണ്ണത്തിൽ വർധന ഉണ്ടായിരുന്നു.
ഇത്തവണ പരീക്ഷയെഴുതുന്നവരിൽ 2,13,802 പേർ ആൺകുട്ടികളും 2,05,561 പേർ പെൺകുട്ടികളുമാണ്. സർക്കാർ സ്കൂളിൽ നിന്ന് 1,40,704 പേരും എയ്ഡഡിൽനിന്ന് 2,51,567 പേരും അൺഎയ്ഡഡിൽനിന്ന് 27,092 പേരും പരീക്ഷയെഴുതും. 1,76,158 പേർ മലയാളം മീഡിയത്തിലും 2,39,881 പേർ ഇംഗ്ലീഷ് മീഡിയത്തിലും 1283 പേർ തമിഴിലും 2041 പേർ കന്നടയിലുമാണ് പരീക്ഷയെഴുതുന്നത്. 2960 കേന്ദ്രങ്ങളിലായാണ് പരീക്ഷ. ഗൾഫിൽ എട്ട് സ്കൂളുകളിലായി 518 പേരും ലക്ഷദ്വീപിൽ എട്ട് സ്കൂളുകളിലായി 289 പേരും പരീക്ഷയെഴുതും. മലപ്പുറം എടരിക്കോട് പി.കെ.എം.എം.എച്ച്.എസിലാണ് കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതുന്നത്-1,876 പേർ. കുറവ് മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ രണ്ടാർക്കര എച്ച്.എം.എച്ച്.എസ്.സിലും-ഒരാൾ.
ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതുന്ന റവന്യൂ ജില്ല മലപ്പുറമാണ്-77,989 പേർ. കുറവ് പത്തനംതിട്ട ജില്ലയിലും-10,218 പേർ. കൂടുതൽ പേർ പരീക്ഷയെഴുതുന്ന വിദ്യാഭ്യാസ ജില്ലയും മലപ്പുറമാണ്- 27,328 പേർ. കുറവ് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ-2,003 പേർ.പാലക്കാട് ഒഴികെ എല്ലാ ജില്ലകളിലും കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് കുട്ടികൾ കുറഞ്ഞു.
മാർച്ച് ഒമ്പത് മുതൽ 29 വരെയാണ് പരീക്ഷ. ഐ.ടി പ്രാക്ടിക്കൽ പരീക്ഷക്ക് ബുധനാഴ്ച തുടക്കമായി. ഫെബ്രുവരി 25ന് അവസാനിക്കും. മാതൃക പരീക്ഷ ഫെബ്രുവരി 27ന് തുടങ്ങി മാർച്ച് മൂന്നിന് അവസാനിക്കും.ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ മാർച്ച് 10ന് തുടങ്ങി 30ന് അവസാനിക്കും. മാതൃകാപരീക്ഷ ഫെബ്രുവരി 27ന് തുടങ്ങി മാർച്ച് മൂന്നിന് അവസാനിക്കും.
ജില്ല തിരിച്ച്:
തിരുവനന്തപുരം 34,704
കൊല്ലം 30,370
പത്തനംതിട്ട 10,218
ആലപ്പുഴ 21,444
കോട്ടയം 18,928
ഇടുക്കി 11,325
എറണാകുളം 31,776
തൃശൂർ 34,216
പാലക്കാട് 38,920
മലപ്പുറം 77,989
കോഴിക്കോട് 43,118
വയനാട് 11,821
കണ്ണൂർ 35,013
കാസർകോട് 19,521
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.