സി.യു.ഇ.ടി -യു.ജി ഇനി അടിമുടി മാറും; പരീക്ഷ പൂർണമായും ഓൺലൈൻ വഴി, വിദ്യാർഥികൾക്ക് 12ാം ക്ലാസിൽ പഠിക്കാത്ത വിഷയവും തെരഞ്ഞെടുക്കാം

ന്യൂഡൽഹി: വിവിധ സർവകലാശാലകളിലെ ബിരുദ പ്രവേശന പരീക്ഷയായ സി.യു.ഇ.ടി -യു.ജി പരീക്ഷയിൽ പരിഷ്‍കാരങ്ങളുമായി യു.ജി.സി. ഹൈബ്രിഡ് മോഡിൽ നിന്ന് മാറി അടുത്തവർഷം മുതൽ സി.യു.ഇ.ടി യു.ജി പരീക്ഷകൾ കംപ്യൂട്ടർ അടിസ്ഥാനത്തിലായിരിക്കുമെന്ന് യു.ജി.സി അറിയിച്ചു. മാത്രമല്ല, 12ാം ക്ലാസിൽ പഠിച്ച വിഷയങ്ങൾ പരിഗണിക്കാതെ വിദ്യാർഥികൾക്ക് ഏത് വിഷയവും എഴുതാനും അനുവാദം നൽകുമെന്ന് യു.ജി.സി ചെയർപേഴ്സൺ എം. ജഗദേശ് കുമാർ പറഞ്ഞു. വിഷയങ്ങളുടെ എണ്ണം 63ൽ നിന്ന് 37 ആക്കി കുറക്കുകയും ചെയ്യും. ഒഴിവാക്കിയ വിഷയങ്ങളിലേക്കുള്ള പ്രവേശനം ജനറൽ ആപ്റ്റിറ്റ്യൂട്ട് ടെസ്റ്റ് സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും.

മുൻ വർഷങ്ങളിൽ ലഭിച്ച ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തിൽ പരീക്ഷ നടപടികൾ മെച്ചപ്പെടുത്താനും സി.യു.ഇ.ടി വിദ്യാർഥികൾക്ക് ഏറ്റവും അനുഗുണവുമാക്കാനുള്ള ശ്രമത്തിലായിരുന്നുവെന്നും ജഗദേശ് കുമാർ ദ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് 2025ലെ സി.യു.ഇ.ടി പരീക്ഷ നടത്തിപ്പ് അവലോകനം ചെയ്യാനായി യു.ജി.സി വിദഗ്ധ സമിതിയെ രൂപീകരിച്ചത്. പരീക്ഷയുടെ ഘടന, പേപ്പറുകളുടെ എണ്ണം, സിലബസ് എന്നിങ്ങനെ വിവിധ വശങ്ങൾ സമിതി പരിശോധിക്കുകയുണ്ടായി. 2024 നവംബർ 13 ന് ചേർന്ന യോഗത്തിലാണ് യു.ജി.സി സമിതിയുടെ ശുപാർശകൾ പരിഗണിച്ചത്. മൂല്യനിർണയനടപടികൾ വേഗത്തിലും സുതാര്യവുമാക്കും.

ഇതുവരെ 33 ഭാഷകളിലായിരുന്നു പരീക്ഷ നടത്തിയിരുന്നത്. അതിനി 13 ഭാഷകളിലേക്കായി ചുരുങ്ങും. അസമീസ്, ബംഗാളി, ഇംഗ്ലീഷ്, ഗുജറാത്തി, ഹിന്ദി, കന്നഡ, മലയാളം, മറാത്തി, പഞ്ചാബി, ഒഡിയ, തമിഴ്, തെലുങ്കു, ഉർദു ഭാഷകളിലാണ് ചോദ്യപേപ്പർ ലഭ്യമാകുക. ഡൊമെയ്ൻ നിർദിഷ്ട വിഷയങ്ങൾ 29ൽ നിന്ന് 23 ആയി കുറക്കുകയും ചെയ്തു. സംരംഭകത്വം, അധ്യാപന അഭിരുചി, ഫാഷൻ സ്റ്റഡീസ്, ടൂറിസം, നിയമപഠനം, എൻജിനീയറിങ് ഗ്രാഫിക്സ് എന്നിവയാണ് ഡൊമെയ്ൻ-നിർദിഷ്ട പേപ്പറുകൾ.

എല്ലാ പേപ്പറുകളുടെയും പരീക്ഷ ദൈർഘ്യം 60 മിനിറ്റാണ്. അതിനാൽ എല്ലാപേപ്പറുകൾക്കും തുല്യഎണ്ണം ചോദ്യങ്ങളാണുണ്ടാവുക. പരീക്ഷയിലെ ഓപ്ഷനൽ ചോദ്യങ്ങളും ഒഴിവാക്കി. നാഷനൽടെസ്റ്റിങ് ഏജൻസിയാണ് സി.യു.ഇ.ടി പരീക്ഷ നടത്തുന്നത്. ഡൽഹി യൂനിവേഴ്സിറ്റി, ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി, അലഹബാദ് യൂനിവേഴ്സിറ്റി എന്നിവയുൾപ്പെടെ 46 കേന്ദ്രസർവകലാശാലകളിലെ ബിരുദ പ്രവേശനമാണ് സി.യു.ഇ.ടി പരീക്ഷ വഴി നടക്കുന്നത്. 2024ൽ മേയ് 15 മുതൽ 31 വരെ ഒന്നിലേറെ ഷിഫ്റ്റുകളിലായാണ് പരീക്ഷ നടന്നത്. ജൂൺ 30ന് ഫലം പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും വൈകി.

2022 മുതലാണ് സി.യു.ഇ.ടി പരീക്ഷ തുടങ്ങിയത്. ആ വർഷം സാ​​​​ങ്കേതിക പ്രശ്നങ്ങൾ മൂലം പരീക്ഷഫലം വൈകുകയും ചെയ്തിരുന്നു.മണിപ്പൂർ സംഘർഷത്തെ തുടർന്ന് കഴിഞ്ഞ വർഷത്തെ ഫലപ്രഖ്യാപനവും നീണ്ടുപോയി.


Tags:    
News Summary - CUET UG to be fully online, students can choose any subject: UGC chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.