തൃശൂർ: ഫീസ് വർധന, ഡി.എ അനുവദിക്കാതിരിക്കൽ, ആനുകൂല്യങ്ങൾ നൽകാതിരിക്കൽ തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർഥികളും അധ്യാപകരടക്കം ജീവനക്കാരും പെൻഷൻകാരും ഒരുപോലെ സമരത്തിന് ഇറങ്ങിയതോടെ കാർഷിക സർവകലാശാല പ്രവർത്തനം താളം തെറ്റി. അക്കാദമിക് പ്രവർത്തനങ്ങളും ഗവേഷണങ്ങളും അവതാളത്തിലാണ്.
സർവകലാശാലക്ക് വരുമാനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാരംഭിച്ച പല സ്വാശ്രയ കോഴ്സുകളിലും ആളില്ലാത്ത അവസ്ഥയുമുണ്ട്. കാലാവസ്ഥ മാറ്റം അടക്കം പ്രശ്നങ്ങൾ നേരിടാൻ കർഷകർക്ക് മാർഗനിർദേശവും മികച്ച വിത്തിനങ്ങളും നൽകാനും കൂടി ചുമതലയുള്ള സർവകലാശാലയിൽ ഇത്തരം ഗവേഷണങ്ങളും വേണ്ടത്ര വേഗതയിൽ നടക്കുന്നില്ല.
വൈസ് ചാൻസലർ ബി. അശോകിനെതിരെയാണ് പ്രതിഷേധമുയരുന്നത്. വിദ്യാർഥി ഫീസ് മൂന്നിരട്ടി വർധിപ്പിച്ചതാണ് ഒടുവിലെ പ്രശ്നം. തുടർന്ന് എസ്.എഫ്.ഐ നേതൃത്വത്തിൽ സർവകലാശാലക്ക് കീഴിലെ കോളജുകളിൽ പഠിപ്പുമുടക്കി സമരം നടക്കുകയാണ്.
സർവകലാശാല എക്സിക്യൂട്ടീവ് കമ്മിറ്റി അനുവാദമില്ലാതെയാണ് ഫീസ് വർധനയെന്ന് കമ്മിറ്റി അംഗങ്ങൾ തന്നെ വ്യക്തമാക്കി. യോഗത്തിൽ തീരുമാനിക്കാത്ത കാര്യങ്ങൾ മിനിറ്റ്സിൽ എഴുതി ചേർത്താണ് വി.സി ഫീസ് വർധന നടപ്പാക്കിയതെന്നും അവർ കുറ്റപ്പെടുത്തുന്നു. ഫീസ് വർധിപ്പിക്കാനുള്ള അധികാരം വി.സിക്ക് നൽകിയെന്ന മിനിറ്റ്സിലെ പരാമർശം തെറ്റാണെന്നും ഇതിനെതിരെ പരാതി നൽകിയിട്ടുണ്ടെന്നും കമ്മിറ്റി അംഗം ‘മാധ്യമ’ത്തോട് പറഞ്ഞു.
ഓണാവധിക്ക് തൊട്ടുമുമ്പാണ് ബിരുദ വിദ്യാർഥികളുടെ ഫീസ് 12,000ത്തിൽ നിന്ന് 48,000 രൂപയായും പി.ജി. വിദ്യാർഥികളുടേത് 17,845ൽ നിന്ന് 49,500 രൂപയായും പി.എച്ച്.ഡി വിദ്യാർഥികളുടേത് 18,780ൽ നിന്ന് 49,990 രൂപയുമായി വർധിപ്പിച്ചത്.
കാലിക്കറ്റും കേരളയും അടക്കം നാല് ശതമാനം ഫീസ് വർധന വരുത്തിയപ്പോൾ 300 ശതമാനത്തിന് മുകളിലാണ് കാർഷിക സർവകലാശാലയിലെ വർധന. ഇതോടെ ഇവിടെ സർവകലാശാലയിൽ പ്രവേശനം നേടാൻ ആഗ്രഹിച്ച ഒരു വിദ്യാർഥി പിൻവാങ്ങുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
ഓണത്തിന് മുമ്പ് സർക്കാർ പ്രഖ്യാപിച്ച മൂന്ന് ശതമാനം ഡി.എ ജീവനക്കാർക്കും പെൻഷൻകാർക്കും അനുവദിക്കാതിരുന്ന വി.സിയുടെ നടപടിയിൽ അധ്യാപകരും ഗവേഷകരും അടക്കം ജീവനക്കാരും പ്രതിഷേധത്തിലാണ്. ഈ വിഷയം എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വിടുകയാണ് വി.സി ചെയ്തത്.
തൃശൂർ: കാർഷിക സർവകലാശാലയിൽ ഫീസ് കുത്തനെ വർധിപ്പിച്ചതിനെ തുടർന്ന് എസ്.എഫ്.ഐ നേതൃത്വത്തിൽ നടത്തുന്ന സമരം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ചൊവ്വാഴ്ച മന്ത്രിതല ചർച്ച നടക്കും. കൃഷി മന്ത്രി പി. പ്രസാദ്, ഒല്ലൂർ എം.എൽ.എയും റവന്യൂ മന്ത്രിയുമായ കെ. രാജൻ എന്നിവരുടെ സാന്നിധ്യത്തിലാണ് വിദ്യാർഥി പ്രതിനിധികളും സർവകലാശാല അധികൃതരും തിരുവനന്തപുരത്ത് ചർച്ച നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.