കുത്തനെ കൂട്ടി ‘കീം’ അപേക്ഷാഫീസ്: ഒറ്റ ഫീസിൽ രണ്ട്​ കോഴ്​സ്​ അവസരം നിർത്തലാക്കി

തിരുവനന്തപുരം: മെഡിക്കൽ, എൻജിനീയറിങ്​, ആർക്കിടെക്​ചർ, ഫാർമസി കോഴ്​സുകളിൽ പ്രവേശനത്തിനുള്ള കീം അപേക്ഷാഫീസിൽ വർധന. ജനറൽ വിഭാഗത്തിനും എസ്​.സി വിഭാഗത്തിനും ഫീസ്​ വർധിപ്പിച്ചു​. വ്യത്യസ്ത കോഴ്​സുകൾക്ക്​ ഒന്നിച്ച്​ ഫീസടച്ച്​ അപേക്ഷിക്കുന്ന രീതിയും നിർത്തലാക്കി. എൻജിനീയറിങ്​, ഫാർമസി കോഴ്സുകൾക്ക്​ കഴിഞ്ഞ വർഷം 875 രൂപയായിരുന്നത്​ ഇത്തവണ 925 രൂപയാക്കി. എസ്​.സി വിഭാഗത്തിന്‍റെ ഫീസ്​ 375ൽനിന്ന്​ 400 രൂപയാക്കി.

കഴിഞ്ഞവർഷം എൻജിനീയറിങ്ങിനും ഫാർമസിക്കും ജനറൽ വിഭാഗത്തിന്​ ഒന്നിച്ച്​ 1125 രൂപ അടച്ച്​ അപേക്ഷിക്കാമായിരുന്നു. ഇത്തവണ ഇത്​ വെവ്വേറെ 925 രൂപ അടച്ച്​ അപേക്ഷിക്കണം. എസ്​.സി വിഭാഗത്തിന്​ രണ്ട്​ കോഴ്​സുകൾക്കും ഒന്നിച്ച്​ 500 രൂപ അടച്ച്​ അപേക്ഷിക്കാമായിരുന്നത്​ ഇത്തവണ 400 രൂപ വീതം വെവ്വേറെ അടക്കണം. മെഡിക്കൽ, അനുബന്ധ കോഴ്​സുകൾക്കും ആർക്കിടെക്​ചറിനും കഴിഞ്ഞവർഷം ജനറൽ വിഭാഗത്തിന്​ 625 രൂപ ഫീസുണ്ടായിരുന്നത്​ ഇത്തവണ 650 രൂപയാക്കി. എസ്​.സി വിഭാഗത്തിന്​ ഇത്​ 250 രൂപയുള്ളത്​ 260 ആക്കി.

എൻജിനീയറിങ്​, മെഡിക്കൽ സ്​ട്രീമുകളിലെ കോഴ്​സുകൾക്ക്​ കഴിഞ്ഞവർഷം 1125 രൂപ അടച്ച്​ ഒന്നിച്ച്​ അപേക്ഷിക്കാൻ അവസരമുണ്ടായിന്നു. ഇത്തവണ അതും നിർത്തലാക്കി. പകരം രണ്ടിനും വെവ്വേറെ (925, 650 രൂപ) ഫീസടച്ച്​ അപേക്ഷിക്കണം. ഫലത്തിൽ ഒന്നിലധികം സ്​ട്രീമുകളിലെ കോഴ്​സുകളിൽ അപേക്ഷിക്കുന്നവർക്ക്​ ഇരട്ടിയാണ്​ ഫീസ്​ വർധന. യു.എ.ഇ പരീക്ഷാകേന്ദ്രമായി അപേക്ഷിക്കുന്നവർ അധികം അടക്കേണ്ട തുക 15,000ൽനിന്ന് 16,000 ആയി വർധിപ്പിച്ചു​.

എന്നാൽ, കഴിഞ്ഞ വർഷംവരെ എൻജിനീയറിങ്ങിനും ഫാർമസിക്കും ഒന്നിച്ച്​ ഫീസടച്ചതിൽ ഫാർമസി പരീക്ഷ എഴുതാത്തവരുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ്​ ഓരോ പരീക്ഷക്കും വെവ്വേറെ ഫീസ്​ ചുമത്തിയതെന്ന്​ പ്രവേശനപരീക്ഷ കമീഷണറേറ്റ് വിശദീകരിക്കുന്നു.

Tags:    
News Summary - application fee hike KEAM 2026 registration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.