തിരുവനന്തപുരം: എന്നും അധ്വാനം മാത്രം ബാക്കിയാകുന്ന മലയോര കർഷക കുടുംബത്തിന്റെ വറുതിയിൽ നിന്നൊരു രക്ഷാപ്രതീക്ഷയായിരുന്ന കാർഷിക ബിരുദ സ്വപ്നം, ഫീസടക്കാനില്ലാത്തതിനാൽ മതിയാക്കുകയാണവൻ. 15000 രൂപ സെമസ്റ്റർ ഫീസെന്ന വിജ്ഞാപനം കണ്ട് തിരുവനന്തപുരം വെള്ളായണി ഗവ.കാർഷിക കോളജിൽ ബി.എസ് സി അഗ്രികൾച്ചർ ബിരുദത്തിന് ചേർന്ന അർജുനെന്ന വിദ്യാർഥിയാണ്, അര ലക്ഷമാണ് പുതുക്കിയ ഫീസെന്ന് തിരിച്ചറിഞ്ഞ് ടി.സി വാങ്ങി വീട്ടിലേക്ക് മടങ്ങുന്നത്. കോഴിക്കോട് താമരശ്ശേരി പുതുപ്പാടി വാണിക്കരവീട്ടിൽ അർജുനെന്ന വിദ്യാർഥി, ടി.സിയും കാണിച്ച് സമൂഹമാധ്യമത്തിൽ പങ്കുവെച്ച വിഡിയോയിൽ വിവരിക്കുന്ന തന്റെ നിസ്സഹായാവസ്ഥ നൊമ്പരമുണർത്തുന്നതാണ്.
‘‘പുതുക്കിയ ഫീസിൽ കോഴ്സ് പൂർത്തിയാക്കാൻ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞാണ് ടി.സി വാങ്ങുന്നത്. എന്നെപ്പോലെ ഒരുപാടു പേർക്ക് താങ്ങാവുന്നതിനും അപ്പുറമാണ് ഈ ഫീസ്. നീറ്റിൽ നല്ല റാങ്ക് നേടി സർക്കാർ കോളജിൽ പ്രവേശനം നേടുന്നവരിൽനിന്ന് സ്വകാര്യ കോളജുകളിലെ ഫീസ് ഈടാക്കുന്നത് ന്യായമാണോ ? -അർജുൻ സങ്കടത്തോടെ ചോദിക്കുന്നു. സെമസ്റ്ററിന് 15,000 രൂപ ഫീസെന്ന് വിജ്ഞാപനത്തിൽ കണ്ടാണ് ബിരുദ കോഴ്സിന് ചേരാൻ അപേക്ഷ നൽകിയത്. മെറിറ്റിൽ വെള്ളായണി കാർഷിക കോളജിൽ പ്രവേശനം ലഭിച്ചത് ഇരട്ടി സന്തോഷമായി. എന്നാൽ, കോഴ്സിന് ചേർന്ന ശേഷമാണ് സെമസ്റ്റർ ഫീസ് 50,000 രൂപയായി വർധിപ്പിച്ചത് അറിയുന്നത്. സാധാരണ കർഷക കുടുംബാംഗമായ തനിക്ക് ഈ ഫീസിൽ എട്ട് സെമസ്റ്റർ പൂർത്തിയാക്കാനാവില്ലെന്ന് മനസ്സിലാക്കി അർജുൻ വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
അച്ഛൻ സത്യരാജനും അമ്മ ബീനയും ചെറുകിട കർഷകരാണ്. കുട്ടിക്കാലം മുതൽ കൃഷിയുമായി അടുപ്പമുള്ളതുകൊണ്ടാണ് ഉന്നത പഠനത്തിനും ആ വിഷയം തന്നെ മതിയെന്ന് തീരുമാനിച്ചത്. കാർഷിക സർവകലാശാലയുടെ കീഴിലെ തൃശൂർ, തിരുവനന്തപുരം, കാസർകോട്, വയനാട് ജില്ലകളിലെ കോളജുകളിലായി നാനൂറിലധികം വിദ്യാർഥികൾ ബി.എസ്സി അഗ്രികൾച്ചറൽ കോഴ്സ് പഠിക്കുന്നുണ്ട്.
ഫീസ് വർധിപ്പിച്ചതോടെ എട്ട് സെമസ്റ്റർ പൂർത്തിയാക്കാൻ നാലുലക്ഷം രൂപ ചെലവഴിക്കേണ്ടി വരും. ഹോസ്റ്റൽ ഫീസ് ഉൾപ്പെടെ മറ്റ് ചെലവുകൾക്കായി വേറെയും തുക കണ്ടെത്തണം. സാധാരണ കുടുംബത്തിൽനിന്നുള്ളവർക്ക് താങ്ങാനാകാത്ത ഫീസാണിതെന്നും അർജുൻ പറയുന്നു. കേരള കാർഷിക സർവകലാശാല കഴിഞ്ഞ മാസം ആദ്യമാണ് നാലുവർഷ ഡിഗ്രി കോഴ്സുകളുടെ ഫീസ് 350 ശതമാനം വരെ വർധിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.