സി.ബി.എസ്​.ഇ പന്ത്രണ്ടാം ക്ലാസ്​ പരീക്ഷ നടത്തണോയെന്നതിൽ നാളെ തീരുമാനം

ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾക്കും പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷകൾക്കുമുള്ള നിർദേശങ്ങൾ ചർച്ച ചെയ്യുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലെയും, കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാർ, വിദ്യാഭ്യാസ സെക്രട്ടറിമാർ, സംസ്ഥാന പരീക്ഷാ ബോർഡുകളുടെ ചെയർപേഴ്‌സൺമാർ, എന്നിവരുമായി കേന്ദ്ര സർക്കാർ നാളെ ഉന്നതതല വെർച്വൽ യോഗം നടത്തും.

പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേശ് പൊഖ്രിയാൽ 'നിഷാങ്ക്', കേന്ദ്ര വനിതാ-ശിശു മന്ത്രി ശ്രീമതി.സ്മൃതി സുബിൻ ഇറാനിയും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ പ്രകാശ് ജാവദേക്കറും പങ്കെടുക്കും.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേശ് ശ്രീ. പൊഖ്രിയാൽ 'നിഷാങ്ക്' സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും എഴുതിയ കത്തിൽ, സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ്, വിദ്യാഭ്യാസ മന്ത്രാലയം, സി.ബി.എസ്.ഇ എന്നിവ പരീക്ഷകൾ നടത്തുന്നത് സംബന്ധിച്ച സാധ്യതകൾ പരിശോധിക്കുന്നുണ്ടെന്ന് അറിയിച്ചു.വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷയും സംരക്ഷണവും കണക്കിലെടുത്താകും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള പരീക്ഷകളുടെ തീയതിക്ക് അന്തിമരൂപം നൽകുകയെന്ന് അദ്ദേഹം വ്യക്തമാക്കി .

കോവിഡ് -19 മഹാമാരി വിദ്യാഭ്യാസ മേഖല ഉൾപ്പെടെയുള്ള വിവിധ മേഖലകളെ, പ്രത്യേകിച്ച് ബോർഡ് പരീക്ഷകളെയും പ്രവേശന പരീക്ഷകളെയും ബാധിച്ചിട്ടുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട് . നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, മിക്കവാറും എല്ലാ സംസ്ഥാന വിദ്യാഭ്യാസ ബോർഡുകളും സി.ബി.എസ്.ഇയും ഐ.സി.എസ്.ഇയും അവരുടെ ഇക്കൊല്ലത്തെ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ നീട്ടിവെച്ചിട്ടുണ്ട്. അതുപോലെ, ദേശീയ ടെസ്റ്റിംഗ് ഏജൻസിയും (എൻ.‌ടി‌.എ) മറ്റ് ദേശീയ പരീക്ഷ നടത്തുന്ന സ്ഥാപനങ്ങളും പ്രൊഫഷണൽ കോഴ്‌സുകൾക്കുള്ള പ്രവേശന പരീക്ഷയും മാറ്റിവച്ചിട്ടുണ്ട്.

പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ നടത്തിപ്പ് രാജ്യത്തുടനീളമുള്ള സംസ്ഥാന ബോർഡ് പരീക്ഷകളെയും മറ്റ് പ്രവേശന പരീക്ഷകളെയും ബാധിക്കുകയും വിദ്യാർത്ഥികൾക്കിടയിലെ അനിശ്ചിതത്വം കുറയ്ക്കുകയും ചെയ്യുമെന്നതിനാൽ വിവിധ സംസ്ഥാന സർക്കാറുകളുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കി രാജ്യത്തുടനീളമുള്ള എല്ലാ വിദ്യാർത്ഥികളുടെയും താൽപ്പര്യപ്രകാരം പന്ത്രണ്ടാം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷയെക്കുറിച്ച് തീരുമാനം എടുക്കുന്നതാണ്​ അഭികാമ്യമെന്ന നിലപാടിലേക്ക്​ കേന്ദ്രസർക്കാർ എത്തിയിട്ടുണ്ട്​. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, മറ്റുള്ളവർ എന്നിവരിൽ നിന്നും ട്വിറ്ററിലൂടെയും ശ്രീ. പൊഖ്രിയാൽ വിവരങ്ങൾ തേടിയിട്ടുണ്ട്.

Tags:    
News Summary - CBSE 12th Boards, NEET, JEE Main: Govt to Take Final Call on Exams Tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.