തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളജുകളില്‍ നടക്കുന്ന സി.യു-എഫ്.വൈ.യു.ജി.പി ഒന്നാം സെമസ്റ്ററിലെ ചില പരീക്ഷകള്‍ ക്വസ്റ്റ്യന്‍ ബാങ്ക് അധിഷ്ഠിതമാക്കിയുള്ള ഓട്ടോമേറ്റഡ് ക്വസ്റ്റ്യൻ പേപ്പര്‍ സോഫ്റ്റ് വെയറിന്റെ സാങ്കേതികത ഉപയോഗപ്പെടുത്തിയാണെന്ന് പരീക്ഷ സ്ഥിരംസമിതി കണ്‍വീനര്‍ ഡോ. ടി. വസുമതിയും കണ്ട്രോളര് ഡോ. പി. സുനോജ് കുമാറും അറിയിച്ചു.
സി.യു-എഫ്.വൈ.യു.ജി.പി 2024 ലെ റഗുലേഷനില്‍ പറഞ്ഞിരിക്കുന്ന സുപ്രധാന നിർദേശങ്ങളിലൊന്നായിരുന്നു ക്വസ്റ്റ്യന്‍ ബാങ്ക് അധിഷ്ഠിത പരീക്ഷ നടത്തിപ്പ്. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍വകലാശാലയുടെ ചരിത്രത്തില്‍ ആദ്യമായി ചോദ്യക്കടലാസുകള്‍ ‘സി.യു. എക്സാം സ്യൂട്ട്’ സോഫ്റ്റ് വെയര്‍ സംവിധാനത്തിലൂടെ തയാറാക്കി പരീക്ഷകള്‍ ആരംഭിച്ചത്. കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറ്കടര്‍ ഡോ. സുസ്മിത ഡേ, അക്കാദമിക് കൗണ്‍സിലംഗവും കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപകനുമായ ഡോ. ജിജു എം. മാത്യു, സോഫ്റ്റ് വെയര്‍ ടെക്നിക്കല്‍ ടീമിലെ മറ്റ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം അധ്യാപകര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള കോളജ് അധ്യാപകര്‍, സര്‍വകലാശാല ജീവനക്കാര്‍ എന്നിവരടങ്ങുന്ന സംഘം മാസങ്ങളോളം പരിശ്രമിച്ചാണ് ഈ നേട്ടം കൈവരിച്ചത്.
വിവിധ വിഷയങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള പരീക്ഷാ സമിതികള്‍, അതത് വിഷയങ്ങളുടെ അംഗീകൃത സിലബസുകളെ മുന്‍നിര്‍ത്തിയാണ് ആയിരത്തോളം അധ്യാപകരുടെ മേല്‍നോട്ടത്തില്‍ ക്വസ്റ്റ്യന്‍ ബാങ്കുകള്‍ തയാറാക്കിയത്. ചോദ്യക്കടലാസ് തയാറാക്കുന്നവര്‍, ഇത് പരിശോധിക്കുന്നവര്‍, കോഓഡിനേറ്റര്‍ എന്നിങ്ങനെ മൂന്ന് തലങ്ങളില്‍ സൂക്ഷ്മ പരിശോധനകള്‍ക്ക് വിധേയമാകുന്ന തരത്തിലാണ് ഓരോ പേപ്പറും 400 വീതം വരുന്ന ചോദ്യങ്ങള്‍ തയാറാക്കിയിരിക്കുന്നതെന്ന് ക്വസ്റ്റ്യന്‍ ബാങ്ക് കമ്മിറ്റി കണ്‍വീനറും സിന്‍ഡിക്കേറ്റംഗവുമായ അഡ്വ. എല്‍.ജി. ലിജീഷ് അറിയിച്ചു.
ഓരോ പരീക്ഷാ സമിതിയും ഓരോ പേപ്പറിനും 400ല്‍ കുറയാത്ത ചോദ്യങ്ങള്‍ മൂന്ന് ഘട്ടങ്ങളിലൂടെയുള്ള പരിശോധനകള്‍ക്ക് ശേഷം സര്‍വകലാശാല സ്വന്തം സെര്‍വറിലേക്ക് ശേഖരിക്കുന്നതിലൂടെയാണ് ക്വസ്റ്റ്യന്‍ ബാങ്ക് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമാകുന്നത്. സെര്‍വറില്‍ സൂക്ഷിച്ചിരിക്കുന്ന ചോദ്യങ്ങളില്‍നിന്നാണ് സര്‍വകലാശാലയുടെ പുറത്ത് സേവനം അനുഷ്ഠിക്കുന്ന അധ്യാപകരുടെ മേല്‍നോട്ടത്തിൽ പരീക്ഷാഭവനിലെ കോണ്‍ഫിഡന്‍ഷ്യന്‍ വിങ് മൂന്ന് വീതം ചോദ്യപ്പേപ്പറുകള്‍ തയാറാക്കുന്നത്.
തയാറാക്കപ്പെട്ട ചോദ്യപ്പേപ്പറുകള്‍ അധ്യാപകര്‍ സൂക്ഷ്മപരിശോധന നടത്തിയ ശേഷം പരീക്ഷാഭവനില്‍നിന്ന് കോളജുകളിലേക്ക് എത്തിക്കുന്നതാണ് ‘സി.യു എക്സാം സ്യൂട്ട്’ സോഫ്റ്റ് വെയറിന്റെ പ്രവര്‍ത്തനമെന്ന് ഡോ. ജിജു മാത്യു പറഞ്ഞു. വരും സെമസ്റ്ററുകളില്‍ സി.യു-എഫ്.വൈ.യു.ജി.പി ഉള്‍പ്പെടെ എല്ലാ പരീക്ഷകളും സോഫ്റ്റ് വെയറിന്റെ അടിസ്ഥാനത്തിലാകും നടത്തുകയെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.