പരീക്ഷാ ഹാളിൽ ചെലവിട്ടത് 13 മണിക്കൂർ; ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ പരീക്ഷയെഴുതി കൊറിയൻ വിദ്യാർഥികൾ

ല്ലാ നവംബറിലും ദക്ഷിണ കൊറിയയിലെ വിദ്യാർഥികൾ കോളജ് പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷയുടെ തിരക്കിലായിരിക്കും. അവർക്ക് സുഖകരമായി പരീക്ഷയെഴുതാനായി ശബ്ദങ്ങളൊന്നുമില്ലാതിരിക്കാൻ കടകളെല്ലാം അടച്ചിടും. വിമാനസർവീസുകൾ വൈകിക്കും. പ്രഭാതത്തിന് പോലും മന്ദമായ താളമായിരിക്കും. അന്നത്തെ ദിവസം പൂർണമായി ആ കുട്ടികൾക്കായി നീക്കിവെച്ചതായിരിക്കും. ആശ്വാസത്തോടെ പരീക്ഷയെഴുതി ഉച്ച കഴിഞ്ഞ് അവർ പരീക്ഷാഹാളിൽ നിന്ന് പുറത്തിറങ്ങുമ്പോഴേക്കും കുടുംബാംഗങ്ങൾ പുറത്ത് കാത്തിരിപ്പുണ്ടാകും. എന്നാൽ എല്ലാവർക്കും ആ സമയത്ത് പുറത്തിറങ്ങാൻ സാധിക്കാറില്ല. ഇരുട്ട് പരന്നിട്ടും പരീക്ഷ എഴുതി തീരാത്തവർ ഉണ്ടാകും. ചിലർ രാത്രി വരെ ഇരിക്കും. അവർ അന്ധവിദ്യാർഥികളായിരിക്കും. 'സുനെങ്' എന്ന പേരിൽ അറിയപ്പെടുന്ന ഈ കോളജ് പ്രവേശന പരീക്ഷയെഴുതാനായി അവർ 12 മണിക്കൂറിലേറെ സമയം ചെലവഴിക്കും.

ഇന്ന് ദക്ഷിണ കൊറിയയിലെ അഞ്ചരലക്ഷത്തിലേറെ വിദ്യാർഥികളാണ് ഈ പരീക്ഷ അഭിമുഖീകരിച്ചത്. ഏഴ് വർഷത്തിനിടെ ആദ്യമായാണ് ഇത്രയധികം വിദ്യാർഥികൾക്ക് ഈ എൻട്രൻസ് പരീക്ഷ എഴുതുന്നത്. അബ്രിവിയേഷൻ ഫോർ കോളജ് സ്കോളസ്റ്റിക് എബിലിറ്റി ടെസ്റ്റ്(സി.എസ്.എ.ടി)എന്നാണ് പരീക്ഷയുടെ പേര്.

വിദ്യാർഥികൾ യൂനിവേഴ്സിറ്റി പഠനത്തിന് അഭികാമ്യരാണോ എന്നത് മാത്രമല്ല, ജോലി​ സാധ്യതകൾ, വരുമാനം, ഭാവിയിലെ ബന്ധങ്ങ​ൾ എന്നിവയെ കുറിച്ചും അളക്കുന്നതായിരിക്കും.

വിദ്യാർഥികൾ തിരഞ്ഞെടുക്കുന്ന വിഷയങ്ങളെ ആശ്രയിച്ച് കൊറിയൻ, ഗണിതം, ഇംഗ്ലീഷ്, സാമൂഹിക അല്ലെങ്കിൽ പ്രകൃതി ശാസ്ത്രം, ഒരു അധിക വിദേശ ഭാഷ, ഹഞ്ച (കൊറിയൻ ഭാഷയിൽ ഉപയോഗിക്കുന്ന ക്ലാസിക്കൽ ചൈനീസ് പ്രതീകങ്ങൾ) എന്നിവയിലായി ഏകദേശം 200 ചോദ്യങ്ങൾക്ക് ഉത്തരം എഴുതണം.

മിക്ക വിദ്യാർഥികൾക്കും എട്ടു മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ പരീക്ഷ ഒരു മാരത്തൺ പോലെയാണ്. അവർക്ക് സുനെങ് പരീക്ഷ രാവിലെ 8.40ന് തുടങ്ങി. വൈകീട്ട് 5.40ന് അവസാനിക്കും. എന്നാൽ ഗുരുതര കാഴ്ച വൈകല്യമുള്ളവർക്ക് സ്റ്റാൻഡേർഡ് പരീക്ഷാ ദൈർഘ്യത്തിന്റെ 1.7 മടങ്ങ് അധികമായി അനുവദിക്കും. അവർ അധികമായി ഏതെങ്കിലും വിദേശ ഭാഷാ വിഭാഗം എടുത്തിട്ടുണ്ടെങ്കിൽ പരീക്ഷ കഴിയാൻ 13 മണിക്കൂർ എടുക്കും. പരീക്ഷയുടെ ഇടവേളയിൽ ലഞ്ച്ബ്രേക്ക് പോലുമുണ്ടാകില്ല. ​ബ്രെയ്‍ലി പേപ്പറുകളുടെ വലിപ്പവും പരീക്ഷാദൈർഘ്യത്തിന്റെ കാരണമാണ്. ഓരോ വാക്യവും ചിഹ്നങ്ങളും ഡയഗ്രവും അടക്കം ബ്രെയ്‍ലി ലിപിയിൽ രേഖപ്പെടുത്തുമ്പോൾ പരീക്ഷ ചോദ്യപേപ്പർ സാധാരണയുള്ളതിനേക്കാൾ ഒമ്പതു മടങ്ങ് കട്ടി കൂടിയതാകും.

കഴിഞ്ഞ വർഷം രാജ്യവ്യാപകമായി 111 അന്ധരായ അപേക്ഷകർ ഉണ്ടായിരുന്നു.പരീക്ഷയുടെ ദൈർഘ്യമല്ല ഇവർക്ക് ഏറെ ബുദ്ധിമുട്ട്. പഠനസാമഗ്രികൾ കിട്ടാക്കനിയാകുന്നതാണ്. കാഴ്ചയുള്ള വിദ്യാർഥികൾക്കായി തയാറാക്കിയ പാഠപുസ്തകങ്ങൾ ഇവർക്ക് കിട്ടില്ല. കാരണം അതിന്റെ ബ്രെയിൽ പതിപ്പുകൾ ലഭ്യമല്ല. പഠന സാമഗ്രികൾ ഓഡിയോ ആക്കി മാറ്റുന്നതിന് ടെക്സ്റ്റ് ഫയലുകൾ ആവശ്യമാണ്. ഓൺലൈൻ ക്ലാസുകളും അന്ധവിദ്യാർഥികൾക്ക് ബുദ്ധിമുട്ടാണ്. ഡയഗ്രങ്ങളും ഗ്രാഫിക്സുകളും ഓഡിയോയിലൂടെ ഫോളോ ചെയ്യാൻ കഴിയില്ല. ബ്രെയിൽ പാഠപുസ്തകങ്ങളുടെ പതിപ്പുകൾ കിട്ടാൻ വൈകുന്നതാണ് മറ്റൊരു തടസ്സം. അന്ധവിദ്യാർഥികൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് വ​ളരെ വൈകിയാണ് പഠന സാമഗ്രികൾ ലഭിക്കുക. 

Tags:    
News Summary - Blind students sit 13 hour college entry exam in South Korea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.